കലാപത്തിന് ആഹ്വാനം നടത്തിയ സംവിധായകന്‍ മേജര്‍ രവിക്കെതിരെ പരോക്ഷ
വിമര്‍ശനവുമായി നടനും തിരക്കഥാകൃത്തുമായ മുരളിഗോപി രംഗത്ത്. ‘ഉറങ്ങി’ക്കിടക്കുന്ന ഹിന്ദുക്കളുടെ ശ്രദ്ധയ്ക്ക്’ എന്ന് പേരു പരാമര്‍ശിക്കാതെയാണ് മുരളിഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഉറങ്ങി’ക്കിടക്കുന്ന ഹിന്ദുക്കളുടെ ശ്രദ്ധയ്ക്ക്’, ആരൊക്കെയോ നിങ്ങളെ ‘ഉണര്‍ത്താന്‍’ ശ്രമിക്കുന്നു, ജാഗ്രതൈ മുരളിഗോപി പറഞ്ഞു. ഹിന്ദുക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന മേജര്‍ രവിയുടെ ശബ്ദരേഖ പുറത്തുവന്നതിനുശേഷമാണ് മുരളിഗോപിയുടെ പരാമര്‍ശം.

ആര്‍.എസ്.എസ് സീക്രട്ട് ഗ്രൂപ്പില്‍ മേജര്‍രവി നടത്തിയ കലാപാഹ്വാന പരാമര്‍ശങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഹിന്ദുക്കള്‍ ഉണരണമെന്നും കലാപത്തിന് തയ്യാറെടുക്കണമെന്നുമായിരുന്നു ആഹ്വാനം. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കനത്ത വിമര്‍ശനമാണ് മേജര്‍രവിക്കെതിരെ ഉയര്‍ന്നത്. സംവിധാകന്‍ എം.എ നിഷാദും മേജര്‍രവിക്കെതിരെ രംഗത്തെത്തി. രാജ്യത്തെ മതേതര,ജനാധിപത്യ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണ് മേജര്‍ രവി കാര്‍ക്കിച്ച് തുപ്പിയതെന്ന് നിഷാദ് പറഞ്ഞു. ഈ മനസ്സുമായിട്ടാണല്ലോ നിങ്ങള്‍ രാജ്യത്തേ സേവിച്ചതെന്നറിയുമ്പോള്‍ ഉണ്ടാകുന്ന ഞെട്ടല്‍ ചിന്തിക്കാവുന്നതിനപ്പുറമാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞിരുന്നു. വിവിധ മേഖലകളില്‍ നിന്ന് വിമര്‍ശനമേല്‍ക്കുമ്പോഴും വിഷയത്തില്‍ മേജര്‍ രവി ഇതുവരേയും പ്രതികരിച്ചിട്ടില്ല.