തൃശൂര്‍: മേജര്‍ രവിക്കു പിന്നാലെ വര്‍ഗീയ വിഷം ചീറ്റി സംവിധായകന്‍ പ്രിയദര്‍ശനും. ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചുവെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ആര്‍എസ്എസ് സേവനവിഭാഗമായ സേവാഭാരതിയുടെ സംസ്ഥാനതല സേവാസംഗമം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും ഭീരുത്വമാണെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ആര്‍എസ്എസ് എന്ന് അദ്ദേഹം പറഞ്ഞു. മറ്റു രാജ്യക്കാരും ജാതിക്കാരുമെല്ലാം ഇന്ത്യയില്‍ തഴച്ചു വളര്‍ന്നത് ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും മര്യാദയും കൊണ്ടാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
നേരത്തെ സമാനരീതിയില്‍ വര്‍ഗീയ പരാമര്‍ശവുമായി സംവിധായകന്‍ മേജര്‍ രവി രംഗത്തുവന്നിരുന്നു. ഹിന്ദുക്കള്‍ ഉണരണമെന്നും ഇനിയും ഉണരാന്‍ തയാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരുമെന്നുമായിരുന്നു മേജര്‍രവിയുടെ പ്രസ്താവന. ആര്‍എസ്എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന ശബ്ദരേഖയിലായിരുന്നു മേജര്‍ രവിയുടെ കലാപാഹ്വാനം.
താന്‍ രാവിലെ കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്ന് പറഞ്ഞ് തുടങ്ങുന്ന സംസാരത്തിലാണ് സംസ്ഥാനത്ത് ഹിന്ദുക്കള്‍ ഉണരണമെന്ന് ആഹ്വാനം ചെയ്യുന്നത്. ഇന്നവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറിക്കൂടിയിരിക്കുന്നു. നാളെ വീട്ടിലും കയറും. ഇതുവരെ ഞാനൊറ്റക്കായിരുന്നു. എന്നാല്‍ ഇനി എല്ലാവരും കൂടി പുറത്തിറങ്ങുന്ന സമയത്തു മാത്രമേ താനും പുറത്തിറങ്ങൂവെന്നും മേജര്‍ രവി പറയുന്നു.