കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്ലില്‍ തീപ്പൊരി പ്രസംഗവുമായി നടന്‍ പ്രകാശ് രാജ്. ഇപ്പോള്‍ നിങ്ങള്‍ സൂര്യോദയത്തേയും അസ്തമയത്തേയും കുറിച്ച് സംസാരിക്കേണ്ട സമയമല്ല, എഴുന്നേറ്റ് നിന്ന് ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയമാണെന്ന പ്രകാശ് രാജിന്റെ വാക്കുകളെ കോഴിക്കോടിന്റെ സദസ്സ് കയ്യടികൊണ്ടാണ് വരവേറ്റത്. ഒദ്യോഗിക ഉദ്ഘാടനത്തിനു ശേഷമായിരുന്നു വെറും അഞ്ചുമിനിറ്റ് മാത്രമുള്ള പ്രകാശ് രാജിന്റെ പ്രസംഗം. തന്റെ ട്വിറ്ററിലൂടെ അദ്ദേഹം തന്നെ ലിറ്ററേച്ചര്‍ ഫെസ്റ്റിനെക്കുറിച്ച് വിശേഷങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

കേരളത്തിലേക്ക് വരുമ്പോള്‍ ഒരു കൂട്ടം ഫാസിസ്റ്റ് ശക്തികള്‍ തന്നെ നോക്കി പരിഹസിച്ചിരുന്നു. നിങ്ങളെന്തിനാണ് കേരളത്തിലേക്ക് പോകുന്നതെന്നായിരുന്നു അവരുടെ ചോദ്യം. എന്നാല്‍ ഞാന്‍ അവരോട് നന്ദി പറയുകയാണ്. അവരുടെ പ്രതികരണമാണ് എന്നെ കൂടെക്കൂടെ കേരളത്തിലെത്തിക്കുന്നത് -പ്രകാശ് രാജ് പറഞ്ഞു. ഫാസിസ്റ്റ് മനോഭാവമുള്ള ഭരണകൂടത്തേയും സംഘ്പരിവാര്‍ ശക്തികളേയും തീപ്പൊരി പ്രസംഗത്തിലൂടെയാണ് അദ്ദേഹം നേരിട്ടത്. ‘അഴിമതിയെക്കുറിച്ച് ചോദിക്കുമ്പോള്‍ നിങ്ങള്‍ കോണ്‍ഗ്രസ്സാണോ എന്നും പിഞ്ചുകുഞ്ഞുങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കുമ്പോള്‍ നിങ്ങള്‍ ഹൈന്ദവ വിരുദ്ധരാണോ എന്നും, മനുഷ്യാവകാശങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റുകളാണോ എന്നും അവര്‍ ചോദിക്കുന്നു. നമ്മള്‍ ഇനി സംസാരിക്കേണ്ടത് സൂര്യോദയത്തെയും സൂര്യാസ്തമയത്തെയും കുറിച്ചല്ല. ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയമാണിത്. ഓരോരുത്തരും എഴുന്നേറ്റു നില്‍ക്കേണ്ട സമയമാണിത്. അവര്‍ നമ്മുടെ വയലില്‍ തീയിട്ട് ശ്രദ്ധ തെറ്റിച്ച് ഇപ്പുറത്ത് വന്ന് വീടിന് തീ വെക്കുന്ന തരം വിദ്യകളിലൂടെയാണ് കടന്നാക്രമിക്കുന്നത്. പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെത്തിയതില്‍ താന്‍ സന്തോഷവാനാണ്. രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെ മാറ്റിമറിക്കാന്‍ യുവജനങ്ങള്‍ക്ക് കഴിയുമെന്നതില്‍ എനിക്ക് വിശ്വാസമുണ്ട്. നമുക്ക് ആവശ്യപ്പെടാം, നമുക്ക് ചോദിക്കാം, നമുക്ക് പേടികൂടാതെ മൗലികാവകാശങ്ങള്‍ ആഘോഷിക്കാം എന്ന് പറഞ്ഞാണ് പ്രകാശ് രാജ് പ്രസംഗം അവസാനിപ്പിച്ചത്.