കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണാ നടപടികള്‍ ഇന്ന് തുടങ്ങും. എറണാകുളം സി.ബി.ഐ കോടതിയിലാണ് കേസ് വിചാരണ നടക്കുക. ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സി.ബി.ഐ കോടതിയിലേക്ക് മാറ്റിയത്. വിചാരണക്കായി വനിതാ ജഡ്ജി വേണമെന്ന് ആക്രമിക്കപ്പെട്ട നടി നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കമെന്നാണ് ഹൈക്കോടതി വിചാരണ കോടതിക്ക് നല്‍കിയ നിര്‍ദ്ദേശം.

കേസിലെ മുഴുവന്‍ പ്രതികളും ഇന്നത്തെ വിചാരണയില്‍ ഹാജരാകണമെന്ന് സി.ബി.ഐ കോടതി ആവശ്യപ്പെട്ടു. കേസില്‍ ഒന്നാം പ്രതിയായ സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി ഹാജരാകുമെങ്കിലും നടന്‍ ദിലീപ് ഹാജരാകാന്‍ സാധ്യതയില്ല.

അതേസമയം കേസിലെ വിചാരണ നടപടികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന്് കേസ് മനപ്പൂര്‍വം വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.