ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയേക്കും. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള ആലോചനയിലാണ് അന്വേഷണ സംഘം. പള്‍സര്‍സുനി രണ്ടാം പ്രതിയുമാകും. നിലവില്‍ കേസില്‍ ദിലീപ് പതിനൊന്നാം പ്രതിയാണ്.

ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതിന് അന്വേഷണ സംഘത്തിനു നിയമോപദേശം ലഭിച്ചതായാണ് സൂചന. അടുത്തയാഴ്ച സംഘം കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം. നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ചത് ദിലീപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഗൂഢാലോചനയ്ക്കു നേതൃത്വം നല്‍കുന്നത് നേരിട്ടു കൃത്യത്തില്‍ പങ്കെടുക്കുന്നതു തുല്യമാണ്. കൃത്യം നേരിട്ടു നടപ്പാക്കിയവര്‍ക്കു നടിയോടു മുന്‍വൈരാഗ്യമോ മറ്റേതെന്തിലും പ്രശ്‌നമോ ഇല്ല. അവര്‍ ഉപകരണങ്ങള്‍ മാത്രമായാണ് പ്രവര്‍ത്തിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കേസില്‍ ദിലീപീനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം തയാറാക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചനകള്‍. നാളെ ചേരുന്ന യോഗത്തില്‍ അന്വേഷണ സംഘം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപിനെതിരെയുള്ള തെളിവുകളും സാഹചര്യത്തെളിവുകളുമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കും. ഇതുവരെ പരസ്യമാക്കാത്ത വിവരങ്ങള്‍, ഇരുപതിലേറെ നിര്‍ണ്ണായക തെളിവുകള്‍, കോടതിക്ക് നല്‍കിയ രഹസ്യ മൊഴികള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, സൈബര്‍ തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍, സാഹചര്യത്തെളിവുകള്‍ എന്നിവയാണ് റിപ്പോര്‍ട്ടിലുള്ളത്.

കൂട്ടബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തും. നടി ആക്രമിക്കപ്പെട്ട് എട്ടുമാസം തികയുന്ന ഇന്നലെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മജിസ്‌ട്രേറ്റ് അവധിയായിരുന്നതിനാല്‍ തിയ്യതി മാറ്റുകയായിരുന്നു. അതേസമയം, കേസിലെ പ്രധാനപ്പെട്ട തെളിവായ മൊബൈല്‍ഫോണ്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.