കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പതിനാലിന് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ദിലീപിന്റെ ഹര്‍ജി. ബുധനാഴ്ച എല്ലാ പ്രതികളോടും ഹാജരാവാന്‍ വിചാരണക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

പ്രതിയെന്ന നിലയിലുള്ള തന്റെ അവകാശങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. നിര്‍ത്തിവെക്കാനാവശ്യപ്പെട്ടുള്ള പെറ്റീഷന്‍ പ്രത്യേകമായാണ് ദിലീപ് നല്‍കിയിരിക്കുന്നത്. നേരത്തെ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വേണമെന്ന ഹര്‍ജിയും ദിലീപ് നല്‍കിയിരുന്നു. നടിയെ ആക്രമിച്ച് പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് കേസിലെ നിര്‍ണായക തെളിവ്. പൊലീസ് ശേഖരിച്ച ഈ ദൃശ്യങ്ങള്‍ വിചാരണക്ക് മുമ്പ് വിട്ടുകിട്ടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഇത് പ്രതിയുടെ അവകാശമാണെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദം അങ്കമാലി കോടതി തള്ളിയതോടെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഇരു ഹര്‍ജികളും നാളെ ഹൈക്കോടതി പരിഗണിക്കും