കൊച്ചി: നടിക്കുനേരെയുണ്ടായ ആക്രമണത്തില്‍ തനിക്കെതിരെ നടന്നത് ഇമേജ് തകര്‍ക്കാനുള്ള ക്വട്ടേഷനെന്ന് നടന്‍ ദിലീപ്. താനെന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ തന്ന ഉപദ്രവിക്കുന്നതെന്ന് അറിയില്ലെന്നും വികാരഭരിതനായി ദിലീപ് പറഞ്ഞു. ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ദിലീപ് സംസാരിച്ചത്.

തനിക്ക് ഇത്രയും ശത്രുക്കളുണ്ടെന്ന് അറിയില്ലായിരുന്നു. അന്വേഷിച്ചപ്പോള്‍ മുംബൈയിലെ ഒരു ഇംഗ്ലീഷ് പത്രത്തിലാണ് തനിക്കുനേരെയുള്ള വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. പിന്നീട് അത് ചില ഓണ്‍ലൈന്‍ പത്രങ്ങളും ഏറ്റെടുക്കുകയായിരുന്നു. ആക്രമണം നടന്ന് രണ്ടുദിവസത്തിനു ശേഷമാണ് തനിക്കുനേരെയുള്ള ആരോപണം താനറിയുന്നത്. ഇത് തന്റെ ഇമേജ് തകര്‍ക്കാനുള്ള ശ്രമമായിരുന്നുവെന്നും ദിലീപ് പറഞ്ഞു.

തന്റെയൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിച്ച നടിക്കുനേരെയാണ് ആക്രമണം നടന്നിട്ടുള്ളത്. താന്‍ അവരെ വിളിച്ച് സംസാരിച്ചിരുന്നു. പ്രേക്ഷകരുടെ മനസ്സില്‍ തനിക്കെതിരെ വിഷം കുത്തിവെക്കാനാണ് തന്റെ നേരെ ഉയര്‍ന്നിട്ടുള്ള ഗൂഢാലോചന. ദൈവത്തിലും പ്രേക്ഷകരിലും രാജ്യത്തെ നിയമത്തിലുമാണ് തനിക്കു വിശ്വാസമുള്ളതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. ആലുവയിലെ പ്രമുഖനടനെ പോലീസ് ചോദ്യം ചെയ്തുവെന്ന തരത്തിലൊക്കെ വാര്‍ത്തവന്നു. അപ്പോഴാണ് കാര്യങ്ങളെ താന്‍ ഗൗരവമായി എടുത്തതെന്നും പിന്നീട് വാര്‍ത്തയുടെ നിജസ്ഥിതി അറിഞ്ഞിട്ടും മാധ്യമങ്ങള്‍ വാര്‍ത്ത തിരുത്തി നല്‍കിയില്ലെന്നും ദിലീപ് പറഞ്ഞു. തനിക്കെതിരെ അക്ഷരാര്‍ത്ഥത്തില്‍ നടന്നത് മാധ്യമവേട്ടയാണെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.