മുംബൈ: മയക്കുമരുന്നു കേസില്‍ കന്നട നടി ശ്വേത കുമാരിയെ പിടികൂടി അറസ്റ്റ് ചെയ്തു. മുംബൈയിലെ മിറബയാന്‍ഡര്‍ മേഖലയിലെ ക്രൗണ്‍ ബിസിനസ് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആണ് അറസ്റ്റ് ചെയ്തത്. പിടികൂടുമ്പോള്‍ 400 ഗ്രാം മെഫെഡ്രോണ്‍ (എംഡി) നടിയുടെ കൈവശമുണ്ടായിരുന്നു.

നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശ്വേത കുമാരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. ഹൈദരാബാദ് സ്വദേശിനിയായ ഇവര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

മയക്കുമരുന്നു കേസിലെ പ്രധാന കണ്ണിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ പൊലീസ്. നേരത്തെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവര്‍ അറസ്റ്റിലായിരുന്നു.