ന്യൂഡല്‍ഹി: ബി.ജെ.പി യഥാര്‍ഥത്തില്‍ പുറത്തിറക്കേണ്ടിയിരുന്നത് പ്രകടനപത്രികയായിരുന്നില്ല, മാപ്പപേക്ഷ ആയിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. പൊതു തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടനപത്രികയിലെ കവര്‍പേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെയാണ് പട്ടേല്‍ ട്രോളിയത്.

ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും പ്രകടനപത്രികയില്‍ പ്രകടമായി തന്നെ രണ്ട് വ്യത്യാസങ്ങളുണ്ട്. ഒരു കൂട്ടം ജനതയുടെ ചിത്രമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ കവര്‍ ഫോട്ടോയായി ഉള്‍പ്പെടുത്തിയത്. എന്നാല്‍ ബി.ജെ.പിയുടേതില്‍ ഒരേയൊരു മനുഷ്യന്റെ ഫോട്ടോ. പ്രകടനപത്രികയല്ല, മാപ്പപേക്ഷയാണ് ബി.ജെ.പി പുറത്തിറക്കേണ്ടിയിരുന്നത്-പട്ടേല്‍ പരിഹസിച്ചു.

2014 ലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അതേപടി പകര്‍ത്തിയിരിക്കുകയാണ് ബി.ജെ.പി എന്നും പട്ടേല്‍ വിമര്‍ശിച്ചു. 2019-നുള്ളില്‍ നടപ്പാക്കാതെ പറ്റിച്ച പഴയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അതേപടി ചേര്‍ത്ത് നടപ്പാക്കുന്ന തീയതി 2022, 2032, 2097 എന്നിങ്ങനെ പുന:നിശ്ചയിച്ചു എന്നേയുള്ളുവെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.