സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റിനെ പ്രശംസിച്ച് നടന്‍ അജു വര്‍ഗ്ഗീസ്. പാലക്കാട് ഗോവിന്ദപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച സന്തോഷ് പണ്ഡിറ്റിന്റെ പ്രവൃത്തിയെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു അജു വര്‍ഗ്ഗീസ്.

അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച പണ്ഡിറ്റിന്റെ വീഡിയോ തന്റെ ഫേസ്ബുക്കിലൂടെ അജു ഷെയര്‍ ചെയ്തു. പിന്നീട് പണ്ഡിറ്റിനോട് അതിയായ ബഹുമാനം തോന്നുന്നുവെന്നും നിങ്ങളൊരു മാതൃകയാണെന്നും താരം കുറിച്ചു. കഴിഞ്ഞ ദിവസമാണ് കോളനി സന്ദര്‍ശിക്കാന്‍ പണ്ഡിറ്റ് എത്തുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും ഫീസും ഭക്ഷണ സാധനങ്ങളും നല്‍കിയിരുന്നു. താന്‍ അംബാനിയുടെ മകനല്ലെന്നും, തന്നെക്കൊണ്ട് കഴിയുന്നപോലെ സഹായം ചെയ്യുമെന്നും പണ്ഡിറ്റ് പറഞ്ഞിരുന്നു. പ്ലസ്ടു കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ പഠനാവശ്യത്തിന് സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും പണ്ഡിറ്റ് അറിയിച്ചു.

ചെയ്ത സിനിമകളിലൂടെയെല്ലാം ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയായ താരമാണ് സന്തോഷ് പണ്ഡിറ്റ്. എന്നാല്‍ അടുത്തിടെ സിനിമക്ക് പുറത്തുള്ള താരത്തിന്റെ പ്രവൃത്തികള്‍ക്ക് അങ്ങേയറ്റം പ്രശംസകളാണ് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ലഭിക്കുന്നത്.