തിരുവനന്തപുരം: ഏ.കെ ശശീന്ദ്രന്‍ എം.എല്‍.എയെ ഫോണില്‍ വിളിച്ച് യുവതി കുടുക്കുകയായിരുന്നുവെന്നും അവരുടെ ട്രാപ്പില്‍ കൂടുതല്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചന. യുവതി കൊല്ലം സ്വദേശിനിയാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചുവെന്നാണ് വിവരം. കേരളകൗമുദിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത്. ലൈംഗിക സംഭാഷണ വിവാദത്തിലാണ് ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചൊഴിഞ്ഞത്.

കൊല്ലം സ്വദേശിനിയായ ഇവര്‍ കോഴിക്കാടാണ് പഠിച്ചതെന്നും മാധ്യമപ്രവര്‍ത്തനവുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. ഷോര്‍ട്ട് ഫിലിം മേഖലയിലുള്ള ഇവരുടെ ഭര്‍ത്താവിനെ ചുറ്റിപ്പറ്റിയും ഇന്റലിജന്റ്‌സ് അന്വേഷണം നടക്കുന്നുണ്ട്. പരാതിയുമായെത്തിയ സ്ത്രീയോട് മന്ത്രി മോശമായി പെരുമാറിയെന്ന ആരോപണം ഇവര്‍ കണക്കാക്കുന്നില്ല. ഇത് ഒരു ട്രാപ്പാണെന്ന് തന്നെയാണ് വിലയിരുത്തുന്നത്. അതേസമയം, രണ്ടു മന്ത്രിമാര്‍കൂടി കെണിയില്‍ വീണിട്ടുണ്ടോയെന്ന് സംശയമുണ്ട്. ചാനലിന്റെ സംപ്രേഷണത്തിനെതിരെ കേന്ദ്രത്തെ സമീപിക്കാനും ഇന്റലിജന്‍സ് ശ്രമിക്കുന്നുണ്ടെന്ന് കൗമുദിയുടെ വാര്‍ത്തയില്‍ പറയുന്നു.

മംഗളത്തിന്റെ നടപടിക്കെതിരെ മറ്റു മാധ്യമങ്ങളും സോഷ്യല്‍മീഡിയയും രംഗത്തുവന്നിരുന്നു. സാമൂഹിക-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും ചാനലിനെ രൂക്ഷമായി വിമര്‍ശിച്ചു. ലൈംഗിക സംഭാഷണം ചാനലിലെ മാധ്യമപ്രവര്‍ത്തക നടത്തിയതാണെന്നും ആരോപണം ഉയരുന്നുണ്ട്.

മംഗളം ചാനലാണ് മന്ത്രിയുടെ ലൈംഗിക സംഭാഷണം പുറത്തുവിട്ടത്. പരാതിക്കാരിയായ സ്ത്രീയോട് മന്ത്രി മോശമായി പെരുമാറിയെന്നാണ് ചാനല്‍ പറയുന്നത്. വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് മന്ത്രി രാജി പ്രഖ്യാപിക്കുകയായിരുന്നു. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജിയെന്നാണ് അദ്ദേഹം പറഞ്ഞത്.