അല്‍ബഹക്ക് സമീപം മക്കൂവയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം അമരവിള താന്നീമൂട് ഫിറോസ് മന്‍സില്‍ ഷഫീഖ് പീര്‍ മുഹമ്മദ്(30), പരപ്പനങ്ങാടി ഉള്ളണം ചാളക്കാപറമ്പ് സിറാജുദ്ദീന്‍(30) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശി അനീഷ്(32) അല്‍ബഹ കിംങ് ഫഹദ് ആസ്പത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ പൊട്ടിവീണ ഇലക്ട്രിക് ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് ഇരുവരും തല്‍ക്ഷണം മരിച്ചത്. കമ്പനി ആവശ്യാര്‍ത്ഥം ജിസാനിലേക്ക് പോകുകയായിരുന്നു. മൂവരും മക്കുവയിലുള്ള മിററല്‍ അറബിയ കമ്പനിയിലെ ജീവനക്കാരാണ്. അഞ്ച് വര്‍ഷമായി ഇവര്‍ മക്കുവയില്‍ ജോലിചെയ്തുവരുന്നു. മയ്യിത്ത് നാട്ടില്‍ ഖബറടക്കുമെന്ന് സുഹൃത്തൂക്കള്‍ അറിയിച്ചു.

പീര്‍മുഹമ്മദിന്റെ ഭാര്യ: ഷൈഫ മകള്‍:ആഫിയ സുല്‍ത്താന. സിറാജുദ്ദീന്‍ ഭാര്യ: നസ്രിയ്യ. മകന്‍ മഹമ്മദ് സൈന്‍. മയ്യിത്ത് നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ അല്‍ബഹ കെ.എം.സി.സി നേതാക്കളായ അന്‍വര്‍ ആലിന്‍ചുവട്, വി.കെ ബഷീര്‍ ചേളാരി, കെ.ടി ഇസ്മായീല്‍ ചങ്ങാനി, റഫീഖ് കൊടുവള്ളി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.