ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരേ ആരോപണങ്ങളുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നല്‍കി ബാബര്‍ ലൈംഗികമായി പീഡിപ്പിച്ചതായും ഗര്‍ഭിണിയാക്കുകയും ചെയ്തതായി യുവതി ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ പാക് മാധ്യമപ്രവര്‍ത്തകന്‍ സാജ് സിദ്ദിഖ് ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

സ്‌കൂളില്‍ ബാബറിന്റെ സഹപാഠിയായിരുന്നുവെന്നും 2010ല്‍ ബാബര്‍ തന്നെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചിരുന്നതായും യുവതി ആരോപിച്ചു. ബാബര്‍ ക്രിക്കറ്റ് ലോകത്തിന് പരിചിതനാകുന്നതിനു മുമ്പായിരുന്നു ഇതെല്ലാം. വിവാഹ വാഗ്ദാനം നല്‍കിയ ബാബര്‍ പിന്നീട് പിന്മാറിയതായും 10 വര്‍ഷത്തോളം തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും യുവതി ആരോപിക്കുന്നു.

ഈ ബന്ധത്തെ കുറിച്ച് ഇരുവരുടെയും വീട്ടുകാര്‍ക്കും അറിവുണ്ടായിരുന്നതായും യുവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയത് ചോദ്യം ചെയ്തപ്പോള്‍ തന്നെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു. അതേസമയം യുവതിയുടെ ആരോപണങ്ങളോട് പാക് ക്രിക്കറ്റ് ബോര്‍ഡോ ബാബര്‍ അസമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.