ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളുടെ മുനയൊടിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കള്ളപ്പണം തടയാനും കള്ളനോട്ടുകളെ ഉന്മൂലനം ചെയ്യാനുമെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധത്തിന് ശേഷം വിപണിയില്‍ സജീവമായിരുന്ന 1000, 500 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതായി മോദി പ്രഖ്യാപിച്ചത്. 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെങ്കില്‍ നോട്ട് അസാധുവാക്കല്‍ കൊണ്ട് രാജ്യത്തിനും ജനങ്ങള്‍ക്കും എന്ത് ഗുണമാണുണ്ടായതെന്ന് ചോദ്യം അവശേഷിക്കുന്നു.

നോട്ട് അസാധുവാക്കല്‍ മൂലം ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിന് മാസങ്ങള്‍ പിന്നിട്ടിട്ടും ശമനമായിട്ടില്ല. ചില്ലറ ക്ഷാമം തന്നെയാണ് പ്രധാന പ്രശ്‌നം. വിനിമയത്തിലുണ്ടായിരുന്ന അസാധുവാക്കപ്പെട്ട 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍ബിഐ തന്നെ സ്ഥിരീകരിച്ചതോടെ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലായി. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 15.44 ലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകളാണ് അസാധുവാക്കിയത്. ഇതില്‍ 15.28 ലക്ഷം കോടി രൂപയുടെ നോട്ടുകളും തിരിച്ചെത്തി. പൂര്‍ണമായും ബാങ്കുകള്‍ വഴി നടന്ന നോട്ട് മാറ്റത്തില്‍ ഇനി സര്‍ക്കാരിന് ആരെ കുറ്റം പറയാന്‍ കഴിയുമെന്ന ചോദ്യവും ഉയരുന്നു.

നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തില്‍ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ 8000 കോടി രൂപയാണ് കേന്ദ്രം ചെലവാക്കിയത്. കഴിഞ്ഞ വര്‍ഷമിത് 3420 കോടി രൂപയായിരുന്നു. 6.7ലക്ഷം കോടിയുടെ ആയിരം രൂപ നോട്ടുകളാണ് രാജ്യത്തുണ്ടായിരുന്നത്. ഇതില്‍ 8.9 കോടി രൂപയുടെ ആയിരം രൂപ നോട്ടുകള്‍ ഒഴിച്ചുള്ളവ തിരികെയെത്തിയെന്നും റിപ്പോട്ടില്‍ പറയുന്നു.

നോട്ട് നിരോധനത്തിന് ശേഷം നവംബര്‍ 9നും ഡിസബര്‍ 31നും ഇടയിലായി 5.54 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. തിരിച്ചെത്താനുള്ള കേവലം ഒരു ശതമാനം നോട്ടുകള്‍ മാത്രമാണെന്നിരിക്കെ കേന്ദ്രത്തിന്റെ നോട്ട് നിരോധത്തിനെതിരെ കടുത്ത വിമര്‍ശവുമായി പ്രതിപക്ഷം രംഗത്തെത്തി. 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെങ്കില്‍ രാജ്യത്തെ കള്ളപ്പണം നിയമപരമായി വെളുപ്പിക്കാനുള്ള അവസരമാണോ ആര്‍ബിഐ ചെയ്തു കൊടുത്തതെന്ന് പി ചിദംബരം ചോദിച്ചു.

Image may contain: 2 people, people smiling