ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ ചട്ടങ്ങളും കീഴ് വഴക്കങ്ങളും കോവിഡ് മാനദണ്ഡങ്ങളുമെല്ലാം പാലിച്ച് പ്രതിഷേധിക്കാനാവില്ലെന്ന് എ.എം ആരിഫ് എംപി. രാജ്യസഭയില്‍ കാര്‍ഷിക ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തെക്കുറിച്ച് സ്വകാര്യ ചാനലിനോട് പ്രതികരിക്കുമ്പോഴാണ് എ.എം ആരിഫ് നിലപാട് വ്യക്തമാക്കിയത്. കേരളത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പട്ട പ്രതിപക്ഷ സമരങ്ങളെ കോവിഡ് പരത്താനുള്ള നീക്കമെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ആസൂത്രിതമായി പ്രചരിപ്പിക്കുമ്പോഴാണ് അതിനെ തിരുത്തുന്ന നിലപാട് പാര്‍ലമെന്റില്‍ സിപിഎം എംപി തന്നെ സ്വീകരിച്ചിരിക്കുന്നത്.

അതിനിടെ കനത്ത പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ കാര്‍ഷിക ബില്‍ രാജ്യസഭയും പാസാക്കി. ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ ശബ്ദവോട്ടോടെ ബില്‍ പാസാക്കിയത്. കര്‍ഷക ബില്‍ കര്‍ഷകരുടെ മരണ വാറണ്ടാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

ബില്‍ പാസാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങി മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിനിടെ അംഗങ്ങള്‍ ബില്ലുകളുടെ പകര്‍പ്പ് വലിച്ചുകീറുകയും ചെയ്തു.