ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിലെ നരോദപാട്യ കൂട്ടക്കൊല കേസില്‍ പ്രതിഭാഗം സാക്ഷിയായി ബിജെപി അധ്യക്ഷന്‍ അമിത് ഷായോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ഈ മാസം 18ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്‍ ഗുജറാത്ത് മന്ത്രിയും നരോദപാട്യ കൂട്ടക്കൊല കേസില്‍ 28 വര്‍ഷം തടവിന് ശിക്ഷിച്ച കേസിലെ മുഖ്യപ്രതിയുമായ മായ കോദ്‌നാനിയുടെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. കോട്‌നാനിയുടെ സാക്ഷിയായി വിസ്തരിക്കുന്നതിനാണ് അമിത്ഷക്ക് കോടതി സമന്‍സ് അയച്ചത്. 18ന് നേരിട്ടോ, അഭിഭാഷകന്‍ മുഖേനയോ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അമിത്ഷായെ വിസ്തരിക്കുന്നതിന് കോദ്‌നാനിക്ക് കോടതി ചൊവ്വാഴ്ച വരെ സമയം അനുവദിച്ചിരുന്നു. പലതവണ ശ്രമിച്ചിട്ടും അമിത് ഷായെ ബന്ധപ്പെടാന്‍ തനിക്കായില്ലെന്നാണ് കോദ്‌നാനി കോടതിയെ അറിയിച്ചത്. ഇന്നലെ കേസ് പരിഗണിച്ച കോടതി ഷായോട് നിര്‍ബന്ധമായും ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവ് കോദ്‌നാനിയുടെ അഭിഭാഷകന് കൈമാറി. അമിത് ഷായുടെ അഹമ്മദാബാദിലെ വിലാസത്തില്‍ അയക്കാനാണ് കോടതി ആവശ്യപ്പെട്ടത്. നരോദ ഗാം കേസില്‍ നാലു മാസത്തിനുള്ളില്‍ വിധി പറയണമെന്നു കഴിഞ്ഞ ദിവസം സുപ്രിംകോടതി വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൃത്യം നടക്കുന്ന സമയത്ത് താന്‍ നരോദഗാമില്‍ ഇല്ലായിരുന്നു എന്നതിന് തെളിവായി 14 സാക്ഷികളെ വിസ്തരിക്കാന്‍ മായ കോദ്‌നാനി അനുമതി തേടിയിരുന്നു. ഇവരിലൊരാളാണ് അമിത് ഷാ.
കൂട്ടകൊലകേസില്‍ 28 വര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ട കോട്‌നാനിക്ക് ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം നല്‍കിയത്. നരോദ പാട്യയില്‍ 95 പേരുടെ കൂട്ടക്കൊലക്ക് മായ കോട്‌നാനി ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ തടവിന് ശിക്ഷിച്ചത്. ഗുജറാത്ത് കലാപത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട നരോദാ പാട്യ കൂട്ടക്കൊലയില്‍ മുഖ്യആസൂത്രകയാണ് മായാ കോട്‌നാനി. 2002 ഫെബ്രുവരി 28ന് നടന്ന കലാപത്തില്‍ 11 മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്.