കോഴിക്കോട്: കണ്ണൂരിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് കുരുക്കിലായ സി.പി.എമ്മിനെ രക്ഷിക്കാന്‍ കള്ളവോട്ടിന് പുതിയ നിര്‍വചനവുമായി എ. എന്‍ ഷംസീര്‍ എം.എല്‍.എ. ഒരു വ്യക്തിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ വോട്ട് മറ്റൊരാള്‍ ചെയ്താല്‍ കള്ളവോട്ടാകില്ലെന്നാണ് ഷംസീറിന്റെ കണ്ടെത്തില്‍. ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചക്കിടെയായിരുന്നു ഷംസീറിന്റെ പരാമര്‍ശം. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ഒരാളുടെ പേരില്‍ ചെയ്യുന്ന വോട്ടു മാത്രമാണ് കള്ളവോട്ടെന്നും ഷംസീര്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരുള്ള ആളുടെ വോട്ട് മറ്റൊരാള്‍ ചെയ്യുന്നതിന് എന്ത് പറയുമെന്ന ചോദ്യത്തിന് അതിന് പുതിയ പദം കണ്ടെത്തണമെന്നായിരുന്നു ഷംസീറിന്റെ മറുപടി.

കാസര്‍കോട് മണ്ഡലത്തിലെ കല്യാശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സി.പി.എം പ്രതിരോധത്തിലായത്. അത് ഓപ്പണ്‍ വോട്ടാണെന്നായിരുന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞത്. എന്നാല്‍ കള്ളവോട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ സ്ഥിരീകരിച്ചതോടെ സി.പി.എം അദ്ദേഹത്തെയും തള്ളിപ്പറയുകയായിരുന്നു. മറ്റൊന്നും പറഞ്ഞ് ന്യായീകരിക്കാന്‍ പറ്റാത്ത വിധം കുരുങ്ങിയതോടെയാണ് കള്ളവോട്ടിന് തന്നെ പുതിയ നിര്‍വചനവുമായി ഷംസീര്‍ രംഗത്ത് വന്നിരിക്കുന്നത്.