ഒരു പതിറ്റാണ്ടുകാലത്തെ ഇടതുഭരണത്തില്‍ കായിക മേഖലക്കുപോലും രക്ഷയുണ്ടായിരുന്നില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലുണ്ടായ നാടകീയ രംഗങ്ങള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ വിരുന്നെത്തിയ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തോടുള്ള, ജി.സി.ഡി.എയുടെയും അതിനു നേതൃത്വം നല്‍കുന്ന സി.പി.എം നേതാക്കളുടെയും മനോഭാവത്തിന്റെ തെളിവുംകൂടിയായിരുന്നു ഈ സംഭവങ്ങള്‍. ഇന്ത്യ – ഹോങ്കോങ് ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന ഇന്ത്യന്‍ ടീമിന്റെ വാര്‍ത്ത സമ്മേളനം നടത്താന്‍ അനുവദിച്ചില്ലെന്നു മാത്രമല്ല, പരിശീലകന്‍ ഖാലിദ് ജമീല്‍ ഉള്‍പ്പെടെയുള്ള ടീം അംഗങ്ങളെ ഗേറ്റിനു പുറത്തു വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയും ചെയ്യുകയുണ്ടായി.
സെക്യൂരിറ്റി ഡിപ്പോസിറ്റിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഏറെ നേരം കാത്തുനിന്നതിന് ശേഷം ഇന്ത്യന്‍ കോച്ചിനും സംഘത്തിനും മടങ്ങിപ്പോകേണ്ടി വരികയും ചെയ്തു. സ്‌റ്റേഡിയത്തിന്റെ വാടകയായി മൂന്ന് ലക്ഷം രൂപയും 25 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയും ജി.സി.ഡി.എ ചോദിച്ചുവെന്നും ഇത് നല്‍കുന്നതിലുണ്ടായ കാലതാമസത്തിന്റെ പേരിലായിരുന്നു ഈ കടുംകൈ എന്നുമാണ് റിപ്പോര്‍ട്ട്. കെ.എഫ്.എ ആണ് മത്സരം സംഘടിപ്പിക്കുന്നതെങ്കിലും ജി.സി.ഡി.എയുടെ ഉടമസ്ഥതയിലാണ് സ്‌റ്റേഡിയം. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം വീണ്ടും കൊച്ചിയിലെത്തുന്നത്.
ഇതാദ്യമല്ല, ജി.ഡി.സി.എയുടെ ഭാഗത്തുനിന്നും കായിക രംഗത്തെ പ്രത്യേകിച്ച് ഫുട്‌ബോള്‍ താരങ്ങളെ ആട്ടിവിടുന്ന സംഭവങ്ങള്‍ അരങ്ങേറുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വാര്‍ത്താ സമ്മേളനവും ജി.സി.ഡി.എ തടഞ്ഞിരുന്നു. ഐ.എസ്.എല്‍ സീസണില്‍ മുംബൈ സിറ്റി എഫ്.സിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനമായിരുന്നു അന്ന് തടഞ്ഞിരുന്നത്. കോച്ചായിരുന്ന ഡേവിഡ് കറ്റാലയും ഇന്ത്യന്‍താരം റൗളിന്‍ ബോര്‍ഗസും ഉള്‍പ്പെടെയുള്ള ബ്ലാസ്‌റ്റേഴ്‌സ് സംഘത്തെയാണ് പത്രസമ്മേളനം നടക്കുന്ന മുറിയില്‍നിന്ന് ഇറക്കിവിട്ടത്. മത്സരത്തിനുള്ള വാടക കുത്തനെ വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു അന്നത്തെ ധാര്‍ഷ്ട്യവും ധിക്കാരവും.
വാടക 4.20 ലക്ഷമായി ഒറ്റയടിക്ക് ഉയര്‍ത്തുകയും അതു നല്‍കിയില്ലെന്നാരോപിച്ചുമായിരുന്നു ഐ.എസ്.എല്ലിലെ കേരളത്തിന്റെ സ്വന്തം ക്ലബായ ബ്ലാസ്റ്റേഴിസിനോടുള്ള കൊടുംചതി. പിന്നീട് ചര്‍ച്ചയിലൂടെ മൂന്നു ലക്ഷമായി നിജപ്പെടുത്തിയതിന് ശേഷമാണ് ഹോം ഗ്രൗണ്ടായി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഉറപ്പിച്ചത്. മത്സരത്തിനു മുന്‍പ് കലൂര്‍ സ്‌റ്റേഡിയത്തില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയ ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികളേയും മാധ്യമ പ്രവര്‍ത്തകരേയും അന്നും ജി.സി.ഡി.എ ഇറക്കി വിട്ടിരുന്നു. ഇറക്കി വിട്ടവരുടെ കൂട്ടത്തില്‍ മത്സര ക്രമീകരണങ്ങള്‍ വിലയിരുത്താനെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ഉടമയായ വ്യവസായി നിഖില്‍ നിമ്മഗദ്ദയുമുണ്ടായിരുന്നു.
സംസ്ഥാനത്തെ മറ്റൊരു പ്രധാനപ്പെട്ട കളിക്കളമായ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തോട് സി.പി.എം തന്നെ ഭരിക്കുന്ന കോഴിക്കോട് കോര്‍പറേഷന്‍ സ്വീകരിച്ച സമീപനം സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും കായിക മേഖലയോടുള്ള സമീപനത്തിന്റെ മറ്റൊരുദാഹരണമാണ്. ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലബാറിന്റെ ആസ്ഥാന നഗരിയിലെ, പ്രതാപങ്ങളുടെ കഥകള്‍ ഏറെ പറയാനുള്ള ഈ ഗ്രൗണ്ടിനെ നശിപ്പിച്ചു നാറണക്കല്ലെടുപ്പിച്ചിരിക്കുകയാണ് കോര്‍പറേഷന്‍ അധികാരികളുടെ പണക്കൊതി. ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് ബൈക്ക് റാലിക്കായി സ്‌റ്റേഡിയം വിട്ടു കൊടുത്തതോടെയായിരുന്നു മൈതാനത്തിന് ഈ ദുര്‍ഗതി വന്നത്. സംഘാടകരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 25 ദിവസത്തിനകം മൈതാനം പൂര്‍വസ്ഥിതിയിലാക്കണമെന്നായിരുന്നു ധാരണ. ബൈക്ക് റാലിക്ക് വേണ്ടി പ്ലൈവുഡ് നിരത്തി അതിന് മുകളില്‍ എണ്ണൂറോളം ലോഡ് മണ്ണിട്ടാണ് ബൈക്ക് ട്രാക്ക് നിര്‍മ്മിച്ചിരുന്നത്.
ആഴ്ചകളോളം വെയിലും വെള്ളവും ഏല്‍ക്കാതെ പുല്ല് കരിഞ്ഞുണങ്ങി. 25 ലക്ഷം രൂപ കെട്ടിവെച്ചായിരുന്നു സംഘാടകര്‍ പരിപാടി നടത്തിയതെങ്കിലും ആ തുക ഉപയോഗിച്ച് പോലും സ്റ്റേഡിയം പഴയ പടിയാക്കാന്‍ കഴിയുമായിരുന്നില്ല. സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ അടക്കം മാറ്റിവെച്ചായിരുന്നു ബൈക്ക് റേസിന് സ്‌റ്റേഡിയം കൈമാറിയത്. ഐ.എസ.്എല്‍ മത്സരത്തിനും കോഴിക്കോട് സ്‌റ്റേഡിയം പരിഗണിച്ചിരുന്ന സാഹചര്യത്തിലാണ് മൈതാനം ഈ അവസ്ഥയിലായത്. കായിക പ്രമികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയെങ്കിലും അതൊന്നും മുഖവിലക്കെടുക്കാന്‍ കോര്‍പറേഷന്‍ അധികൃതരോ, സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് ഫുട്‌ബോള്‍ അസോസിയേഷനോ തയാറായിരുന്നില്ല.
അര്‍ജന്റീന ടീമിനെയും മെസിയെയും കേരളത്തിലെത്തിക്കുമെന്ന മോഹനവാഗ്ദാനം നല്‍കി ഫുട്‌ബോള്‍ ആരാധകരെ വഞ്ചിച്ചതും ഈ സര്‍ക്കാറിന്റെ കായിക വഞ്ചനയുടെ മറ്റൊരുദാഹരണമായിരുന്നു. 2025 ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നായിരുന്നു കായിക മന്ത്രിയുടെ വെളിപ്പെടുത്തല്‍. പ്രതീക്ഷയോടെ കാത്തിരുന്നവരെ നിരാശരാക്കി മന്ത്രി തന്നെ തീയ്യതി മാറ്റിപ്പറഞ്ഞുവെങ്കിലും ഒടുവില്‍ അതെല്ലാം വെറും തള്ളുമാത്രമായിരുന്നുവെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. അര്‍ജന്റീനാ ടീമിന്റെ വരവുമായി ബന്ധപ്പെട്ട് കലൂര്‍ സ്റ്റേഡിയം നവീകരിക്കുന്നതിന്റെ പേരില്‍ അഴിമതി ആരോപണം ഉയരുകയും ചെയ്തിരുന്നു. നിര്‍മാണപ്രവര്‍ത്തിനത്തിനിടെ ഗേറ്റ് തകര്‍ന്നുവീഴുകയും തലനാരിഴക്ക് വന്‍ദുരന്തം ഒഴിവാകുകയുമായിരുന്നു. സര്‍വ മേഖലയെയും തകര്‍ത്തുതരിപ്പണമാക്കിയ ഈ സര്‍ക്കാര്‍ കായിക മേഖലയെയും തിരിച്ചുപിടിക്കാന്‍ കഴിയാത്ത വിധം അലങ്കോലമാക്കിയാണ് ഇറങ്ങിപ്പോകുന്നത്.