അയല്‍ക്കാരന്റെ ബാഗ് തട്ടിപ്പറിച്ച് ഓടിയ മോഷ്ടാവിനെ സാഹസികമായി പിടികൂടി സിനിമാ നടന്‍ അനീഷ് ജി. മേനോന്‍. അയല്‍വാസിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെയാണ് അതിസാഹസികമായി അനീഷ് പിടികൂടിയത്. സംഘത്തില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നെങ്കിലും ഒരാളെ മാത്രമാണ് പിടികൂടാന്‍ സാധിച്ചത്. മറ്റുള്ളവര്‍ ബൈക്കില്‍ തന്നെ രക്ഷപ്പെട്ടു. കോതമംഗലം സ്വദേശിയായ അന്‍സാറിനെയാണ് അനീഷ് പിടികൂടിയത്.

അയല്‍വാസിയുടെ നിലവിളി കേട്ടാണ് അനീഷ് വീടിനു പുറത്തെത്തിയത്. അപ്പോഴേക്കും അയല്‍വാസിയുടെ കൈയ്യിലുണ്ടായിരുന്ന ബാഗ് ബൈക്കിലെത്തിയ മൂന്നംഗ സംഘം കൈക്കലാക്കിയിരുന്നു. അനീഷ് ഓടിയെത്തി ബൈക്കിനു പുറകിലിരുന്ന ആളുടെ കഴുത്തില്‍ പിടികൂടി. ഇതിനിടയില്‍ സംഘം ബൈക്ക് ഓടിച്ചു മുന്നോട്ടുപോയി. എന്നിട്ടും അനീഷ് പിടിവിട്ടില്ല. മീറ്ററുകളോളം അനീഷിനെ സംഘം റോഡില്‍ വലിച്ചിഴച്ചു.
വേദന സഹിച്ചിട്ടും അനീഷ് പിടിവിട്ടില്ല. അയാളെ വലിച്ചു താഴെയിടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. സിനിമ സ്റ്റൈലിലാണ് അനീഷ് കള്ളനെ പിടിച്ചത്.

ഗ്രേറ്റ് ഫാദര്‍, ദൃശ്യം, സെക്കന്റ് ഷോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അനീഷ് അഭിനയിച്ചിട്ടുണ്ട്. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയനായി എത്തിയ അനീഷിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നിലവില്‍ മോഹന്‍ലാല്‍ ചിത്രം ഒടിയനിലാണ് അനീഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് ഇടവേളയില്‍ വളാഞ്ചേരിയിലെ വീട്ടിലെത്തിയതായിരുന്നു അനീഷ്. അപ്പോഴാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ അനീഷ് ഇപ്പോള്‍ വിശ്രമത്തിലാണ്. ദൃശ്യം, ദ് ഗോഡ്ഫാദര്‍ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ട അനീഷ് കൂടുതലായും കൈകാര്യം ചെയ്തിരിക്കുന്നത് സൈഡ് കിക്ക് കഥാപാത്രങ്ങളാണ്.