തനിക്കെതിരെ പ്രചരിച്ച വാര്‍ത്തക്കെതിരേയും ഫോട്ടോക്കെതിരേയും പ്രതികരിച്ച് നടി അന്‍സിബ ഹസ്സന്‍. തട്ടമിട്ടില്ലെങ്കില്‍ പ്രശ്‌നമില്ലെന്ന് തരത്തില്‍ താന്‍ സംസാരിച്ചിട്ടില്ലെന്ന് അന്‍സിബ ഹസ്സന്‍ പറഞ്ഞു. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് വിമര്‍ശനങ്ങളെക്കുറിച്ച് അന്‍സിബ തുറന്നു പറയുന്നത്.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ തട്ടമിടാത്തതിനെ തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ അന്‍സിബ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇതിന് തട്ടമിട്ടില്ലെങ്കില്‍ പ്രശ്‌നമില്ലെന്ന് അന്‍സിബ മറുപടി പറഞ്ഞതായും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെയൊക്കെ സത്യാവസ്ഥ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ താരം. നരകമില്ല, തട്ടമിട്ടില്ലെങ്കില്‍ എന്താണു പ്രശ്‌നം, ബോളിവുഡിലും മുസ്‌ലിം താരങ്ങളില്ലേ എന്ന രീതിയില്‍ അന്‍സിബ സംസാരിച്ചുവെന്നായിരുന്നു പരന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ താന്‍ നടത്തിയിട്ടില്ല. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറയാന്‍ മാത്രം വലിയ ആളല്ല താനെന്നും അന്‍സിബ പ്രതികരിക്കുന്നു.

‘ഞാന്‍ പറയാത്ത കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. ചെറിയ കാര്യങ്ങളില്‍ സന്തോഷവും വിഷമവുമൊക്കെ തോന്നുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍. ഇങ്ങനെയുള്ള വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കാത്തതാണ് നല്ലതെന്ന് തോന്നിയതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്.’ ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ട ബിക്കിനിയിട്ട ഫോട്ടോ തന്റേതല്ലെന്നും അന്‍സിബ പറയുന്നു. മദ്രസ അധ്യാപകരെക്കുറിച്ച് അപവാദം പറഞ്ഞെന്ന രീതിയിലുള്ള ഓഡിയോ തന്റേതല്ലെന്നും അന്‍സിബ വ്യക്തമാക്കി.

ജിത്തുജോസഫിന്റെ ‘ദൃശ്യം’ സിനിമയിലൂടെയാണ് അന്‍സിബ ശ്രദ്ധിക്കപ്പെടുന്നത്.