മലപ്പുറം: ജീവനും സ്വത്തും സംരക്ഷിക്കാന്‍ സമരത്തിനിറങ്ങിയവര്‍ മുസ്്‌ലിം തീവ്രവാദികളാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ പുരോഗമനാത്മക വികസനത്തിനെതിരെയുള്ളതാണ് മലപ്പുറത്ത് മുസ്‌ലിം തീവ്രവാദികള്‍ നടത്തുന്ന ഗെയില്‍വിരുദ്ധ സമരമെന്ന് എ വിജയരാഘവന്‍ ഇന്നലെ മലപ്പുറത്ത് പറഞ്ഞു. ജമാഅത്തെ ഇസ്്‌ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ മുസ്്‌ലിം തീവ്രവാദ സംഘടനകളാണ് ഗെയിലിനെതിരെ സമരം നടത്തുന്നത്. ജമാഅത്തെ ഇസ്്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും കൈകോര്‍ത്ത് നടത്തുന്ന ഈ സമരത്തിന് വേഗത വര്‍ധിക്കുന്ന പ്രക്രിയക്ക് മുസ്്‌ലിംലീഗ് നേതൃത്വം മുന്‍കയ്യെടുക്കുകയാണ്. മത തീവ്രവാദികളും മതമൗലിക വാദികളുമാണ് മലപ്പുറം ജില്ല വിഭജിക്കണമെന്ന് വാദിക്കുന്നത്. ആപത്കരമായ രാഷ്ട്രീയമൊരുക്കുകയാണ്് മുസ്്‌ലിം വര്‍ഗീയവാദികള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ടൗണ്‍ഹാളില്‍ എസ്.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഇടവേളക്ക് ശേഷം ഗെയില്‍ അധികൃതര്‍ കേരളത്തില്‍ ജനവാസ കേന്ദ്രങ്ങളിലൂടെ സര്‍വെ നടപടികള്‍ വീണ്ടുമാരംഭിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്ത് വന്‍ ജനകീയ സമരമാണ് നടന്നത്. ജനപ്രതിനിധികളും, ജാതി-മത-രാഷട്രീയ ഭേദമന്യേ എല്ലാ വിഭാഗം ആളുകളും ഈ സമരത്തിന്റെ ഭാഗമായി. മലപ്പുറം നഗരത്തിലുള്‍പ്പെടെ നിരവധി ബഹുനിലക്കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും ഗെയില്‍ പൈപ്പ് ലൈനിന് വേണ്ടി പൊളിച്ച് മാറ്റേണ്ടിവരും. ജീവിത കാലത്തെ മുഴുവന്‍ സമ്പാദ്യവും കിടപ്പാടവും നഷ്ടപ്പെടുമെന്ന ഭീതിയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നടപ്പാക്കുന്ന വാതക പൈപ്പ് ലൈനിനെതിരെ നടത്തുന്ന ജനകീയ പ്രതിരോധത്തെ സി.പി.എം നേതാവ് മുസ്്‌ലിം തീവ്രവാദ പ്രവര്‍ത്തനമായി ചിത്രീകരിച്ചത് വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാവും.
സി.പി.എമ്മിന്റെ കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വിദ്യാവതിയടക്കമുളളവര്‍ കഴിഞ്ഞ ദിവസം നടന്ന ഗെയില്‍ പൈപ്പ്‌ലൈനിനെതിരെ മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിരോധ വലയത്തെ അഭിസംബോധന ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ സമീപകാലത്തായി മലപ്പുറം ജില്ലയെ മുസ്്‌ലിം തീവ്രവാദ കേന്ദ്രമാക്കി മുദ്ര കുത്താന്‍ സി.പി.എം നടത്തുന്ന ആസൂത്രണ നീക്കത്തിന്റെ ഭാഗമാണ് വിജയരാഘവന്റെ പ്രസ്താവന. കഴിഞ്ഞ പാര്‍ലമെന്റ് ഉപ തെരഞ്ഞെടുപ്പിലെ മുസ്്‌ലിംലീഗിന്റെ ഉജ്വല വിജയത്തെക്കുറിച്ചുള്ള പ്രസ്താവനയും അടുത്തകാലത്ത് വിവാദമായിരുന്നു. മലപ്പുറം മുസ്്‌ലിം തീവ്രവാദ കേന്ദ്രമായത് കൊണ്ടാണ് മുസ്്‌ലിംലീഗ് വിജയിച്ചതെന്ന് മന്ത്രി പറഞ്ഞിരുന്നു. വിവാദമായതോടെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് പറഞ്ഞാണ് മന്ത്രി തടിയൂരിയത്. ഗെയില്‍ വിരുദ്ധ സമരത്തിന് മുന്നിട്ടിറങ്ങി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചിരുന്ന സി.പി.എം അധികാരം ലഭിച്ചതോടെ ജനകീയ സമരത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. പ്രദേശിക തലങ്ങളില്‍ ഇത്തരം സമരങ്ങളില്‍ പങ്കെടുക്കെരുതെന്ന് പാര്‍ട്ടി നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന്റെ ജാള്യത മറക്കാനാണ് ഗെയില്‍ വിരുദ്ധ ജനകീയ പ്രതിരോധത്തെ മുസ്‌ലിം തീവ്രവാദമായി ചിത്രീകരിക്കാനുള്ള നീക്കം.