നിലമ്പൂർ: പാമ്പ് പിടിത്തം നിയമവിധേയമാക്കാൻ SARPA എന്ന പേരിൽ വനം വകുപ്പിന്റെ ആപ് നിലവിൽ വന്നു. പൊതു ജനം (പബ്ലിക്), പാമ്പ് പിടിത്തക്കാരൻ (റെസ്ക്യുവർ) എന്നിങ്ങനെ 2 ഓപ്ഷനുകൾ ആപ്പിലുണ്ട്. റെസ്ക്യുവർക്ക് ആപ്പിൽ റജിസ്റ്റർ ചെയ്യാൻ പാമ്പ് പിടിത്തത്തത്തിനു വനം വകുപ്പ് നൽകിയ ലൈസൻസ് കൂടി അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾ അപ്‌ലോഡ് ചെയ്യാതെ പാമ്പിനെ കൈവശം സൂക്ഷിച്ചാൽ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും. എട്ട്‌ വർഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റവും ചുമത്തും.

പൊതുജനത്തിന് നേരിട്ട് ആപ്പിൽ റജിസ്റ്റർ ചെയ്യാം. വീട്ടിലോ കോഴിക്കൂട്ടിലോ പാമ്പിനെ കണ്ടാൽ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്താൽ 25 കിലോമീറ്റർ ചുറ്റളവിലെ എല്ലാ പാമ്പ് പിടിത്തക്കാർക്കും സന്ദേശം എത്തും. ഏറ്റവും അടുത്തുള്ള ആൾ സഹായവുമായി ഉടൻ സ്ഥലത്തെത്തും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെ സംസ്ഥാനത്ത് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ആപ് നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കും. പരീക്ഷണാടിസ്ഥാനത്തിൽ ആണ് ആപ് പ്രവർത്തനം തുടങ്ങിയത്