ദഹ്‌റാന്‍: ഫലസ്തീന്‍ വിഷയത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും എല്ലാ ഫലസ്തീനികള്‍ക്കും നീതി ലഭിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അറബ് രാജ്യങ്ങള്‍. സൗദി അറേബ്യയിലെ ദഹ്‌റാനില്‍ നടന്ന അറബ് ഉച്ചകോടിയിലാണ് അറബ് രാജ്യങ്ങളുടെ നേതാക്കള്‍ ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതിജ്ഞ പുതുക്കിയത്. അറബ് രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും ഇറാന്റെ കടന്നുകയറ്റം ചെറുക്കണമെന്നും ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സൗദിയിലെ സല്‍മാന്‍ രാജാവ് പറഞ്ഞു.

ഫലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഇത്തവണത്തെ ഉച്ചകോടിയെ ‘ജറൂസലം ഉച്ചകോടി’ എന്നാണ് വിശേഷിപ്പിക്കുന്നതെന്നും ജറൂസലമിലെ ഫലസ്തീനികള്‍ക്കു വേണ്ടി 200 ദശലക്ഷം ഡോളര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു:

‘ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ ഫലസ്തീനികള്‍ക്ക് അവകാശം ലഭിക്കുന്നതു വരെ ഫലസ്തീന്‍ വിഷയം നമ്മുടെ പരിഗണനകളില്‍ മുന്‍പന്തിയിലുണ്ടാവും. ഇസ്രാഈല്‍ തലസ്ഥാനമാക്കി ജറൂസലമിലെ പ്രഖ്യാപിച്ച അമേരിക്കന്‍ നിലപാട് നമ്മള്‍ തള്ളിക്കളയുന്നു. അത് തള്ളിക്കളഞ്ഞ അന്താരാഷ്ട്ര സമൂഹത്തെ നമ്മള്‍ ശ്ലാഘിക്കുന്നു. കിഴക്കന്‍ ജെറൂസലം ഫലസ്തീന്‍ പ്രവിശ്യയുടെ അവിഭാജ്യ ഘടകമാണ്.’ അബ്ദുല്ല രാജാവ് പറഞ്ഞു.

യമന്റെ പരമാധികാരവും ഐക്യവും സ്വാതന്ത്ര്യവും സുരക്ഷയും അറബ് ലോകത്തിന്റെ തന്നെ ആഗ്രഹമാണെന്നും ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ അതിന് തുരങ്കം വെക്കുന്നത് അനുവദിക്കില്ലെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. മേഖലയിലെ ഇറാന്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ അന്താരാഷ്ട്ര സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, ലെബനാന്‍ പ്രസിഡണ്ട് മൈക്കല്‍ ഔന്‍, മോറോക്കോയിലെ മുഹമ്മദ് രാജാവ്, സുഡാന്‍ പ്രസിഡണ്ട് ഉമര്‍ അല്‍ ബാഷിര്‍, ഫലസ്തീന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.