അഹമ്മദാബാദ്: കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയും, ഐപിഎല്ലും നഷ്ടമായേക്കും. കൈമുട്ടിനേറ്റ പരിക്ക് വഷളായാല്‍ ആര്‍ച്ചര്‍ക്ക് ഏകദിന പരമ്പര നഷ്ടമാവും എന്ന് മോര്‍ഗന്‍ പറഞ്ഞിരുന്നു.

മാര്‍ച്ച് 23നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ആര്‍ച്ചറുടെ പരിക്കിന്റെ കാര്യത്തില്‍ ഈ ദിവസങ്ങളില്‍ തന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തത വരുത്തും. നിങ്ങള്‍ക്ക് വേദനയുണ്ടോ എന്ന് ചോദിച്ചാല്‍ വളരെ വിരളമായി മാത്രമാണ് അവര്‍ ഇല്ല എന്ന് പറയുക. വേദനകളില്‍ നിന്നുകൊണ്ടാണ് ബൗളര്‍മാര്‍ അവരുടെ ജോലി ചെയ്യുന്നത് എന്നും മോര്‍ഗന്‍ പറഞ്ഞു. ഏപ്രില്‍ 9നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ആര്‍ച്ചറുടെ പരിക്ക് ഗുരുതരമായാല്‍ അത് രാജസ്ഥാന്‍ റോയല്‍സിനെ കാര്യമായി ബാധിക്കും.

ടി20 ലോകകപ്പിന് മുന്‍പായി ഇംഗ്ലണ്ടിന് ന്യൂസിലാന്‍ഡിനും ഇന്ത്യക്കും എതിരായ ടെസ്റ്റ് പരമ്പരകളുണ്ട്. ടി20 ലോകകപ്പിന് ശേഷം ആഷസിലേക്കാണ് ഇംഗ്ലണ്ട് പോവുന്നത്. ഈ സാഹചര്യത്തില്‍ ആര്‍ച്ചറുടെ പരിക്ക് ഗുരുതരമാവാന്‍ ഇംഗ്ലണ്ട് സാഹചര്യമൊരുക്കില്ല.