ന്യൂഡല്‍ഹി: മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സൈനിക മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ശൈലജ ദ്വിവേദിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഡല്‍ഹി കൊനോട്ട് പ്ലേസിലെ മെട്രോ സ്‌റ്റേഷനു സമീപമാണ് സംഭവം. പൊലീസ് നല്‍കുന്ന വിവരമനുസരിച്ച് 35 കാരിയായ ശൈലജ ദ്വിവേദിയുടെ ദേഹത്ത്കൂടി വാഹനം കയറി ഇറങ്ങിയ പാടുകളും ഉണ്ട്. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ദേഹത്തു കൂടി വാഹനം കയറ്റിയതാവാമെന്നാണ് പൊലീസ് സംശയിക്കുന്നത്. രാവിലെ 10ന് സൈനിക ആസ്പത്രിയിലേക്ക് പോയ യുവതിയെ ഉച്ചക്ക് ഒരുമണിയോടെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പൊലീസ് പറയുന്നത് പ്രതി മറ്റൊരു സൈനിക മേജറാണെന്നാണ്. പ്രതിക്ക് കൊലപ്പെട്ട ശൈലജ ദ്വിവേദിയുമായും അവരുടെ ഭര്‍ത്താവുമായും മുന്‍പരിചയമുണ്ടാകുമെന്നും പൊലീസ് പറഞ്ഞതായി പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. മുന്‍വൈര്യാഗമാണ് കൊലയ്ക്ക് പിന്നിലെന്നും പ്രതിയുടെ ദൃശ്യങ്ങള്‍ സൈനിക ആശുപത്രിയുടെ പരിസര പ്രദേശങ്ങളിലെ സിസിടിവിയില്‍ കുടുങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.യുവതിയുടെ ആഭരണങ്ങളൊന്നും നഷ്ടമായിട്ടില്ല. കവര്‍ച്ചയുടേതോ, ലൈംഗികാധിക്രമത്തിന്റേയോ സാധ്യത ഇല്ലെന്നും പൊലീസ് അറിയിച്ചു.

പ്രതിയെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ച സാഹചര്യത്തില്‍ എത്രയും വേഗത്തില്‍ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസെന്ന് ജോയന്റ് കമ്മീഷ്ണര്‍ മധുപ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നും ആയതിനാല്‍ ഫോണ്‍ സിഗ്നല്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനാകില്ലെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.