തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ക്രിസ്മസ് പ്രാര്‍ഥന യോഗത്തിനിടെ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും ഉള്‍പ്പെടെ ആറു പേരെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംഭവം അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തെക്കുറിച്ച് ഗൗരവമായ ആശങ്കകള്‍ ഉയര്‍ത്തുകയാണെന്നും വി ഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
സമാധാനപരമായ പ്രാര്‍ഥനായോഗം നടത്തിയതിന് വ്യക്തികളെ അറസ്റ്റ് ചെയ്യുന്നത് ഭരണഘടനവിരുദ്ധവും നമ്മുടെ ജനാധിപത്യ, മതേതര മൂല്യങ്ങളുടെ ചൈതന്യത്തിനെതിരുമാണ്. വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
ക്രിസ്മസ് ആഘോഷത്തിനിടെ മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊലീസിന് കൈമാറിയ മലയാളി വൈദികനെയും കുടുംബത്തെയുമാണ് അറസ്റ്റ് ചെയ്തത്. സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് നാഗ്പൂര്‍ മിഷനിലെ വൈദികനായ ഫാ. സുധീര്‍, അദ്ദേഹത്തിന്റെ ഭാര്യ ജാസ്മിന്‍ എന്നിവരുള്‍പ്പെടെ 12 പേരാണ് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായത്.
തിരുവനന്തപുരം ജില്ലയിലെ അമരവിള സ്വദേശിയായ ഫാ. സുധീര്‍ അഞ്ച് വര്‍ഷമായി മഹാരാഷ്ട്രയില്‍ സേവനമനുഷ്ഠിച്ചു വരികയാണ്. അറസ്റ്റിലായ ബാക്കി പത്തു പേര്‍ മഹാരാഷ്ട്ര സ്വദേശികളാണ്. ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവര്‍ക്കും പ്രദേശവാസികളായ ആറു പേര്‍ക്ക് ബുധനാഴ്ച കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച രാത്രി നാഗ്പുര്‍, അമരാവതി തഹസിലിലെ സിന്‍ഗോഡിയിലുള്ള ഒരു വീട്ടില്‍ പ്രാര്‍ഥന നടക്കുന്നതിനിടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുകയും സംഘര്‍ഷാവസ്ഥയുണ്ടാക്കി പൊലീസിന് കൈമാറുകയുമായിരുന്നു.