സുഫ്‌യാന്‍ അബ്ദുസ്സലാം

മുസ്‌ലിംലീഗിനെതിരെയും മുസ്‌ലിം മത സംഘടനകള്‍ക്കെതിരെയും കലിതുള്ളിക്കൊണ്ടുള്ള സി.പി.എം നേതാക്കളുടെ ഇപ്പോഴത്തെ വരവ് ഭൂരിപക്ഷങ്ങളില്‍ ഓളം സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ്. പിണറായിയും വിജയരാഘവനും പി ജയരാജനുമെല്ലാം പ്രസ്താവനകളുമായി മത്സരിക്കുകയാണ്. മുസ്‌ലിംലീഗ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നുവെന്ന പിണറായിയുടെ വര്‍ഗീയ പ്രസ്താവന ശക്തമായ എതിര്‍പ്പുകള്‍ക്കൊടുവില്‍ ചില വ്യാഖ്യാനം നല്‍കി അദ്ദേഹത്തിന്തന്നെ പിന്‍വലിക്കേണ്ടി വന്നിരിക്കുകയാണ്. മനസില്‍ വര്‍ഗീയതയുള്ളതുകൊണ്ടാണ് സമസ്ത മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചത് എന്ന ജയരാജന്റെ പ്രസ്താവന പിന്നീട് അദ്ദേഹത്തിന്തന്നെ വിഴുങ്ങേണ്ടിവന്നു. ഇതെല്ലാം വിശദീകരിക്കാന്‍വേണ്ടി മലപ്പുറത്ത് പത്രസമ്മേളനം വിളിച്ച പാര്‍ട്ടി സെക്രട്ടറി എ വിജയരാഘവന്‍ മുസ്‌ലിംലീഗിനെതിരെ അതിശക്തമായ വര്‍ഗീയാരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിനെതിരെയുള്ള സി.പി.എം നേതാക്കളുടെ വര്‍ഗീയാരോപണങ്ങള്‍ ഒട്ടും മറുപടി അര്‍ഹിക്കുന്നില്ല. ദേശാഭിമാനി പത്രം പോലും ഒരു ഘട്ടത്തില്‍ ‘മുസ്‌ലിംലീഗിനെ വര്‍ഗീയ കക്ഷിയായി ഒരിക്കലും സിപിഐ(എം) കണ്ടില്ല’ എന്നു മുഖപ്രസംഗം എഴുതിയത് പാര്‍ട്ടി സെക്രട്ടറി വായിച്ചുനോക്കുന്നത് നല്ലതാണ്.

മുസ്‌ലിംലീഗിനെതിരെ വര്‍ഗീയാരോപണം നടത്തുന്ന സി.പി.എം നേതാക്കള്‍ ഒന്ന് തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. കേരളപ്പിറവിക്ക് മുമ്പ്‌പോലും മുസ്‌ലിംലീഗിന്റെ പിന്തുണ ലഭിക്കാന്‍ ഓടിനടന്ന അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് എന്നു മുതലാണ് മുസ്‌ലിംലീഗ് വര്‍ഗീയമായി തുടങ്ങിയത്. മദിരാശി അസംബ്ലിയിലേക്ക് നടന്ന ഒന്നാമത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 152 സീറ്റ് നേടി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ 62 സീറ്റുകള്‍ നേടിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയും 35 സീറ്റുകള്‍ നേടിയ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയും ശ്രമം നടത്തി. കോണ്‍ഗ്രസിതര സര്‍ക്കാറുണ്ടാക്കുന്നതിന് മുസ്‌ലിംലീഗിന്റെ പാര്‍ട്ടി ലീഡര്‍ ഉപ്പിസാഹിബുമായി നിരന്തരം ചര്‍ച്ച നടത്തിയിരുന്നത് പില്‍ക്കാലത്ത് സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യു പ്രഥമ ജനറല്‍ സെക്രട്ടറിയുമായിരുന്ന പി രാമമൂര്‍ത്തിയായിരുന്നു. ഉപ്പിസാഹിബിന് പുറമെ കെ.എം സീതി സാഹിബ്, ചാക്കീരി അഹമ്മദ്കുട്ടി, കെ.കെ മുഹമ്മദ് ഷാഫി, എം ചടയന്‍ എന്നിവരും അന്ന് മദിരാശി അസംബ്ലിയില്‍ മുസ്‌ലിംലീഗിന്റെ എം.എല്‍.എമാരായിരുന്നു. കമ്യൂണിസ്റ്റ് നേതാവായ കെ. ആനന്ദ നമ്പ്യാര്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ മുസ്‌ലിംലീഗ് കമ്യൂണിസ്റ്റുകാര്‍ക്ക് പിന്തുണ നല്‍കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. എന്നാല്‍ സായുധ കലാപത്തിലൂടെ വിപ്ലവം നടത്തണമെന്ന രണദിവെ സിദ്ധാന്തം സ്വീകരിച്ചിരുന്ന അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനാധിപത്യ സമ്പ്രദായങ്ങളില്‍ വിശ്വാസമുണ്ടായിരുന്നില്ല. രാഷ്ട്രത്തോട് കൂറുള്ള ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലക്ക് മനുഷ്യസ്വാതന്ത്ര്യം നിഷേധിക്കുന്ന പ്രത്യയശാസ്ത്രത്തിന് പിന്തുണ നല്‍കുന്നത് മുസ്‌ലിംലീഗിന് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. മുസ്‌ലിംലീഗും കോമണ്‍വീല്‍ പാര്‍ട്ടിയും കൃഷികര്‍ ലോക് പാര്‍ട്ടിയും 15 സ്വതന്ത്രരും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെയാണ് രാജാജിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മദിരാശിയില്‍ അധികാരത്തില്‍ വന്നത്.

കേരളപ്പിറവിക്ക് ശേഷം 1957 ല്‍ ഒന്നാം കേരള സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിലവില്‍ വന്നപ്പോള്‍ അവിടെയും മുസ്‌ലിംലീഗിന്റെ സഹായം ഉണ്ടായിരുന്നുവെന്ന കാര്യം സി.പി.എം നേതാക്കള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ? 127 അംഗങ്ങളില്‍ അഞ്ചു സ്വതന്ത്രരടക്കം 65 അംഗങ്ങള്‍ മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. തലശേരിയില്‍ മത്സരിച്ച വി.ആര്‍ കൃഷ്ണയ്യര്‍ അടക്കമുള്ള അഞ്ചു സ്വതന്ത്രരും വിജയിച്ചത് മുസ്‌ലിംലീഗിന്റെ പിന്തുണയോടുകൂടിയായിരുന്നു. ആ പിന്തുണ കാരണമാണ് ഇ.എം.എസ് ആദ്യത്തെ കേരള മുഖ്യമന്ത്രിയായത്. 1962 ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ തലശ്ശേരിയിലും വടകരയിലും മുസ്‌ലിംലീഗിന്റെ പിന്തുണ സ്വീകരിച്ചാണ് എസ്.കെ പൊറ്റക്കാടും എ. വി രാഘവനും വിജയിച്ചതെന്ന ചരിത്രം സി.പി.എമ്മിന് മറക്കാന്‍ കഴിയുമോ? 1965 ലെ തെരഞ്ഞെടുപ്പിലും മുസ്‌ലിംലീഗിന്റെ പിന്തുണ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ തേടിയിട്ടില്ലേ? വര്‍ഗീയ പാര്‍ട്ടിയെന്ന് സി.പി.എം അവര്‍ക്ക് തോന്നുമ്പോഴൊക്കെ വിളിച്ചുപറയുന്ന മുസ്‌ലിംലീഗിന്റെ പിന്തുണ അന്നെന്തുകൊണ്ട് ഇ.എം.എസും സഹപ്രവര്‍ത്തകരും വേണ്ടെന്നുവെച്ചില്ല?

1967 ല്‍ മുസ്‌ലിംലീഗുമായി സഖ്യം ചേരുകയും ഇ.എം.എസ് മുഖ്യമന്ത്രിയും സി.എച്ച് വിദ്യാഭ്യാസമന്ത്രിയുമായി പ്രവര്‍ത്തിച്ചിരുന്ന സപ്തകക്ഷി മുന്നണിയുടെ കാലത്ത് മുസ്‌ലിംലീന്റെ മതനിരപേക്ഷതയെ വാനോളം ഉയര്‍ത്തിക്കാണിച്ചിരുന്നവരായിരുന്നു സി.പി.എം നേതാക്കള്‍. സി.പി.എം, സി.പി.ഐ, മുസ്‌ലിംലീഗ്, ആര്‍.എസ്.പി, കെ.ടി.പി, എസ്.എസ്.പി, കെ.എസ്.പി എന്നീ കക്ഷികള്‍ നേതൃത്വം നല്‍കിയ സപ്തകക്ഷി മുന്നണി രണ്ടര വര്‍ഷത്തോളം കേരളം ഭരിച്ചു. 1969 ഒക്ടോബര്‍ 24 ന് സപ്തകക്ഷി മുന്നണി ശിഥിലമായി സര്‍ക്കാര്‍ വീഴുന്ന സന്ദര്‍ഭത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയിലും മുസ്‌ലിംലീഗിന്റെ ‘വര്‍ഗീയത’ ചര്‍ച്ചയായിരുന്നു. ആര്‍.എസ്.പി നേതാവ് ടി.കെ ദിവാകരന്‍ അന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു പറഞ്ഞ ചില കാര്യങ്ങള്‍ പ്രസക്തമാണ്. മുസ്‌ലിംലീഗിനെതിരെ വര്‍ഗീയ ആരോപണങ്ങള്‍ അഴിച്ചുവിടുന്നതിലും ഇതര സമുദായങ്ങളെയും പാര്‍ട്ടികളെയും തെറ്റിദ്ധരിപ്പിക്കുന്നതിലും മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ നിര്‍വഹിച്ച പങ്ക് എത്രത്തോളമായിരുന്നുവെന്ന് ടി.കെയുടെ പ്രസംഗം തെളിവാണ്. അദ്ദേഹം പറഞ്ഞു: ‘മുസ്‌ലിംലീഗിനെ ചേര്‍ത്തുകൊണ്ട് ഐക്യമുന്നണിയുണ്ടാക്കാന്‍ ഞങ്ങള്‍ എതിര്‍ത്തു എന്നാണ് നിങ്ങള്‍ (സി.പി.എം) ആരോപിക്കുന്നത്.

ഞങ്ങള്‍ക്ക് മുസ്‌ലിംലീഗിനെ പറ്റി, ഒരു ചെറിയ പാര്‍ട്ടിയായതുകൊണ്ട്, ഞങ്ങള്‍ മലബാറില്‍ പ്രവര്‍ത്തിച്ചു പരിചയമില്ലാത്തവരായത്‌കൊണ്ട് കേട്ടുകേള്‍വി മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഖാവ് ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടും മറ്റും മുന്‍കാലങ്ങളില്‍ പറഞ്ഞുകേട്ട അറിവു മാത്രമേ ഞങ്ങള്‍ക്ക് മുസ്‌ലിംലീഗിനെപറ്റി ഉണ്ടായിരുന്നുള്ളൂ. പല ആലോചനകളും നടത്തിയശേഷം ഞങ്ങള്‍ പറഞ്ഞു ഒരു വര്‍ഗീയ സംഘടനയെന്ന നിലക്ക് അവരുമായി കൂട്ടുകൂടാന്‍ ഞങ്ങള്‍ക്ക് വിഷമമുണ്ടെന്ന്.’ (വേേു://സഹമുൃീരലലറശിഴ.െിശ്യമാമമെയവമ.ീൃഴ/). സി.പി.എം നടത്തിയ വര്‍ഗീയ പ്രചാരണമാണ് ആര്‍.എസ്.പി അടക്കമുള്ള ഇതര കക്ഷികള്‍ക്ക് മുസ്‌ലിംലീഗിനെക്കുറിച്ച് തെറ്റായ കാഴ്ചപ്പാടുണ്ടാക്കിയതെന്നാണ് ഇത് വ്യക്തമാക്കുന്നത്. തുടര്‍ന്നു ടി.കെ ദിവാകരന്‍ പറഞ്ഞു: ‘1965ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയ സഖ്യം എവിടെ തുടങ്ങി എവിടെ അവസാനിച്ചു എന്നു പറയാന്‍ കഴിയുമോ? ചില നിയോജക മണ്ഡലങ്ങളില്‍ ഒറ്റക്കു മത്സരിച്ചു. മറ്റു ചില നിയോജകമണ്ഡലങ്ങളില്‍ ശ്രീ ബാഫഖി തങ്ങളുടെ തോളില്‍ കൈയുമിട്ട് നില്‍ക്കുന്നത് കാണാമായിരുന്നു.’ അതേ പ്രസംഗത്തില്‍തന്നെ ടി.കെ ദിവാകരന്‍ മുസ്‌ലിംലീഗിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘മുസ്‌ലിംലീഗുമായി ഉണ്ടായ അനുഭവം കൊണ്ട് ഒരു കാര്യം മനസ്സിലായി. മാര്‍ക്‌സിസത്തിലും ലെനിനിസത്തിലും അവര്‍ക്ക് വിശ്വാസമുണ്ടെന്ന് പറയുകയല്ല. പക്ഷെ, ഒരു രാഷ്ട്രീയം അവര്‍ക്കുണ്ട് നേരെവാ നേരെ പോ. അതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. മാര്‍ക്‌സിസവും ലെനിനിസവും അതിന്റെ കൂടെ ചാണക്യസൂത്രവും ഉണ്ട് നിങ്ങള്‍ക്ക് (സി.പി.എമ്മിന്). ഞങ്ങള്‍ക്ക് ചാണക്യസൂത്രം അറിഞ്ഞുകൂടാ.’ ഇ.എം.എസ് മന്ത്രിസഭ നിലംപൊത്തിയ ശേഷം 1970 മുതല്‍ സി.പി.ഐ, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, പി.എസ്.പി, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഒരുമിച്ചാണ് ഭരിച്ചത്. സി.പി.ഐ എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി മുസ്‌ലിംലീഗുമായി ഏകദേശം പത്തു വര്‍ഷക്കാലം ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ രാഷ്ട്രീയത്തില്‍ പിടിച്ചുനിന്ന സി.പി.എമ്മിനും സി.പി.ഐക്കും മുസ്‌ലിംലീഗിനെതിരെ എന്ത് വര്‍ഗീയതയാണ് ആരോപിക്കാനുള്ളത്? 1975 മുതല്‍ 1985 വരെ അഖിലേന്ത്യാമുസ്‌ലിംലീഗുമായും രാഷ്ട്രീയ സഖ്യമുണ്ടാക്കിയവരാണ് സി.പി.എം. മുസ്‌ലിംലീഗില്‍നിന്നും വിഘടിച്ചുപോയ ഐ.എന്‍.എല്ലുമായി ഇപ്പോഴും അവര്‍ സഖ്യത്തിലുമാണ്.

1969 ഒക്ടോബറില്‍ സി.പി.എം-മുസ്‌ലിംലീഗ് ബന്ധം ഉലഞ്ഞതോടെ ഇ.എം.എസിനും കൂട്ടുകാര്‍ക്കും മുസ്‌ലിംലീഗ് ചതുര്‍ഥിയായി. തുടര്‍ന്നങ്ങോട്ട് മുസ്‌ലിംലീഗിനെതിരെ വര്‍ഗീയ ആരോപണങ്ങള്‍ നടത്തി പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും മുസ്‌ലിംലീഗിനെ ചൂണ്ടിക്കാണിച്ച് ഭൂരിപക്ഷ സമുദായങ്ങളെ പേടിപ്പിക്കുവാനുമായിരുന്നു അവര്‍ ശ്രമിച്ചിരുന്നത്. 1984 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തെത്തിയ ഹിന്ദു മുന്നണി സ്ഥാനാര്‍ഥി കേരളവര്‍മ്മരാജക്ക് ലഭിച്ച വോട്ടിന്റെ കണക്കുകള്‍ സൂചിപ്പിച്ചുകൊണ്ട് ഇ.എം.എസ് മുസ്‌ലിംലീഗിനെയായിരുന്നു അക്രമിച്ചിരുന്നത്. ഹിന്ദുമുന്നണി വളരാനുള്ള കാരണം മുസ്‌ലിംലീഗിന്റെ സാന്നിധ്യമാണെന്നായിരുന്നു ഇ.എം.എസിന്റെ കണ്ടുപിടുത്തം. അഖിലേന്ത്യാ ലീഗ് അന്ന് സി.പി.എമ്മിന്റെ കൂടെയായിരുന്നുവെങ്കിലും ഇ.എം.എസ് ശരീഅത്ത് വിവാദങ്ങള്‍ കത്തിച്ചുകൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്. ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്നതിന്‌വേണ്ടി മുസ്‌ലിംലീഗിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ഭയപ്പാടുകള്‍ വളര്‍ത്താനായിരുന്നു സി.പി.എം അന്ന് ശ്രമിച്ചിരുന്നത്. അഖിലേന്ത്യാലീഗ് മുന്നണി വിടുകയും മുസ്‌ലിംലീഗ് ഐക്യം പൂര്‍ണ്ണമാവുകയും ചെയ്തു എന്ന തിരിച്ചടിയാണ് ഹൈന്ദവ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയും ശരീഅത്തിനെ കടന്നാക്രമിക്കുകയും ചെയ്ത സി.പി.എമ്മിന് ലഭിച്ചത്.

പക്ഷെ മുസ്‌ലിംലീഗ് വര്‍ഗീയ കക്ഷിയല്ലെന്നും മുസ്‌ലിംലീഗുമായുള്ള സഖ്യം ഇടതുപക്ഷത്തിന് വലിയ ഗുണമാണ് ചെയ്യുക എന്നുമുള്ള കാഴ്ചപ്പാട് വെച്ചുപുലര്‍ത്തിയിരുന്ന നേതാക്കള്‍ സി.പി.എമ്മിലുണ്ടായിരുന്നു. 1985ല്‍ യോജിച്ച് വന്‍ശക്തിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാന്‍ വേണ്ട ശ്രമങ്ങള്‍ അവര്‍ നടത്തി. അതായിരുന്നു സി.പി.എമ്മില്‍ വന്‍വിവാദമായി മാറിയ 1985 ലെ സി.പി.എമ്മിനകത്തെ ബദല്‍രേഖയുടെ കാരണം. ‘1965ല്‍ മുസ്‌ലിംലീഗുമായി പരിമിതമായ ധാരണയില്‍ എത്തിയതും 1967ല്‍ പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു മുന്നണി ഉണ്ടാക്കിയതും ’74ല്‍ അഖിലേന്ത്യാ മുസ്‌ലിംലീഗിനെ മുന്നണിയില്‍ പങ്കാളിയാക്കിയതും ’70ല്‍ കേരളാ കോണ്‍ഗ്രസുമായി ഹ്രസ്വകാല ധാരണയുണ്ടാക്കിയതും എല്ലാം ശരിയായിരുന്നു. മാത്രമല്ല, ഇതെല്ലാംതന്നെ കോണ്‍ഗ്രസ് സ്വേച്ഛാധിപത്യത്തിനെതിരായ നമ്മുടെ സമരത്തെ സഹായിക്കുന്നവയുമായിരുന്നു.’ ഇതായിരുന്നു ബദല്‍രേഖ അഭിപ്രായപ്പെട്ടിരുന്നത്. എം.വി രാഘവന്‍, പി.വി കുഞ്ഞിക്കണ്ണന്‍, പുത്തലത്ത് നാരായണന്‍, ടി. ശിവദാസമേനോന്‍, ഇ.കെ ഇമ്പിച്ചിബാവ, പാട്യം രാജന്‍, സി.കെ ചക്രപാണി, വി.വി ദക്ഷിണാമൂര്‍ത്തി, സി.പി മൂസാന്‍കുട്ടി എന്നീ പ്രമുഖ നേതാക്കള്‍ ഒപ്പുവെച്ച ബദല്‍രേഖക്ക് ഇ.കെ നായനാരുടെയും പിന്തുണ ഉണ്ടായിരുന്നു. സെക്രട്ടറിയേറ്റില്‍ ഭൂരിപക്ഷവും ബദല്‍രേഖക്ക് അനുകൂലമായിരുന്നു. എന്നുപറഞ്ഞാല്‍ മുസ്‌ലിംലീഗ് വര്‍ഗീയമല്ലെന്നും മുസ്‌ലിംലീഗുമായി സഖ്യമുണ്ടാക്കുന്നതിന് യാതൊരു വിരോധവുമില്ലെന്നുമുള്ള അഭിപ്രായമായിരുന്നു സി.പി.എം സെക്രട്ടറിയേറ്റില്‍ ഭൂരിപക്ഷത്തിനും ഉണ്ടായിരുന്നത്. എന്നാല്‍ സി.പി.എമ്മിനകത്തെ ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്നവര്‍ക്ക് മുസ്‌ലിംലീഗ് വര്‍ഗീയമാണ് എന്നു കാണിക്കല്‍ അനിവാര്യമായിരുന്നു. സവര്‍ണ വരേണ്യ വര്‍ഗങ്ങളിലാണ് സി.പി.എമ്മിന്റെ കടിഞ്ഞാണ്‍ എന്നതാണ് അതിന്റെ കാരണം.

ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ തരാതരം താലോലിച്ച് മതനിരപേക്ഷതയുടെ പ്രതലങ്ങള്‍ക്ക് വിള്ളല്‍ വരുത്തിക്കൊണ്ടുള്ള സി.പി.എമ്മിന്റെ അവസരവാദപരമായ നിലപാടുകള്‍ക്കെതിരെ മുഴുവന്‍ ജനവിഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിഷേധം ഉയരേണ്ടതുണ്ട്. മതനിരപേക്ഷതക്കും സൗഹാര്‍ദ്ദത്തിനും ഊന്നല്‍ നല്‍കി വര്‍ഗീയതക്കെതിരെ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള കേരളത്തിലെ മുസ്‌ലിം മുഖ്യധാരാ പ്രസ്ഥാനങ്ങളെയും മുസ്‌ലിംലീഗിനെയും വര്‍ഗീയതയുടെ നുകത്തില്‍ കെട്ടാനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശ്രമം കേരളത്തിലെ മതേതര സമൂഹം തള്ളിക്കളയുകതന്നെ ചെയ്യും.
(അവസാനിച്ചു)