ജാസിം അലി

ജസീന്തയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് വിജയത്തിലേക്ക് നയിച്ചതെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടനെ ലേബര്‍ പാര്‍ട്ടി പ്രസിഡണ്ട് ക്ലെയ്‌റെ സാബോ പ്രസ്താവിച്ചത് വെറുതെയല്ല. ന്യൂസിലാന്റിനെ വാനോളം ഉയര്‍ത്തിയ ജസീന്ത ആര്‍ഡന്‍ അല്ലാതെ മറ്റൊരു സാധ്യത ആ രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിച്ചതേയില്ല. കാല്‍ നൂറ്റാണ്ടിനുശേഷമാണ് ന്യൂസിലാന്റ് പൊതു തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ജനവിധി ഉണ്ടായതെന്നറിയുമ്പോള്‍ ജനങ്ങള്‍ എത്രമാത്രം ജസീന്തയില്‍ വിശ്വാസമര്‍പ്പിച്ചിരുന്നുവെന്ന് വ്യക്തമാകും.

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിനുശേഷമാണ് ജസീന്തയെ ലോകം കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയത്. ലോക നേതാക്കളില്‍നിന്ന് വ്യത്യസ്തമായി പ്രതികരിച്ചതാണ് അവരുടെ മഹത്വം വ്യക്തമാക്കിയത്. മുസ്‌ലിം പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നടന്നുകൊണ്ടിരിക്കേയാണ് ഭീകരന്‍ ആക്രമണം അഴിച്ചുവിട്ടത്. പ്രാര്‍ത്ഥനക്കിടയില്‍ നടന്ന ആക്രമണത്തില്‍ അന്‍പത് നിരപരാധികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്മുമ്പ് പ്രതിയായ ബ്രെന്‍ഡന്‍ ടെറന്റ് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ക്രൂരകൃത്യം ചെയ്യുന്നതിന് മുമ്പ് പ്രധാനമന്ത്രി ഉള്‍പ്പടെ 30 പേര്‍ക്ക് 74 പേജുള്ള നയരേഖയും പ്രതി അയച്ചു. എന്നാല്‍ എവിടെയാണ് ആക്രമണം നടത്തുന്നതെന്ന സൂചന ഇയാള്‍ നല്‍കിയില്ല. രണ്ട് മിനിറ്റുകള്‍ക്കകം അന്വേഷിക്കാന്‍ ഉത്തരവിട്ടെങ്കിലും അപ്പോഴേക്കും ആക്രമണം നടന്നിരുന്നു.

‘അസ്സലാമു അലൈക്കും’ എന്ന അഭിസംബോധനയോടെയാണ് ഭീകരാക്രമണത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ജസീന്ത പാര്‍ലമെന്റിനെ അഭിമുഖീകരിച്ചത്. ക്രൈസ്റ്റ്ചര്‍ച്ചിലെത്തി മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും രക്ഷാപ്രവര്‍ത്തകരെയും കണ്ട അവര്‍ ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ വന്നത് ഹിജാബ് ധരിച്ചായിരുന്നു. ബന്ധുക്കളെ വെറുതെ ആശ്വസിപ്പിക്കുകയായിരുന്നില്ല; അവരിലൊരാളായി അവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. തലസ്ഥാനമായ വെല്ലിന്‍ഗ്ടണില്‍ ആരംഭിച്ച അനുശോചന പുസ്തകത്തില്‍ ആദ്യത്തെ കുറിപ്പ് പ്രധാനമന്ത്രി ആര്‍ഡണിന്റേതായിരുന്നു. തോക്ക് ഉപയോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന ജസീന്ത ന്യൂസിലാന്റിലോ ലോകത്ത് മറ്റെവിടെയെങ്കിലുമോ യാതൊരു സ്ഥാനവുമില്ലാത്ത തീവ്രവാദ ആശയങ്ങളുള്ള ആളുകളാണ് ആക്രമണം നടത്തിയതെന്ന ശ്രദ്ധേയ പ്രസ്താവനയാണ് നടത്തിയത്. വെടിവെപ്പിനോടുള്ള ആര്‍ഡണിന്റെ പ്രതികരണം അന്താരാഷ്ട്രതലത്തില്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മനുഷ്യത്വം അല്‍പം കൂടുതലാണ് അവര്‍ക്ക്. അതുകൊണ്ടാണ് ഒരു രാജ്യത്തിന്റെ പരമോന്നത പദവിയില്‍ ഇരിക്കുമ്പോഴും ഇത്രയേറെ വിനയത്തോടെ പെരുമാറാന്‍ സാധിക്കുന്നത്. വെറും അമ്പതുലക്ഷം ജനസംഖ്യയുള്ള ന്യൂസിലാന്റിലെ ന്യൂനപക്ഷമായ മുസ്‌ലിംകളില്‍ മാത്രമല്ല, യൂറോപ്പിലെതന്നെ വലിയൊരു വിഭാഗം മുസ്്‌ലിം ജനതയില്‍ ജസീന്തയുടെ ഈ നടപടി ഉണ്ടാക്കിയ സുരക്ഷിതബോധം ഒട്ടും ലഘുവായിരുന്നില്ല.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്തംബറില്‍ നടക്കാനിരുന്ന പൊതുതെരഞ്ഞെടുപ്പ് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടും ജസീന്തയുടെ പേര് ലോക രാജ്യങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. രാജ്യത്തെ കോവിഡ് വ്യാപനത്തെ വിജയകരമായി പിടിച്ചുനിര്‍ത്താന്‍ സാധിച്ചതാണ് ജസീന്തയെ തുണച്ചത്. കോവിഡ് കൈകാര്യം ചെയ്തതിലെ മിടുക്ക് അവര്‍ക്ക് അനുകൂലമായി. മഹാമാരിയെ നേരിടാന്‍ നേരത്തെതന്നെ ആളുകളോട് സഞ്ചാരം കുറയ്ക്കാനും ലോക്ഡൗണില്‍ പോകാനും ആവശ്യപ്പെട്ടു. ജനമത് ശിരസാവഹിച്ചു. രാജ്യത്ത് മാര്‍ച്ച് ആദ്യംതന്നെ വ്യാപകമായി കോവിഡ് പരിശോധന ആരംഭിച്ചു. ഫലം യൂറോപ്പില്‍ മരണസംഖ്യ കുതിച്ചപ്പോള്‍ ജസീന്തയുടെ രാജ്യത്ത് 100ല്‍ 95 പേരും സുഖപ്പെട്ടു. ലോക രാഷ്ട്രങ്ങളില്‍ ഏറ്റവും കുറഞ്ഞ കോവിഡ് മരണസംഖ്യ രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ന്യൂസിലാന്റ്. പല രാജ്യങ്ങളും പകച്ചുനിന്നപ്പോഴും അവര്‍ കോവിഡ് എന്ന മഹാമാരിയെ അസാധാരണ മികവോടെ പ്രതിരോധിച്ചു.

ആരോഗ്യപ്രവര്‍ത്തകരെ ജസീന്ത ആദരിച്ചത് വേറിട്ടൊരു രീതിയിലാണ്. 1956 ലെ ഹെല്‍ത്ത് ആക്ട് പ്രകാരം അവര്‍ക്ക് സവിശേഷമായ അധികാരങ്ങള്‍ നല്‍കി. അങ്ങനെ മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്നവരോട് നന്ദി പ്രകാശിപ്പിച്ചു. ന്യൂസിലാന്റിന്റെ ആരോഗ്യമേഖല സുരക്ഷിതമാക്കാനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടു. യാതൊരു ഉപകാരവുമില്ലാത്ത കാര്യങ്ങള്‍ ചെയ്യണമെന്ന് ജനങ്ങളോട് ജസീന്ത ആഹ്വാനം ചെയ്യാറില്ല. അവര്‍ സ്വീകരിക്കുന്ന നടപടികളെല്ലാം ന്യൂസിലാന്റിന്റെ പുരോഗതി ഉന്നംവെച്ചാണ്. കിവി പക്ഷിയുടെ നാട് കൊറോണയെ നേരിടാന്‍ പുതിയ പാക്കേജാണ് നടപ്പിലാക്കിയത്. റോസ് ആര്‍ഡന്റെയും ലോറല്‍ ആര്‍ഡന്റെയും രണ്ടാമത്തെ സന്താനമാണ് ജസീന്ത. ആദ്യം ജനിച്ചത് പെണ്‍കുഞ്ഞായതുകൊണ്ട് രണ്ടാമൂഴത്തില്‍ റോസും ലോറലും ഒരു മകനെയാണ് ആഗ്രഹിച്ചത്. മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്കു വിരുദ്ധമായി ജസീന്ത പിറന്നുവീണു. മുപ്പത്തിയേഴാം വയസ്സില്‍ ന്യൂസിലന്റിന്റെ പ്രധാനമന്ത്രിപദം ഏറ്റെടുക്കുമ്പോള്‍ ലോകത്തെ വിരലിലെണ്ണാവുന്ന വനിതാനേതാക്കളില്‍ ഒരുവളായിരുന്നു ജസീന്ത. ക്രിസ്തുമത വിശ്വാസിയാണ്. ബൈബിള്‍ വാചകങ്ങള്‍ ഉരുവിട്ട് വളര്‍ന്ന പെണ്‍കുട്ടി. പക്ഷേ എല്‍.ജി.ബി.ടിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടപ്പോള്‍ അവര്‍ക്ക് പള്ളിയുമായി കലഹിക്കേണ്ടി വന്നു. പ്രൈഡ് പരേഡില്‍ പങ്കെടുത്ത ആദ്യ കിവി പ്രധാനമന്ത്രി കൂടിയായിരുന്നു ജസീന്ത. അതിന്റെ പേരില്‍ പല അധിക്ഷേപങ്ങളും കേള്‍ക്കേണ്ടിവന്നു.

പക്ഷേ മനുഷ്യനാണ് പ്രധാനമെന്ന വാദത്തില്‍ ജസീന്ത ഉറച്ചുനില്‍ക്കുന്നു. നിരീശ്വരവാദികളെയും ഉറച്ച മതവിശ്വാസികളെയും ഒരുപോലെ പിന്തുണക്കുന്നു. വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് വാദിക്കുന്നു. പ്രധാനമന്ത്രിപദത്തിലിരിക്കെ കുഞ്ഞിന് ജന്മം നല്‍കിയ രണ്ടാമത്തെ മാത്രം വനിതയാണ് ജസീന്ത. 1990ല്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ പ്രസവിച്ചതിനുശേഷം തെരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്ര നേതാവ് അധികാരത്തിലിരിക്കേ പ്രസവിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. പ്രൊഫഷണല്‍ ലൈഫും പേഴ്‌സണല്‍ ലൈഫും ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ ഒരു പെണ്ണിന് കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണം. പൊതു ആശുപത്രിയില്‍ വെച്ചാണ് ജസീന്ത മകള്‍ക്ക് ജന്മം നല്‍കിയത്. അവര്‍ സ്വകാര്യ ഹോസ്പിറ്റല്‍ തേടിപ്പോയില്ല. ആഢംബരങ്ങളും പരിവാരങ്ങളും അധിക ശ്രദ്ധയും ആവശ്യപ്പെട്ടില്ല. ഇതുപോലൊരു പ്രധാനമന്ത്രിയെ ഏതു രാജ്യവും സ്വാഗതം ചെയ്യും.

ഇതുപോലൊരു ജീവിതം അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമാകും. അതുതന്നെയാണ് ന്യൂസിലാന്റില്‍ ഇപ്പോള്‍ സംഭവിച്ചതും. 2008ലെ പൊതു തെരഞ്ഞെടുപ്പിലാണ് ജസീന്ത ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2001ല്‍ വൈകാറ്റൊ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയശേഷം ആര്‍ഡണ്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്കിന്റെ ഓഫീസില്‍ ഗവേഷകയായി ജോലി ആരംഭിച്ചു. പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണിബ്ലെയറിന്റെ നയ ഉപദേഷ്ടാവായി ജോലി ചെയ്തു. 2008ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സോഷ്യലിസ്റ്റ് യൂത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2008 ലെ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ പിന്നിലായെങ്കിലും ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ പാര്‍ലമെന്റിലെത്തിയ ജസീന്ത 2010 വരെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റംഗമായി തുടര്‍ന്നു. 2014 ല്‍ ഓക്ക്‌ലാന്‍ഡ് സെന്‍ട്രലില്‍നിന്ന് വീണ്ടും രണ്ടാം സ്ഥാനത്തെത്തിയെങ്കിലും പാര്‍ട്ടി പിന്തുണയോടെ പാര്‍ലമെന്റിലെത്തി. നീതി, കുഞ്ഞുങ്ങള്‍, ചെറുകിട വ്യാപാരം, കല സംസ്‌കാരം എന്നിവക്കായുള്ള നിഴല്‍ വക്താവായി പ്രവര്‍ത്തിച്ചു. 2017ല്‍ മൗണ്ട് ആല്‍ബര്‍ട്ട് ഉപതെരഞ്ഞെടുപ്പില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

2017 ഒക്ടോബര്‍ 19ന് ലേബര്‍ പാര്‍ട്ടി, ന്യൂസിലാന്റ് ഫസ്റ്റ്, ഗ്രീന്‍ പാര്‍ട്ടി എന്നിവയുടെ പിന്തുണയോടെ പ്രധാനമന്ത്രിപദത്തിലെത്തി. ജെന്നി ഷിപ്ലിക്കും (1997-1999) ഹെലന്‍ ക്ലാര്‍ക്കിനും (1999-2008) ശേഷം ന്യൂസിലാന്റിന്റെ മൂന്നാമത്തെ വനിതാപ്രധാനമന്ത്രിയാണ് ആര്‍ഡണ്‍. 37 വയസ്സില്‍ പ്രധാനമന്ത്രിയായ ആര്‍ഡണ്‍ 1856ല്‍ പ്രധാനമന്ത്രിയായ എഡ്വേഡ് സ്റ്റഫോഡിനുശേഷം ആ സ്ഥാനത്തെത്തിയ പ്രായം കുറഞ്ഞ വ്യക്തിയാണ്. മോറിസ്വില്ലെ കോളജില്‍ വിദ്യാഭ്യാസം നേടിയ ജസീന്ത, സ്‌കൂള്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിലെ വിദ്യാര്‍ത്ഥി പ്രതിനിധികൂടിയായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് വൈക്കാറ്റോയില്‍ ഉപരിപഠനത്തിനുചേര്‍ന്ന അവര്‍ അവിടെനിന്ന് 2001 ല്‍ രാഷ്ട്രീയം പബ്ലിക് റിലേഷന്‍ എന്നിവ ഐഛികയമായി ബാച്ചിലര്‍ ഓഫ് കമ്യൂണിക്കേഷന്‍ സ്റ്റഡീസില്‍ (ബി.സി.എസ്) ബിരുദമെടുത്തു.
1999 ലെ പൊതുതെരഞ്ഞെടുപ്പില്‍ ന്യൂ പ്ലിമത്ത് എം.പി ഹാരി ഡൂയിന്‍ഹോവനുവേണ്ടി അദ്ദേഹത്തിന്റെ പുനര്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നതിന് സഹായിക്കാനായി ലേബര്‍ പാര്‍ട്ടിയുടെ ദീര്‍ഘകാല അംഗവും ജസീന്തയുടെ അമ്മായിയുമായിരുന്ന മേരി ആര്‍ഡനാണ് ജസീന്തയെ രാഷ്ട്രീയത്തിലേക്കുകൊണ്ടുവന്നത്. ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡ് ആണ് ജീവിത പങ്കാളി. സ്വന്തം പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടായിരുന്ന ഇവരുടെ പാഡില്‍സ് എന്ന് പേരായ പൂച്ച, ആര്‍ ഡണ്‍ അധികാരമേറ്റപ്പോള്‍ ‘പ്രഥമ മാര്‍ജ്ജാരന്‍’ എന്ന പേരില്‍ പ്രശസ്തനായി.

ആദ്യമായി സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയ രാഷ്ട്രം കൂടിയാണ് ന്യൂസിലന്‍ഡ്-1893ല്‍. വീണ്ടും ഒരിക്കല്‍കൂടി ആ ജനത ഏറ്റവും അര്‍ഹമായ കരങ്ങളില്‍ അധികാരം ഏല്‍പിച്ചിരിക്കുന്നു. ജസീന്ത ആര്‍ഡനെയും ലേബര്‍ പാര്‍ട്ടിയെയും വീണ്ടും തെരഞ്ഞെടുത്തതിലൂടെ ലോകത്തിനു മുഴുവന്‍ ന്യൂസിലാന്റ് ജനത നല്‍കുന്ന സന്ദേശം വംശീയതയുടെയും വെറുപ്പിന്റെയും ഉന്മൂലനത്തിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ക്ക് ന്യൂസിലാന്റിന്റെ മണ്ണില്‍ സ്ഥാനമില്ലെന്നാണ്.