Connect with us

columns

ന്യൂസിലാന്റ് സമീപനം മാതൃക

Published

on

കെ. മൊയ്തീന്‍കോയ

ന്യൂനപക്ഷങ്ങളെ ചേര്‍ത്ത്പിടിച്ചും മത സൗഹാര്‍ദ്ദത്തിന് ഉദാത്ത മാതൃക സൃഷ്ടിച്ചും ന്യൂസിലാന്റും പ്രധാനമന്ത്രി ജസീന്ത ആന്‍ഡറും ലോകത്തിന്റെ നെറുകയില്‍. രാഷ്ട്രാന്തരീയ സമൂഹത്തിന് അനുകരിക്കാം, ഈ കൊച്ചു രാജ്യത്തെയും അവരുടെ ആത്മാര്‍ത്ഥമായ നിലപാടുകളേയും. ഭീകരതയും തീവ്രവാദവും സൃഷ്ടിക്കുന്ന സംഘര്‍ഷഭരിതവും ഭീതിദവുമായ ലോക സാഹചര്യങ്ങളെ പരാജയപ്പെടുത്താം, ന്യൂസിലാന്റ് മാതൃക പിന്‍പറ്റുന്നതിലൂടെ. ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലെ രണ്ട് മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തില്‍ 51 മുസ്‌ലിംകള്‍ കൊല്ലപ്പെട്ട സംഭവത്തെതുടര്‍ന്ന് ന്യൂസിലാന്റ് ജനതയും സര്‍ക്കാറും സ്വീകരിച്ച സമീപനം ലോക സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നതും പ്രശംസ പിടിച്ചുപറ്റുന്നതുമായി വളര്‍ന്നു. ഓസ്‌ട്രേലിയന്‍ വെള്ള വംശീയവാദി ബ്രെന്റണ്‍ ടെറന്റിന്റെ പൈശാചികതയില്‍ ദുഃഖിതരായ ന്യൂനപക്ഷ മുസ്‌ലിംകളെ ചേര്‍ത്ത്പിടിച്ച് സ്‌നേഹംകൊണ്ട് സ്വാന്തനിപ്പിച്ച പ്രധാനമന്ത്രി ജസീന്തയും ജനതയും ലോകത്തിനാകെ പുതിയ പാത തെളിയിക്കുന്നു.

പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടെ സുരക്ഷക്ക്‌വേണ്ടി ഭാവിയില്‍ ചെലവഴിക്കാന്‍ പോകുന്നതാകട്ടെ 24 കോടി ഡോളര്‍. ഇത്രയും വന്‍ തുക ചെലവഴിക്കുന്നതാകട്ടെ രാജ്യത്തെ ന്യൂനപക്ഷ വികാരം മാനിക്കാന്‍. വധശിക്ഷ നിരോധിക്കപ്പെട്ട രാജ്യത്ത് ഏറ്റവും കടുത്തതും അപൂര്‍വവുമായ ശിക്ഷാവിധിയാണിത്. അക്രമം നടന്ന പള്ളികളില്‍ ഒന്നായ അല്‍നൂര്‍ ഇമാം കമാല്‍ ഫൗദയുടെ കോടതിയിലെ വാക്കുകള്‍ ഉദ്ധരിക്കട്ടെ: ‘ഈ പൈശാചികത ന്യൂസിലാന്റ്ജനതയെ കൂടുതല്‍ അടുപ്പിച്ചു.വന്‍ മാറ്റമാണ് സൃഷ്ടിക്കപ്പെട്ടത്. സമൂഹം ഞങ്ങളെ ചേര്‍ത്തു പിടിച്ചു. സ്‌നേഹം കൊണ്ട് കീഴടക്കി. അത് കൊണ്ട് തളരില്ല. തളര്‍ത്താന്‍ നോക്കണ്ട…’ ഈ വാക്കുകള്‍ ന്യൂസിലാന്റിന്റെ മതേതരത്വത്തിന്റെ ദൃഢനിശ്ചയമാണ്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിലൂടെ ലോക സമൂഹം കടന്നുപോകുമ്പോള്‍ ന്യൂസിലന്റ് മാതൃക അതിജീവനത്തിന് കരുത്തേകും. അതേസമയം, സാഹചര്യം ചൂഷണം ചെയ്ത് സമൂഹത്തെ തമ്മിലടിപ്പിക്കാനും അടിച്ചമര്‍ത്താനും ആയുധത്തിന്റെ ബലം പരിശോധിക്കാനും ശ്രമം നടക്കുന്ന രാജ്യങ്ങളും ലോക രാഷട്രീയ ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് കാണുന്നതാണ് ദൗര്‍ഭാഗ്യകരം.

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം അവസാനിക്കുന്നില്ല. പശ്ചിമേഷ്യയില്‍ ഫലസ്തീനികള്‍ക്കെതിരേ തീമഴ വര്‍ഷിക്കുകയാണ് ഇപ്പോഴും ഇസ്രാഈല്‍. ആഫ്രിക്കയില്‍ സോമാലിയ, സൗത്ത് സുഡാന്‍, ഐവറികോസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ വംശീയ പോരാട്ടം സജീവമാണ്. ലബനാന്‍, ലിബിയ, സിറിയ, യമന്‍, എന്നിവിടങ്ങള്‍ പോരാട്ട ഭൂമി തന്നെ. ബാഹ്യശക്തികളുടെ നിഴല്‍ യുദ്ധങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഇവയൊക്കെ ചൂഷണം ചെയ്ത് ആയുധ വ്യാപാരം വഴി കോടിക്കണക്കിന് സമ്പാദിച്ച് കുട്ടുമ്പോഴും കൊവിഡ് വ്യാപനം അവഗണിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും ആശങ്കാജനകമാണ്. ന്യൂനപക്ഷങ്ങളേയും വിമര്‍ശകരേയും അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരത എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുകയാണ്. തബ്‌ലീഗ് ജമാഅത്തുകാരെ കൊ വിഡ് സാഹചര്യം ചൂഷണം ചെയ്ത് വേട്ടയാടിയത് നയതന്ത്ര തിരിച്ചടിയായി. വിദേശമന്ത്രാലയം വെപ്രാളത്തിലാണ്. ഈ തിരിച്ചടി കേന്ദ്രം പ്രതീക്ഷിച്ചതല്ല. തബ്‌ലീഗ് പ്രവര്‍ത്തനത്തിന് 45 രാജ്യങ്ങളില്‍ എത്തിയവരില്‍ 2550 വിദേശികള്‍ ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്‌സില്‍ കഴിഞ്ഞിരുന്നു. മാര്‍ച്ച് 24ന് യാതൊരു മുന്നറിയിപ്പുമില്ലാതെ ജനതാ കര്‍ഫൂ പ്രഖ്യാപിക്കുകയും തുടര്‍ന്ന് ലോക്ഡൗണ്‍ നടപ്പാക്കുകയും ചെയ്തത് തബ്‌ലീഗുകാരെ മാത്രമല്ല രാജ്യത്തെ മൊത്തം പ്രയാസപ്പെടുത്തി.

ഇതെതുടര്‍ന്നാണ് വിദേശ തബ്‌ലീഗുകാരും തിരിച്ച് പോകാനാവാതെ മര്‍ക്കസില്‍ കുടുങ്ങിയത്. കൊവിഡിന്റെ പ്രചാരകര്‍ എന്ന് ആരോപിച്ച് ഇവരെ പിടികൂടി. 5 മാസമായി ജയിലില്‍ കഴിയുന്നു. അമേരിക്ക, മലേഷ്യ , ഇന്തോനേഷ്യ, ബംഗ്ലാദേശ്, ജിബൂട്ടി, ഘാന, ഐവറികോസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവരെ തിരിച്ചയക്കണമെന്നാവശ്യവുമായി ആ രാജ്യങ്ങള്‍ ബന്ധപ്പെട്ടു. അമേരിക്ക 6 പൗരന്‍മാരേ തേടിയെത്തി. ബ്രസീല്‍ പൗരന്‍മാരായ നാല് പേരെ തിരിച്ചെത്തിക്കാനാണ് അവരുടെ നീക്കം. അതിലിടക്ക് വ്യാജ രേഖ ചമച്ചതാണെന്ന് സമ്മതിക്കുകയാണെങ്കില്‍ വിട്ടയക്കാമെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞതായി ആസ്‌ട്രേലിയക്കാരനായ മാര്‍ക്കറ്റിംഗ് പ്രൊഫഷനല്‍ 39 കാരന്‍ ഇര്‍ഫാനും ഭാര്യ ഫാത്തിമയും വ്യക്തമാക്കിയത്‌ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തിന് അപമാനമായി. ഡല്‍ഹി പൊലീസിന്റെ നിര്‍ദ്ദേശം തള്ളിയ ഇര്‍ഫാനും മറ്റ് 40 വിദേശികളും കേസുമായി മുന്നോട്ട്‌പോകുകയാണ്. 173 പേരെ ഉടന്‍ മോചിപ്പിക്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ കോടതികളിലുള്ള കേസുകള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് വിദേശമന്ത്രാലയം അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോഴാണ് തബ്‌ലീഗ് മോചനത്തിന് വിദേശമന്ത്രാലയം ഗൗരവപൂര്‍വം രംഗത്ത്‌വന്നത്. നയതന്ത്ര തിരിച്ചടി ഇത്രയും ഗുരുതരമാണെന്ന് പ്രതീക്ഷിച്ചതല്ല.

അതിനിടക്ക്, ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിന്റെ വിധി പ്രസ്താവം രാജ്യത്തെ നീതിന്യായ വ്യവസ്ഥ തകര്‍ന്നു പോയിട്ടില്ലെന്ന് സൂചന നല്‍കുന്നു. അതോടൊപ്പം, കേന്ദ്ര ഭരണകൂടത്തിന്റെയും പൊലീസിന്റേയും ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്ക് എതിരായ കനത്ത പ്രഹരം കൂടിയായി വിധി. വിദേശ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ എഫ്.ഐ.ആര്‍ കോടതി റദ്ദാക്കി. തബ്‌ലീഗ് ജമാഅത്തുകാര്‍ക്കെതിരായ നീക്കത്തിന് കാരണം മുസ്‌ലിം മനസ്സുകളില്‍ ഭീതി സൃഷടിക്കാനാണെന്ന് കോടതി നിരീക്ഷിച്ചു. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണീ നീക്കം. വിദേശത്ത്‌നിന്നെത്തിയ മറ്റ് മതക്കാര്‍ക്കെതിരെ എന്ത്‌കൊണ്ട് നടപടി എടുത്തില്ല എന്ന നിരീക്ഷണം വ്യക്തമാണ്. തബ്‌ലീഗ് സമ്മേളനത്തിനെതിരായ മാധ്യമ പ്രചാരണം അനാവശ്യമാണെന്നും ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ നീക്കത്തിന്റെ ഭാഗമായിരുന്നു തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ വേട്ടയാടല്‍. സി.എ.എ പ്രക്ഷോഭത്തിന്റെ പേരില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്ന് നൂറുക്കണക്കിന് ചെറുപ്പക്കാരെയും വിദ്യാര്‍ത്ഥികളേയും തെരഞ്ഞുപിടിച്ച് ജയിലില്‍ അടച്ചത് കൊവിഡ് കാലത്താണ്. ഗര്‍ഭിണിയായ ജാമിഅ വിദ്യാര്‍ത്ഥി സഫൂറയെ പോലും യു. എ.പി.എ ചുമത്തി ജയിലില്‍ അടക്കുകയുണ്ടായി. ഡല്‍ഹി കലാപകേസില്‍ പ്രതികളായ ബി. ജെ.പി നേതാക്കളെ തൊടാതെ ഇരകളെ അറസ്റ്റ് ചെയ്തതും മതേതര ഇന്ത്യയില്‍. വിദേശ തബ്‌ലീഗുകാരെ അവമതിച്ച് കരിമ്പട്ടികയില്‍ പെടുത്തിയവര്‍, രാഷ്ട്രാന്തരീയ നിയമങ്ങളെയാണ് പുച്ഛിക്കുന്നത്. ഇതിന്നൊക്കെ പുറമെ അവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് രംഗത്തിറങ്ങുന്നു. നിഷ്‌ക്കളങ്ക ജീവിതം നയിക്കുന്ന ഈ പ്രസ്ഥാനത്തിന് എന്ത് ബാങ്ക് അക്കൗണ്ട് ? തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് അറിയാതെ, അപവാദ പ്രചാരണത്തിന് ഇറങ്ങി തിരിക്കുന്നവര്‍, അവയൊക്കെ തിരുത്തിയെഴുതേണ്ടിവരും. തബ്‌ലീഗ് കൊവിഡ് എന്ന് പ്രചരിപ്പിച്ചവര്‍ ആഗസ്ത് 5 ന് ഭൂമി പൂജക്ക് ശേഷം ഉത്തര്‍പ്രദേശില്‍ രണ്ട് മന്ത്രിമാര്‍ കൊവിഡ് മൂലം മരിച്ചതും മറ്റ് ഒമ്പത് മന്ത്രിമാര്‍ക്കും ട്രസ്റ്റ് ചെയര്‍മാനും മറ്റും കൊവിഡ് ബാധിച്ചതും പ്രചാരണായുധമാക്കുന്നില്ല എന്ന ചോദ്യം പ്രസക്തം. പ്രചാരണ കോലാഹലങ്ങളിലൂടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നവര്‍ കാലത്തിന്റെ തിരിച്ചടി വിസ്മരിക്കരുത്. കൊച്ചു രാജ്യമായ ന്യൂസിലാന്റിന്റെ മാതൃക അനുകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായാല്‍ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള നീക്കത്തിന് തുടക്കമാവും.

 

columns

ഇറാന്‍ നേരിടുന്നത് വിശ്വാസ പ്രതിസന്ധി

ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചാലുളള പ്രശ്‌നമാണ് ഇറാന്‍ നേരിടുന്നത്. ഒരു മത നിരപേക്ഷ രാഷ്ട്രം പൗരന്‍മാര്‍ക്കെതിരെ എടുക്കുന്ന ഒരു നടപടി പോലും ഏതെങ്കിലും മതത്തിന്റെ അക്കൗണ്ടില്‍ വരവ് വെക്കില്ല. എന്നാല്‍ ഇസ്ലാമിക രാഷ്ട്രത്തിന്റെ പൊലീസ് ഒരു ലാത്തിച്ചാര്‍ജ് നടത്തിയാല്‍ പോലും അത് ഇസ്ലാമിന്റെ പേരിലാണ് എഴുതപ്പെടുന്നത്.

Published

on

ഖാദര്‍ പാലാഴി

ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചാലുളള പ്രശ്‌നമാണ് ഇറാന്‍ നേരിടുന്നത്. ഒരു മത നിരപേക്ഷ രാഷ്ട്രം പൗരന്‍മാര്‍ക്കെതിരെ എടുക്കുന്ന ഒരു നടപടി പോലും ഏതെങ്കിലും മതത്തിന്റെ അക്കൗണ്ടില്‍ വരവ് വെക്കില്ല. എന്നാല്‍ ഇസ്ലാമിക രാഷ്ട്രത്തിന്റെ പൊലീസ് ഒരു ലാത്തിച്ചാര്‍ജ് നടത്തിയാല്‍ പോലും അത് ഇസ്ലാമിന്റെ പേരിലാണ് എഴുതപ്പെടുന്നത്. അത്‌കൊണ്ടാണ് അമേരിക്കയിലോ ബ്രിട്ടനിലോ ഇന്ത്യയിലോ ഉള്ള മുസ്ലിമിന്റെ വിശ്വാസ ദാര്‍ഢ്യത ഇറാനിലെയോ സഊദി അറേബ്യയിലേയോ മുസ്ലിമിനില്ലാത്തത്. സെക്യുലര്‍ സമൂഹത്തിലെ മുസ്ലിം ഇസ്ലാമിനകത്തും പുറത്തുമുള്ള ആശയധാരകളോട് വിനിമയം ചെയ്തും സംവദിച്ചുമാണ് മുന്നോട്ട് പോകുന്നത്. മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യാനിയോ ആയതിന്റെ പേരില്‍ മാത്രം ഏതെങ്കിലും രാഷ്ട്രം ശത്രുതയോടെയോ വിവേചനത്തോടെയോ പെരുമാറുകയാണെങ്കിലും സമാന സാഹചര്യം സംജാതമാകും.

ദാര്‍ശനികരും തത്വചിന്തകരും എമ്പാടുമുള്ള ഇറാനില്‍ ആയത്തുല്ലാമാര്‍ക്ക് ഏറെക്കാലം ജനങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ കഴിയില്ല. ഷാ റിസാഷാ പഹ്ലവിമാര്‍ യു.എസ് പിന്തുണയോടെ രാജ്യത്തെ കൊള്ളയടിച്ച് ഭരിക്കുന്നത് കണ്ട് സഹികെട്ടാണ് ജനം ആയത്തുല്ലാ ഖുമൈനിയില്‍ രക്ഷകനെ കണ്ടത്. ആ തലമുറ മരിച്ച് മണ്ണടിഞ്ഞു കൊണ്ടിരിക്കുന്നു. പുതിയ തലമുറ കാണുന്നത് പഹ്ലവിമാരുടെ പുതിയ രൂപങ്ങളെയാണ്. അറബ് രാജാക്കന്‍മാരെ അപേക്ഷിച്ച് ഇറാനില്‍ പരിമിത ജനാധിപത്യമുണ്ടെങ്കിലും 12 അംഗ ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ കടമ്പ കടക്കുന്നവര്‍ക്കേ മത്സരിക്കാന്‍ കഴിയൂ. ആ ജനാധിപത്യത്തിലും ജനത്തിന് വിശ്വാസം കുറഞ്ഞു. 2021 ലെ തെരഞ്ഞെടുപ്പില്‍ 49% പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. അതില്‍തന്നെ 13% നിഷേധ വോട്ടുകളായിരുന്നു.

സഊദി അറേബ്യയെ താരതമ്യപ്പെടുത്തുമ്പോള്‍ ഇറാനില്‍ സ്ത്രീകളുടെ സാമൂഹ്യ പങ്കാളിത്തവും പദവികളും ബഹുദൂരം മുന്നിലാണ്. സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഈയിടെ മാത്രമാണ് കൊടുത്തതെങ്കില്‍ എണ്‍പതുകളില്‍തന്നെ ടാക്‌സി ഓടിക്കുന്ന സ്ത്രീകള്‍ ഇറാനിലുണ്ട്. 1997-2005 കാലത്ത് പ്രസിഡണ്ടായിരുന്ന മുഹമ്മദ് ഖാത്തമി പൗരാവകാശങ്ങളുടേയും സ്ത്രീ സ്വാതന്ത്ര്യത്തിന്റേയും ചാമ്പ്യനായിരുന്നെങ്കിലും 2005 – 2013 കാലത്ത് പ്രസിസണ്ടായ അഹമദ് നിജാദ് ഖാത്തമിയുടെ പരിഷ്‌കാരങ്ങളത്രയും എടുത്ത് കളഞ്ഞു. മൂപ്പരാണ് ഇപ്പോള്‍ റദ്ദാക്കിയ മൊറാലിറ്റി പൊലീസിംഗ് ഏര്‍പ്പെടുത്തിയത്.

മഹ്‌സ അമിനി ‘ധാര്‍മികസിപ്പൊലീസി’നാല്‍ കൊല്ലപ്പെട്ടപ്പോള്‍ മുഹമ്മദ് ഖാത്തമിയും ചില ഷിയാ പണ്ഡിതരും രംഗത്ത് വന്ന് ഈ നിര്‍ബന്ധ ഹിജാബ് പരിപാടി റദ്ദാക്കണമെന്ന് ഖുര്‍ആന്‍ ഉദ്ധരിച്ച്തന്നെ ആവശ്യപ്പെട്ടിരുന്നു.ഏതായാലും ഹിജാബ് പ്രക്ഷോഭം അവസാനിക്കുക ആയത്തുല്ലാ ഭരണത്തിന്റെ അന്ത്യത്തിലാണെന്ന് ഉറപ്പാണ്. അവസരം മുതലാക്കാന്‍ അമേരിക്കയും ഇസ്രാഈലും സഊദി അറേബ്യ ഉള്‍പ്പെടെയുള്ള സാമന്ത രാജ്യങ്ങളും 24 ഃ7 പരിശ്രമത്തിലാണ്. പ്രധാന പരിപാടി പേര്‍ഷ്യന്‍ ഭാഷയിലുള്ള റേഡിയോ – ടി.വി -സോഷ്യല്‍ മീഡിയ പ്രചാരണമാണ്. ഇറാന്‍ ജാം ചെയ്യാന്‍ നോക്കുന്നുണ്ടെങ്കിലും ഒന്നും ഏശുന്നില്ല. മേഖലയിലെ രാജാക്കന്‍മാരെല്ലാം ഇസ്രാഈലിനോട് ഒത്തുതീര്‍പ്പിലെത്തിയെങ്കിലും ഇറാന്‍ മാത്രമാണ് വഴങ്ങാത്തത്. മാത്രമല്ല അവര്‍ ഹിസ്ബുല്ലക്കും ഹമാസിനും സിറിയക്കും ഹൂഥികള്‍ക്കും പിന്തുണ നല്‍കുന്നു. അറബികളെ പോലെയല്ല ഇറാനികള്‍. വാങ്ങിക്കൊണ്ട് വന്ന ആയുധത്തിന്റെ സ്‌ക്രൂ മാറ്റാന്‍ പെന്റഗണിലേക്ക് ഫോണ്‍ ചെയ്യേണ്ടതില്ല. കടുത്ത ഉപരോധത്തിനിടയിലും ഹൈപ്പര്‍ സോണിക് മിസൈലുകളും ഡ്രോണുകളും സ്വന്തമായുണ്ടാക്കുന്നവരാണ്. ഇത്തരമൊരു ഇറാനെ തകര്‍ക്കാന്‍ അവര്‍ തക്കം പാര്‍ത്തിരിക്കയാണ്. അവരെ സഹായിക്കാന്‍ ഇറാനികള്‍തന്നെ ഇപ്പോള്‍ തയ്യാറുമാണ്. ആണവ ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ ഇസ്രാഈല്‍ കൊന്നത് ഇറാന്‍ പൗരന്‍മാരെ ഉപയോഗിച്ചായിരുന്നു.

ഏതായാലും സ്വയം രാഷ്ട്രീയ പരിഷ്‌ക്കരണം നടത്തിയല്ലാതെ ഇറാന് മുന്നോട്ട് പോകാനാവില്ല. സ്വന്തം പൗരന്‍മാരെ വെടിവെച്ച് കൊന്നും ജയിലിലിട്ടും എത്രനാള്‍ പിടിച്ച് നില്‍ക്കും. സ്വയം മാറുക, അല്ലെങ്കില്‍ മാറിക്കൊടുക്കുക. രണ്ടും ചെയ്തില്ലെങ്കില്‍ 1979 ന് തനിയാവര്‍ത്തനം ഉറപ്പ്.

Continue Reading

columns

നാളെ ഡിസംബര്‍ 6: ബാബരി; മതേതര ധ്വംസനത്തിന്റെ ദു:ഖ ദിനം

മുസ്ലിം സമു ദായത്തെ സംബന്ധിച്ചിടത്തോളം അത്ര തൃപ്തികരമായ വിധിയല്ലാതിരുന്നിട്ടു പോലും വിവിധ മത-രാഷ്ട്രീയ-സമുദായിക സംഘടനകള്‍ സമചിത്തയോടെ സമീപിക്കാന്‍ മുന്‍കയ്യെടുത്തത് ഏറെ കൗതുകത്തോടെയാണ് ഇതര ജനാധിപത്യ വിശ്വാസികള്‍ നോക്കിക്കണ്ടത്. ഒരു കലാപകാരിക്ക് തക്കം പാര്‍ത്തിരിക്കാന്‍ ലഭിച്ച അവസരമായിരുന്നു മഞ്ഞുപോലെ അലിഞ്ഞുപോയത്. വിധി മറ്റൊരു രീതിയിലായിരുന്നെങ്കില്‍ ഇന്ത്യ നേരിടേണ്ടി വരുമായിരുന്ന മറുവശത്തെക്കുറിച്ചും ആരുംചിന്തിക്കാതിരുന്നില്ല.

Published

on

ജാസിം ചുള്ളിമാനൂര്‍

നിയമത്തിന്റെ വഴിയില്‍ വിധിയെഴുതിക്കഴിഞ്ഞെങ്കിലും ബാബരി ധ്വംസനം ഇന്നും മതേതര ഇന്ത്യയ്ക്ക് നേരിട്ട കനത്ത മുറിവു തന്നെയാണ്. 2019 നവംബര്‍ ഒമ്പതിനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോ ഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് വിധി പ്രസ്താവിച്ചത്. വിധിപ്രകാരം 2.7 ഏക്കര്‍ ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറണമെന്നും പള്ളി നിര്‍മ്മിക്കാന്‍ അയോധ്യയിലെ ബാബരി മസ്ജി ദിന് പകരം ധന്നിപ്പൂര്‍ വില്ലേജില്‍ അഞ്ചേക്കര്‍ ഭൂമി നല്‍കുമെന്നുമായിരുന്നു ഉത്തരവ്.

വിധിയിലെ ന്യായാന്യായങ്ങള്‍ ഉത്തരവ് പുറപ്പെടുവിച്ച കാലത്ത് ഇന്ത്യയിലൊട്ടാകെ ഏറെ ചര്‍ച്ച ചെയ്യുകയുണ്ടായി. മുസ്ലിം സമു ദായത്തെ സംബന്ധിച്ചിടത്തോളം അത്ര തൃപ്തികരമായ വിധിയല്ലാതിരുന്നിട്ടു പോലും വിവിധ മത-രാഷ്ട്രീയ-സമുദായിക സംഘടനകള്‍ സമചിത്തയോടെ സമീപിക്കാന്‍ മുന്‍കയ്യെടുത്തത് ഏറെ കൗതുകത്തോടെയാണ് ഇതര ജനാധിപത്യ വിശ്വാസികള്‍ നോക്കിക്കണ്ടത്. ഒരു കലാപകാരിക്ക് തക്കം പാര്‍ത്തിരിക്കാന്‍ ലഭിച്ച അവസരമായിരുന്നു മഞ്ഞുപോലെ അലിഞ്ഞുപോയത്. വിധി മറ്റൊരു രീതിയിലായിരുന്നെങ്കില്‍ ഇന്ത്യ നേരിടേണ്ടി വരുമായിരുന്ന മറുവശത്തെക്കുറിച്ചും ആരുംചിന്തിക്കാതിരുന്നില്ല.

സംസ്‌കാരങ്ങളുടെ വൈവിധ്യങ്ങള്‍ വിളക്കണിഞ്ഞ നമ്മുടെ നാട്ടില്‍ ഒരോ പൗരനും മതം സ്വീകരിക്കാനും നിരാകരിക്കാനും പ്രചരിപ്പിക്കാനുമൊക്കെ അവകാശത്തോടൊപ്പം സ്വാതന്ത്ര്യവുമുണ്ട്.എന്നാല്‍ ഒരു മതത്തിന്റെ അടയാളങ്ങളെ തകര്‍ത്ത് മറ്റൊരു മതത്തിന്റെ ശിലാസ്ഥാപനം നടത്തുമ്പോള്‍ അവിടെ ഉയരുന്നത് ഇന്ത്യയുടെ വിധ്വംസ ചാലകങ്ങളാണ്. നോക്കുകുത്തിയാകുന്നത് ഭരണകൂട മൂല്യങ്ങളുടെയും ഭാരതീയ സംസ്‌കാരത്തിന്റെയും തനതു പാരമ്പര്യങ്ങളും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്കിടയില്‍ എപ്പോഴും വളര്‍ന്നുകൊണ്ടിരിക്കേണ്ടത് സാഹോദര്യവും സഹവര്‍ത്തിത്വവുമാണ്. അതിന് ചുക്കാന്‍ പിടിക്കേണ്ടത് രാജ്യത്തെ ഭരണകൂടങ്ങളും. എന്നാല്‍ ബാബരി വിധിയെ തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍നിന്നും കണ്ടത് അപ്രതീക്ഷിത സമീപനമായിരുന്നു. നല്ലപാഠങ്ങളുമായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനു പകരം അദ്ദേഹം തിടുക്കം കൂട്ടിയത് രാമക്ഷേത്രത്തി ന്റെ ശിലാപൂജ നിര്‍വ്വഹിക്കാനായിരുന്നു. ഭരണഘടനാസങ്കല്പം അനുസരിച്ചാണെങ്കില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി എല്ലാ മതങ്ങളോടും സമദൂരം പാലിക്കുകയാണ് ചെയ്യേണ്ടത്. പ്രസ്തുത വിഷയത്തില്‍ രാജ്യത്തിന് കാണേണ്ടി വന്നത് പ്രധാനമന്ത്രിയുടെ മറ്റൊരു മുഖവും.താനൊരു ഹിന്ദു എന്നതിനപ്പുറം ഹിന്ദുരാഷ്ട്രത്തിന്റെ ശിലാസ്ഥാപകന്‍ ആകാനുള്ള വ്യഗ്രതയാണ് കാട്ടുന്നതെന്ന് പറഞ്ഞാല്‍ ഒരു മതേതര വിശ്വാസിക്ക് തിരുത്താന്‍ ഏത് ഉദ്ധരണിയാണ് തിരയേണ്ടി വരിക?

ഭരണപക്ഷത്തിന്റെ സമീപനത്തില്‍ നിന്നും ഏറെ വിഭിന്നമായിരുന്നില്ല ചില പ്രതിപക്ഷ ചേരികളുടെ ഇടപെടലും. ന്യൂനപക്ഷത്തിനൊപ്പം സമാശ്വാസത്തിന്റെ വാക്കുകള്‍ ചൊരിയുന്നതിന് പകരം അത്തര ക്കാര്‍ വ്യാകുലപ്പെട്ടത് ശിലാപൂജയ്ക്ക് ക്ഷണം കിട്ടാത്തതിന്റെ പേരിലായിരുന്നു. അവരെഴുതിപ്പഠിച്ച രാഷ്ട്രീയമീമാംസകള്‍ ഒരു വേള പുറത്തുചാടിയതാവാം. അല്ലെങ്കിലും എണ്‍പത്തിയഞ്ച് ശതമാനത്തോളം വരുന്ന ബഹുഭൂരിപക്ഷ സമൂഹത്തെ പ്രീണിപ്പിച്ചാലല്ലേ അടുത്ത നറുക്കെടുപ്പിനെങ്കിലും ലോട്ടറിയടിക്കുകയുള്ളു’ എന്നുനിനച്ചിട്ടുണ്ടാവും. പതിനഞ്ച് ശതമാനം മാത്രം വരുന്ന ഒരു സമുദായത്തിന്റെ ആശിര്‍വാദം കൊണ്ട് സീറ്റു കിട്ടുമെന്ന് സ്വപ്നം കാണുന്നതേ ഹിമാലയ മൗഢ്യമല്ലേ..! തുമ്മിയാല്‍ തെറിക്കുന്ന മൂക്കിനു പകരം മുള്ളിയാല്‍ ഒലിച്ചു പോകുമെന്ന് പരാമര്‍ശിക്കപ്പെട്ട ആശയത്തോടാവും അവരുടെ കടപ്പാടുകളത്രയും. ഒന്നു ചുരമാന്തിയാല്‍ പുറത്തുചാടാവുന്നതേയുള്ളു ആശയങ്ങളും ആദര്‍ശങ്ങളും.

വാസ്തവത്തില്‍ മത വകഭേദങ്ങള്‍ മറികടന്ന് ചിന്തിക്കുന്ന ഏത് വിശ്വാസിക്കും സ്വീകാര്യമാകുന്ന തത്വം, ഭൂരിപക്ഷത്തിനോടും ന്യൂനപക്ഷത്തിനോടും തുല്യനിലയില്‍ സഹവര്‍ത്തിക്കുന്ന രാഷ്ട്രീയ ചിന്തയാണ്. മറ്റുള്ള ചിന്തകള്‍ കേവലം ഹ്രസ്വലാഭങ്ങള്‍ നല്‍കുമെങ്കിലും ദീര്‍ഘകാലം ഈടോടെ നിലനില്‍ക്കുന്നത് മതേതരചിന്ത തന്നെയാവും. അഥവാ പക്ഷപാതമില്ലാത്ത ആശയങ്ങള്‍.

Continue Reading

columns

ധൂര്‍ത്തിന്റെ വഴിയില്‍ ഇനിയെന്ത്

ഖജനാവില്‍ പണം ഇല്ലന്നും പെന്‍ഷന്‍ നല്‍കാന്‍ പോലും വഴിയില്ലന്നും പറയുന്ന സര്‍ക്കാര്‍ ധൂര്‍ത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയാറാവുന്നില്ല.

Published

on

ശംസുദ്ദീന്‍ വാത്യേടത്ത്

കെ റെയിലിനും താഴിട്ടു. ഇനി ഏത് പദ്ധതിയുടെ പേരിലാണ് കേരള സര്‍ക്കാര്‍ ധൂര്‍ത്തിന് ഒരുങ്ങുന്നതെന്ന് അറിയില്ല. വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പഠനത്തിനായി വിദേശ രാജ്യങ്ങള്‍, മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബവുമായി സന്ദര്‍ശിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ചത് ആരോപണങ്ങള്‍ക്കിടയാക്കിയിരുന്നു. കെ റെയില്‍ പദ്ധതി എന്ന ആശയവുമായി വന്ന സമയത്ത് തന്നെ ഇത് കേരളത്തിന്ന് ആവശ്യമില്ലാത്ത ഒന്നാണെന്ന് മുന്നറിയിപ്പുണ്ടായിട്ടും മുന്‍കൂട്ടി ഉണ്ടാക്കിയ ഗുഢാലോചന അനുസരിച്ച് മുന്നോട്ട് പോയി. എന്ത് തടസം ഉണ്ടായാലും പുറകോട്ടില്ലന്ന പഖ്യാപനവുമായി സര്‍ക്കാര്‍ രംഗത്ത് വന്നെങ്കിലും സര്‍ക്കാറിന്റെ കമ്മീഷന്‍ തട്ടല്‍ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ കഴിയാതെ ഇപ്പോള്‍ കെ റെയിലിന് താഴിടേണ്ടി വന്നു.

ഒരു നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലെ പ്രധാന ഘടകമാണ് ഗതാഗത സൗകര്യം. കടലും പുഴയും കായലുകളും കാടും മലയും കൊണ്ടല്ലാം സമ്പുഷ്ടമായ കേരളത്തിലെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തിയും പ്രകൃതിയാല്‍ കനിഞ്ഞവ നശിപ്പിക്കാതെയും ഗതാഗത സൗകര്യവും വികസന പ്രവര്‍ത്തനങ്ങളും നടത്താം എന്നിരിക്കെ എന്തിനാണ് 63940 കോടി രൂപ ചിലവഴിച്ച് മണിക്കുറുകളുടെ വ്യത്യാസം പറഞ്ഞ് കെ റെയില്‍ എന്ന സെമി ഹൈസ്പീഡ് റെയില്‍ കൊണ്ട് വരുന്നത് എന്ന ചോദ്യം മുമ്പേ ഉയര്‍ന്നതാണ്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് 12 മണിക്കൂര്‍ എന്നത് 4 മണിക്കൂര്‍ ആക്കി ചുരുക്കുക എന്നതും വലിയ പദ്ധതി വരുമ്പോള്‍ വ്യവസായികള്‍ കൂടുതല്‍ കേരളത്തില്‍ നിക്ഷേപിക്കും എന്ന ലക്ഷ്യവുമാണ് സെമി ഹൈസ്പീഡ് റെയില്‍വേയുടെ പിന്നിലുള്ളതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ടായിരുന്നെങ്കിലും ഇത്തരം ഒരു പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് ഇടതു പക്ഷത്തുനിന്ന് തന്നെ ആവശ്യം ഉയര്‍ന്നിരുന്നു.
കെ റെയിലിന്റെ കടം തീര്‍ക്കാന്‍ ഒരു നൂറ്റാണ്ട് കൊണ്ട് കഴിയുമോ. അത്രയും യാത്രക്കാര്‍ കേരളത്തിലുണ്ടോ. അതിനു മാത്രം ടൂറിസ്റ്റുകള്‍ കേരളത്തില്‍ വരുമോ എന്നൊക്കെ ചിന്തിക്കാതെ ഏതെങ്കിലും കമ്പനി പറയുന്നതിന്ന് അനുസരിച്ച് തുള്ളാനുള്ളതാണോ കേരള ഭരണാധികാരികള്‍. ഗതാഗതത്തിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നും കേരളത്തിന്റെ തീരദേശത്ത് കൂടി കടന്ന് പോകുന്ന പഴയ എന്‍.എച്ച് 17 ഇപ്പോഴത്തെ 66 മഹാരാഷ്ട്രയിലെ പനവേലി വരെയാണ്. 1622 കിലോമീറ്ററുള്ള ഈ 66 ഹൈവേ അടക്കം നിരവധി ഹൈവേകള്‍ കേരളത്തിലുണ്ട്. ഈ ഹൈവേയുടെ പോരായ്മകള്‍ നികത്തി ഇന്റര്‍നാഷണല്‍ സ്റ്റാന്റേഡ് ആക്കിയാല്‍ തന്നെ ഗതാഗതത്തിന്ന് വലിയ സൗകാര്യമാണ്. ഒപ്പം റയില്‍ ഗതാഗതം തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് പോകുന്ന പാതകളായ ബ്രോഡ് ഗേജ് ഇരട്ടിപ്പിക്കുക, സിഗ്‌നല്‍ സംവിധാനം പുതിയ ടെക്‌നോളജിയില്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ ഇവിടത്തെ വലിയ പ്രശ്‌നങ്ങള്‍ തീരും. മറ്റ് സംസ്ഥാനങ്ങളിലെ സ്പീഡ് കേരളത്തില്‍ എത്തുമ്പോള്‍ ഒരു ട്രെയിനിനും എടുക്കാന്‍ കഴിയുന്നില്ല. റെയിലിന്റെ പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ 12 മണിക്കൂര്‍ എന്നത് 6 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്തുന്ന ട്രെയിനുകള്‍ നിലവിലുള്ള ഈ പാതയിലൂടെ ഓടിക്കാന്‍ കഴിയും. മാത്രമല്ല

ഇതോടൊപ്പം സെമി ഹൈസ്പീഡ് വേണ്ട ഹൈസ്പീഡ് ട്രെയിന്‍ തന്നെ നമ്മുടെ നിലവിലുള്ള റയില്‍പാതയോട് ചേര്‍ന്ന് നിര്‍മിക്കാവുന്നതാണ്. എങ്കില്‍ ഇപ്പോള്‍ പ്ലാന്‍ ചെയ്തതിന്റെ 25 ശതമാനം മാത്രമേ ചിലവ് വരുകയുള്ളുവെന്നാണ് പറയുന്നത്. എറണാകുളം ഇടപ്പള്ളിയില്‍ നിന്നും പറവൂര്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട്, തിരൂര്‍ തീരദേശ റെയില്‍ എന്നത് ഒരു നൂറ്റാണ്ടിനപ്പുറമുള്ള ആവശ്യമാണ്.തിരുവനന്തപുരം കൊല്ലം ആലപ്പുഴ എറണാകുളം കൊടുങ്ങല്ലൂര്‍ ചാവക്കാട് തിരൂര്‍ കോഴിക്കോട് കാസര്‍ക്കോട് എത്തുന്ന ഒരു തീരദേശ റെയില്‍ നടപ്പായാല്‍ ഉണ്ടാവുന്ന വികസന നേട്ടങ്ങള്‍ വളരെ വലുതായിരിക്കും. ഈ പാത വന്നാല്‍ ഏകദേശം 50 കിമീറ്ററോളം കുറവായിരിക്കും നിലവിലുള്ള പാത വിട്ട്. മറ്റൊന്ന് ജലഗതാഗതമാണ്. തിരുവനന്തപുരം കോവളം മുതല്‍ കാസര്‍കോട് ഹോസ്ദൂര്‍ഗ് വരെ ജലഗതാഗതം നടപ്പാക്കാന്‍ ആലോചന ഉണ്ടായിരുന്നു. 450 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ പാത നടപ്പായാല്‍ നിലവിലെ പല യാത്രാപ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും എന്ന് മാത്രമല്ല ടൂറിസ്റ്റുകള്‍ക്ക് കേരളത്തിലേക്ക് വരാന്‍ വലിയ താല്‍പര്യം ഉണ്ടാവുകയും ചെയ്യും. 70 മീറ്റര്‍ വീതിയും 20 മീറ്റര്‍ ആഴവും ഉള്ള പദ്ധതിയാണ് ഉദേശിക്കുന്നത്. 450 കിലോമീറ്ററില്‍ 200 കിലോമീറ്ററോളം ജലപാത കേരളത്തിലുണ്ട്. അതില്‍ പ്രധാനം കൊല്ലം കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ദേശീയ ജലപാത. ബാക്കിയുള്ള പല പ്രദേശങ്ങളിലും വീതി കൂട്ടിയും ആഴം ഉണ്ടാക്കിയും ഈ ജലപാത നടപ്പാക്കിയാല്‍ ഉണ്ടാവുന്ന യാത്രാ സൗകര്യവും ടൂറിസ്റ്റുകളെ ആകര്‍ഷിക്കലും 64 ആയിരം കോടിയി ചിലവ് ചെയ്ത് നിര്‍മ്മിക്കുന്ന സെമി ഹൈസ്പീഡ് െ്രെടനിനുണ്ടാവുകയില്ല എന്നത് തീര്‍ച്ചയാണ്. എന്നിട്ടും കെ റെയില്‍ കൊണ്ടുവന്നേ അടങ്ങൂ എന്ന പിടിവാശിയിലായിരുന്നു സര്‍ക്കാര്‍.

ജനോപകാരമുള്ള പല പദ്ധതികളും വേണ്ടന്നു വെച്ചും വെട്ടി കുറച്ചുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ദുരന്തങ്ങള്‍ അഴിമതിക്ക് മറയാക്കരുത് എന്ന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി തന്നെ പറഞ്ഞിരിക്കുന്നു. പ്രളയകാലത്തെ ദുരിദാശ്വാസ ഫണ്ടും കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് അഴിമതിയും പിന്‍ വാതില്‍ നിയമനവും എല്ലാം സര്‍ക്കാറിന്റെ അഴിമതി മുഖമാണെങ്കിലും അതിനെയല്ലാം മറച്ച് വെക്കുന്ന സര്‍ക്കാര്‍ തന്ത്രം പലപ്പോഴും പൊളിഞ്ഞിട്ടുണ്ട് എന്നതും നാം മറക്കരുത്. ഖജനാവില്‍ പണം ഇല്ലന്നും പെന്‍ഷന്‍ നല്‍കാന്‍ പോലും വഴിയില്ലന്നും പറയുന്ന സര്‍ക്കാര്‍ ധൂര്‍ത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയാറാവുന്നില്ല.

Continue Reading

Trending