Connect with us

Video Stories

വിവാദങ്ങളും വീഴ്ച്ചകളുമായി വിദ്യാഭ്യാസ രംഗം

Published

on


പി.പി മുഹമ്മദ്
ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് റിപ്പോര്‍ട്ടും ഡോ. എം.എ.ഖാദര്‍ നേതൃത്വം നല്‍കി തയ്യാറാക്കിയ മികവിനായുള്ള സ്‌കൂള്‍ വിദ്യാഭ്യാസ റിപ്പോര്‍ട്ടുമാണ് ഇപ്പോള്‍ വിദ്യാഭ്യാസ രംഗത്ത് ചര്‍ച്ച. ഫാസിസ്റ്റുകളും മാര്‍ക്‌സിസ്റ്റുകളും സംശയങ്ങള്‍ക്കിടനല്‍കും വിധം ഇരുസ്ഥലങ്ങളിലും ഭരണകൂട സ്വാധീനമുപയോഗിച്ച് വിദ്യാഭ്യാസ മേഖലയില്‍ ഘടനാമാറ്റമുള്‍പ്പെടെ കാതലായ പരിഷ്‌കാരങ്ങള്‍ അതിവേഗം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കയാണ്.
ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തില്‍ വിദ്യാഭ്യാസ നയം പരിഷ്‌കരിക്കുന്നത്. ഡോ. കെ.കസ്തൂരിരംഗന്‍ ചെയര്‍മാനായ ദേശീയ വിദ്യാഭ്യാസ സമിതി 2017 ജൂണ്‍ 24 നാണ് രൂപീകരിച്ചത്. 9 അംഗ സമിതി 484 പേജുള്ള റിപ്പോര്‍ട്ട് 2019 മെയ് 31 ന് കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന് കൈമാറിയത്. സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വിദ്യാഭ്യാസത്തിന്റെ പ്രത്യേക പരിഗണന മേഖലകള്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സമീപനം, നിര്‍വ്വഹണം, പരിശീലനം തുടങ്ങിവയെല്ലാം നാല് പാര്‍ട്ടുകളായി വിഭജിച്ചിട്ടുണ്ട്.
എസ്.സി.ഇ.ആര്‍.ടി മുന്‍ ഡയരക്ടര്‍ ഡോ.എം.എ.ഖാദര്‍ ചെയര്‍മാനായ കമ്മിറ്റി സമര്‍പ്പിച്ച മികവിനായുള്ള സ്‌കൂള്‍ വിദ്യാഭ്യാസ വിദഗ്ധ സമിതി റിപ്പോര്‍ട്ട് 2019 ജനുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സമിതിയില്‍ ചെയര്‍മാനെ കൂടാതെ ഡോ.സി.രാമകൃഷ്ണന്‍, ജി.ജ്യോതിചൂഢന്‍ അംഗങ്ങളാണ്. 2017 ഒക്‌ടോബര്‍ 19 നാണ് സമിതി രൂപീകരിച്ചത്. 160 പേജുള്ള റിപ്പോര്‍ട്ടിനെ ആറ് അധ്യായങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഇടത്പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്കും ബി.ജെ.പി.നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണി ഭരണം ഇന്ത്യയില്‍ ഒരുമാസവും പിന്നിടുകയാണ്. ഇരുസര്‍ക്കാരുകളും പ്രീപ്രൈമറി മുതല്‍ (അംഗനവാടി) വിദ്യാഭ്യാസ പരിഷ്‌കാരം വേണമെന്നും നടപ്പാക്കുമെന്നും പ്രഖ്യാപിച്ച് കഴിഞ്ഞു. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്താനാണ് നീക്കം. നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള(ആറ് വയസ്സ് മുതല്‍ 14 വയസ്സ് വരെ) സൗജന്യവും നിര്‍ബന്ധിതവും കുട്ടിയുടെ അവകാശവുമായ വിദ്യാഭ്യാസം പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ളതാക്കി മാറ്റും. മതനിരാസത്തിനായി പരിഷത്തിന്റെയും ഹിന്ദുത്വക്കായി ആര്‍.എസ്.എസിന്റെയും ഒളിയജണ്ടകള്‍ നടപ്പാക്കാനായി വിദ്യാഭ്യാസ മേഖല പാകപ്പെടുത്തുന്നതിനായാണ് പരിഷ്‌കാരങ്ങള്‍ അതിവേഗം നടപ്പാക്കുന്നതെന്ന് ആരോപണമുണ്ട്. കാതലായ മാറ്റമടങ്ങിയ ദേശീയ വിദ്യാഭ്യാസ നയം കരട് ചര്‍ച്ച ചെയ്യാനും അഭിപ്രായമറിയിക്കാനും ഈ ജൂണ്‍ 30 വരെയാണ് (ഒരു മാസം) സമയമനുവദിച്ചത്. കേരളത്തിലാവട്ടെ 2019 ജനുവരി 24 ലഭിച്ച വിദ്യാഭ്യാസ റിപ്പോര്‍ട്ട് 2019 മെയ് 28 നാണ് (ഒരു ദിവസമാണ്) വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് വിവിധ സംഘടകളുമായി മാരത്തോണ്‍ ചര്‍ച്ച നടത്തിയത്. വിദ്യാഭ്യാസ മേഖലയില്‍ അവധാനതയോടെ നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ ചര്‍ച്ചയും സംവാദവും ബോധ്യപ്പെടുത്തലുകളും ഇല്ലാതെ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ധൃതികാണുമ്പോള്‍ സംശയമുയരുന്നത് സ്വാഭാവികം.
വിദ്യാഭ്യാസത്തിലൂടെ കേരളത്തെ ചുകപ്പണിയിക്കാനും ഇന്ത്യയെ മഞ്ഞയുടുപ്പിക്കാനുമാണ് അണിയറ ശ്രമമെന്ന് ആരോപണമുണ്ട്. കേന്ദ്രം സംഘികള്‍ക്കായും കേരളം സഖാക്കള്‍ക്കായും ചരിത്ര പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതുന്നുണ്ട്. പ്രീപ്രൈമറി മുതല്‍ നിയന്ത്രണം സ്വന്തമാക്കാനായാല്‍ ആശയപ്രചാരണം കുഞ്ഞുമനസ്സുകളിലൂടെ വേഗത്തിലെത്തിക്കാമെന്ന സൂത്രപ്പണി തെറ്റായ രീതിയിലേക്ക് കാര്യമെത്തിക്കും. ജനാധിപത്യ-മതേതര വിശ്വാസികളും ബഹുസ്വരത കാംക്ഷിക്കുന്നവരും ഉണര്‍ന്നിരിക്കേണ്ട, ഉയര്‍ന്ന് ചിന്തിക്കേണ്ട സമയമാണിത്. വിദ്യാഭ്യാസ മേഖലയില്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ രാഷ്ട്രീയ കാഴ്ചപ്പാടോടെ ധൃതിപിടിച്ചാവുമ്പോള്‍ താറുമാറാവും. അരാജകത്വം ഉണ്ടാവും.
ദേശീയതലത്തില്‍ 5+3+3+4 ഘടനയും സംസ്ഥാന തലത്തില്‍ 2+4+3+5 ഘടനയുമാണ് സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കാനിരിക്കുന്നത്. രണ്ട് റിപ്പോര്‍ട്ടുകളിലും പ്രീപ്രൈമറി സ്‌കൂള്‍ (മൂന്ന് വയസ്സ്) മുതല്‍ ഹയര്‍ സെക്കന്ററി വരെ പൊതു സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതാണ്. 1968 ലെ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് 10+2 ഘടനയാണ് പിന്തുടരുന്നത്. 50 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ +2 സ്്കൂള്‍ പൊതുവിദ്യാഭ്യാസത്തില്‍ ലയിപ്പിക്കാനാണ് ശുപാര്‍ശയുള്ളത്. കേന്ദ്ര-സംസ്ഥാന റിപ്പോര്‍ട്ടുകളില്‍ ഹയര്‍സെക്കന്ററിയെ സെക്കന്ററിയെന്നാക്കിയിട്ടുണ്ട്. ഇതോടെ മൈനസ്ടു മുതല്‍ പ്ലസ്ടു വരെ ഒരുമിച്ചാവും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാവും.
ഒന്നാം ഘട്ടം: മൂന്ന് വയസ്സ് മുതല്‍ എട്ട് വയസ്സ് വരെ (പ്രീസ്‌കൂള്‍ മുതല്‍ ക്ലാസ് 1, 2).
രണ്ടാം ഘട്ടം: എട്ട് വയസ്സ് മുതല്‍ പതിനൊന്ന് വയസ്സ് വരെ (ക്ലാസ് 3, 4, 5).
മൂന്നാം ഘട്ടം: പതിനൊന്ന് വയസ്സ് മുതല്‍ പതിനാല് വയസ്സ് വരെ (ക്ലാസ് 6, 7, 8).
നാലാം ഘട്ടം: പതിനാല് വയസ്സ് മുതല്‍ പതിനെട്ട് വയസ്സ് വരെ (ക്ലാസ് 9, 10, 11, 12) ഇതാണ് സ്‌കൂള്‍ ഘടനാമാറ്റം സംബന്ധമായി ദേശീയ വിദ്യാഭ്യാസ നയത്തിലെ ശുപാര്‍ശ.
സംസ്ഥാനത്ത് സ്‌കൂള്‍ ഘടനാമാറ്റം നിര്‍ദ്ദേശിക്കുന്നത് വേറെയാണ്.
ഒന്നാം ഘട്ടം: പ്രീപ്രൈമറി സ്‌കൂള്‍ (മൂന്ന് മുതല്‍ അഞ്ച് വയസ് വരെ).
രണ്ടാം ഘട്ടം: പ്രൈമറി സ്‌കൂള്‍ (ക്ലാസ് 1 മുതല്‍ ഏഴ് വരെ) നാലാം ക്ലാസ് വരെ ലോവര്‍ പ്രൈമറി സ്‌കൂളുകള്‍, ഏഴാം ക്ലാസ് വരെ പ്രൈമറി സ്‌കൂളുകള്‍.
മൂന്നാ ഘട്ടം: സെക്കന്ററി സ്‌കൂള്‍ (ക്ലാസ് 8 മുതല്‍ 12 വരെ). പത്താം ക്ലാസ് വരെ ലോവര്‍ സെക്കന്ററി സ്‌കൂളുകള്‍, പന്ത്രണ്ടാം ക്ലാസ് വരെ സെക്കന്ററി സ്‌കൂളുകള്‍. മൈനസ്ടു മുതല്‍ പ്ലസ്ടു വരെ ഏകീകരണം വേണമെന്നാണ് വിദ്യാഭ്യാസ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്.
2016 മെയ് മാസം മുതല്‍ സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക-ജീവനക്കാരെ ബാധിക്കുന്ന വിവാദ വിഷയങ്ങളില്‍ പരിഹാരമുണ്ടാക്കുന്നതിന് പകരം ഏകപക്ഷീയ പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പിക്കുന്ന തീരുമാനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് നീങ്ങുകയാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. സംഘടനകളുമായി ചര്‍ച്ചയില്ല. എല്ലാറ്റിന്റെയും ഒറ്റമൂലിയാണത്രെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. വീഴ്ചകള്‍ മറക്കാനും ചര്‍ച്ചകള്‍ വഴിമാറ്റാനും ശ്രദ്ധ തിരിച്ച് വിടാനും റിപ്പോര്‍ട്ടുകൊണ്ടുണ്ടായ പ്രധാനനേട്ടമാണ്. 2019 ജൂലൈ ഒന്നു മുതല്‍ ലഭിക്കേണ്ട പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ (അധ്യാപക-സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്, പെന്‍ഷന്‍കാര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ ലഭിക്കേണ്ട സേവന-വേതന ആനുകൂല്യം) പ്രാരംഭ നടപടികള്‍ പോലും തുടങ്ങിയിട്ടില്ല. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണമെന്ന തത്വം അട്ടിമറിക്കുന്നു.
ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെപിന്റെ മറവില്‍ സ്വകാര്യ കമ്പനിയായ റിലയന്‍സിന് കോടികളുടെ ആസ്തിയുണ്ടാക്കാനായി ശ്രമം നടക്കുന്നു. അധ്യാപക-ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവരില്‍ നിന്ന് പ്രതിമാസം 250 രൂപ (വര്‍ഷം 3,000) പിടിച്ചെടുക്കും. 2 ലക്ഷം രൂപയാണ് പരിരക്ഷ. കരാറായില്ല, ഒ.പി.ചികില്‍സയില്ല, ആനുകൂല്യം ലഭിക്കുന്ന രോഗങ്ങള്‍ പറയുന്നില്ല,ചികില്‍സക്കായി ആശുപത്രികളുടെ ലിസ്റ്റ് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. എന്നാല്‍ വാര്‍ഷിക തുകയായി 1671 രൂപ നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപയുടെ ആനുകൂല്യം റിലയന്‍സ് നല്‍കുന്നുണ്ട്.
2016 ല്‍ ഇടത് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്നത്. ഇതിനായി കമ്മീഷനുണ്ട്.ഓഫീസില്ല, സ്റ്റാഫില്ല. 2016 മുതല്‍ നിയമനം ലഭിച്ച അധ്യാപകര്‍ക്ക് പ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള സ്‌കൂളുകളില്‍ തസ്തിക നിര്‍ണ്ണയം, നിയമനാംഗീകാരം, അര്‍ഹതപ്പെട്ട സ്ഥാനകയറ്റം നിഷേധിക്കുന്നു. വിദ്യാഭ്യാസ നിയമം (കെ.ഇ.ആര്‍) സര്‍ക്കാര്‍ ധൃതിപിടിച്ച് പരിഷ്‌കരിച്ചതിനെ തുടര്‍ന്നുണ്ടായ കോടതി നടപടികളെ തുടര്‍ന്ന് അധ്യാപക നിയമനം നിശ്ചലമായിരിക്കുന്നു. മൂന്ന് വര്‍ഷമായി അധ്യാപകര്‍ക്ക് അനുകൂലമായ നടപടിസ്വീകരിക്കാന്‍ സര്‍ക്കാറിനായില്ല. കുട്ടികളുടെ എണ്ണം കണക്കാക്കി അധ്യാപകരെ നിയമിച്ചാലും നിയമനാംഗീകാരം നല്‍കില്ല.
2003 ജൂണ്‍ 1 മുതല്‍ ജോലി ലഭിച്ച ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം (ഏ.ഐ.പി)സ്‌കൂളുകളിലെ 67 അധ്യാപകര്‍ക്ക് 2015 നവംബര്‍ 11 മുതലാണ് നിയമനാംഗീകാരം നല്‍കിയത്. 67 അധ്യാപകരുടെ 13 വര്‍ഷത്തെ സേവനകാലവും ഇതര ആനുകൂല്യങ്ങളും വേതനവും സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്.
2012 മുതല്‍ സര്‍വ്വീസില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് കെടെറ്റ് അധികയോഗ്യത നേടുന്നതിനായി 2019 മാര്‍ച്ച് 31 വരെ സമയമനുവദിച്ചിട്ടുണ്ട്. നിയമനാംഗീകാരം ലഭിച്ച് വേതനം കൈപറ്റുന്നവരുടെ ശമ്പളം മുടങ്ങാതിരിക്കാനായി 2022 വരെ കാലാവധി ദീര്‍ഘിപ്പിക്കേണ്ടതുണ്ടെങ്കിലും ഉത്തരവിറക്കിയില്ല. ഐ.ടി.പഠനം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെന്ന കാരണത്താല്‍ അധ്യാപകരുടെ പ്രബേഷന്‍ തടയുന്നു. 2012 മുതല്‍ ലഭിക്കേണ്ട വാര്‍ഷിക ഇന്‍ക്രിമെന്റടക്കമുള്ളവ നിഷേധിക്കുന്നു.
9, 10 ക്ലാസുകളിലെ മലയാളം അടിസ്ഥാന പാഠാവലി, ജീവശാസ്ത്രം, ഗണിതം, പാഠപുസ്തകങ്ങളില്‍ വ്യാപകമായ തെറ്റ് നിലനില്‍ക്കുന്നു. പുസ്തകം പിന്‍വലിക്കുന്നതിന് പകരം തെറ്റ് തിരുത്താന്‍ അധ്യാപകരോട് എസ്.സി.ഇ.ആര്‍.ടി.ഡയരക്ടര്‍ നേരിട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. കരിക്കുലം കമ്മിറ്റി ചേര്‍ന്നാണ് പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്‌കരിക്കാനും മാറ്റം വരുത്താനും തീരുമാനിക്കേണ്ടത്. മിക്ക പാഠപുസ്തകങ്ങളും മാറ്റിയിരിക്കുന്നു. കരിക്കുലം കമ്മിറ്റി ചേര്‍ന്നില്ല, തീരുമാനിച്ചില്ല.
1979 മെയ് 22 തുടങ്ങിയ സ്‌കൂളുകള്‍ (40 വര്‍ഷം മുന്‍പ്) തുടങ്ങിയ സ്‌കൂളുകളെ ഇന്നും ന്യൂലി ഓപണ്‍ സ്‌കൂള്‍ എന്ന ഓമനപേരിട്ട് അത്തരം എയ്ഡഡ് സ്‌കൂളുകളിലെ നിയമനാധികാരം സര്‍ക്കാര്‍ പിടിച്ചെടുക്കുകയാണ്. സ്‌കൂളുകള്‍ വേണ്ടത്ര ഇല്ലാത്തതിനാല്‍ തുടര്‍പഠനം നിര്‍ത്തുന്ന സാഹചര്യമൊഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.എച്ച് മുഹമ്മദ് കോയ അനുവദിച്ച സ്‌കൂളുകളാണിത്.
അധ്യാപക-ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെയുള്ള ഘടനാമാറ്റം നടപ്പാക്കുന്നതിലൂടെ ഘട്ടംഘട്ടമായി 29,000 തസ്തികകള്‍ ഇല്ലാതാക്കാനാണ് ഗൂഢനീക്കം. 2,660 ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തസ്തിക ഇല്ലാതെയാവും. ഹൈസ്‌കൂള്‍ അധ്യാപകരുടെ സ്ഥാനക്കയറ്റ തസ്തികകളായ ഹെഡ്മാസ്റ്റര്‍, എ.ഇ.ഒ മുതല്‍ എ.ഡി.പി.ഐ വരെയുള്ള 310 ഓഫീസര്‍ തസ്തികകള്‍ ഇല്ലാതാകും.
വിദ്യാഭ്യാസ യജ്ഞത്തിന്റെ മേന്മ•കാരണം മൂന്ന് വര്‍ഷങ്ങളിലായി 3.5 ലക്ഷം കുട്ടികള്‍ പുതുതായി സ്‌കൂളിലെത്തിയെങ്കില്‍ ചുരുങ്ങിയത് 9,500 അധ്യാപക തസ്തിക അനുവദിക്കണം. മൂന്ന് വര്‍ഷമായി ഒരധ്യാപക തസ്തിക പോലും സൃഷ്ടിച്ചിട്ടില്ല. 11,000 ഓളം ഒഴിഞ്ഞ് കിടക്കുന്ന അധ്യാപക തസ്തികകളില്‍ നിയമനം പൂര്‍ത്തിയാക്കിയിട്ടില്ല.
സ്‌കൂള്‍ ഏകീകരണത്തില്‍ പ്രയാസപ്പെട്ട് 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലെ(വി.എച്ച്.എസ്.ഇ) 4,297 അധ്യാപകരുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയെ ഹയര്‍ സെക്കന്ററിയിലേക്ക് ലയിപ്പിക്കുന്നതോടെ നിലവിലുള്ള വൊക്കേഷണല്‍ ടീച്ചര്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍, ലാബ് അസിസ്റ്റന്റ്, തുടങ്ങിയ തസ്തികകളിലായി ജോലി ചെയ്യുന്നവര്‍ ആശങ്കയിലാണ്.
5,402 കായികാധ്യാപകര്‍ വേണ്ട സ്ഥാനത്ത് 1,500 തസ്തികയിലെ അധ്യാപകരെ നിയമിച്ചിട്ടുള്ളു. പ്രൈമറി വേതനവും ഹൈസ്‌കൂളില്‍ നിയമനവും ഹയര്‍സെക്കന്ററി വരെ ജോലിയെടുക്കുന്ന കായികാധ്യാപകരെ അവഹേളിക്കുന്ന സമീപനം തുടരുകയാണ്. ഇനിയിവരെ ഗ്രാമപഞ്ചായത്തടിസ്ഥാനത്തിലാണത്രെ നിയമിക്കുക. 941 ഗ്രാമപഞ്ചായത്തുകളാണുള്ളത്.
2,100 ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ക്കും ക്ലാര്‍ക്കിനെയും ഓഫീസ് സ്റ്റാഫിനെയും നിയമിക്കാമായിരുന്നു. ഈയിനത്തില്‍ 6,300 തസ്തികയാണ് ലയനത്തോടെ ഇല്ലാതെയാവുന്നത്. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഓഫീസില്‍ (വി.എച്ച്.എസ്.ഇ) ക്ലര്‍ക്ക്, മറ്റ് മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ നിലവിലുണ്ട്. ഏകീകരണത്തോടെ 850 ഓളം തസ്തിക ഇല്ലാതെയാവും.
3361 പേര്‍ അധ്യാപക പാക്കേജിന്റെ ഭാഗമായി പുനര്‍വിന്യാസം കാത്ത് കഴിയുന്നു. ഇക്കാരണത്താല്‍ 2006 മുതല്‍ 2016 വരെയുള്ള നിയമനങ്ങള്‍ക്കും 2019 ല്‍ ജോലി ലഭിച്ച ആയിരങ്ങള്‍ക്കും നിയമനാംഗീകാരം നിഷേധിക്കുന്നു. ഹയര്‍സെക്കന്ററി വിജയശതമാനം ഉയര്‍ത്താന്‍ വിദ്യാര്‍ത്ഥിക്ക് വേണ്ടി അധ്യാപകന് പരീക്ഷ എഴുതേണ്ടി വന്നു. രണ്ട് പരീക്ഷ എഴുതി, 32 ഉത്തരപേപ്പറുകള്‍ തിരുത്തിയെന്നുമാണ് പരാതി. വിദ്യാഭ്യാസ വകുപ്പിനെയും അധ്യാപക സമൂഹത്തെയും വഞ്ചിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാറിന്റേത്.
ഖാദി ബോര്‍ഡ് മുഖേനയാണ് സ്‌കൂള്‍ യൂണിഫോം വിതരണം. എല്‍.പി.സ്‌കൂള്‍ കുട്ടികള്‍ക്ക് യൂണിഫോമിന് മതിയായ അളവില്‍ തുണിലഭിക്കാത്തതിനാല്‍ പാന്റിന് പകരം ട്രൗസടിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്.
അവധിക്കാല അധ്യാപക പരിശീലനം ശില്‍പശാലയാക്കി മാറ്റിയെന്നതാണ് വിദ്യാഭ്യാസ വിപ്ലവം.
ഗ്രൂപ്പല്ല വിഭാഗീയതയാണ് എന്നത് പോലെ. വിദ്യാഭ്യാസ യജ്ഞം, ഹൈടെക് സ്‌കൂള്‍, സമഗ്രാസൂത്രണം, ലയനം, ഏകീകരണം,ശില്‍പശാല,കൈറ്റ് തുടങ്ങിയ പദങ്ങള്‍ കൊണ്ടുള്ള കസര്‍ത്തല്ലാതെയെന്ത് മാറ്റം. പ്രൈമറി, സെക്കന്ററി ഡയരക്ടറേറ്റുകള്‍ രൂപീകരിച്ച് പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് പകരം കേന്ദ്രീകരണത്തിലേക്ക് വിദ്യാഭ്യാസ വകുപ്പിനെ മാറ്റാനാണിപ്പോള്‍ ശ്രമം. വിവാദങ്ങളില്‍ നിന്നൊളിച്ചോടാന്‍ വിദ്യാഭ്യാസ യജ്ഞവും വീഴ്ചകള്‍ മറക്കാന്‍ ഏകീകരണവും മനപൂര്‍വ്വം ചര്‍ച്ചയാക്കുകയാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending