ഇ സാദിഖലി

മുസ്‌ലിംകള്‍ സാമ്പത്തിക ഭദ്രതയില്ലാത്തൊരു സമൂഹത്തിലാണ് മലയാള പത്രമെന്ന സങ്കല്‍പം പ്രാവര്‍ത്തികമാക്കാന്‍ കെ.എം സീതി സാഹിബ് ഇറങ്ങിപ്പുറപ്പെട്ടിരുന്നത്. എത്രത്തോളമത് വിജയിക്കുമെന്ന് അറിയുമായിരുന്നില്ല. മലബാറിലെ മാപ്പിളമാര്‍ മലബാര്‍ കലാപത്തിന്റെ കെടുതികളില്‍പെട്ട് നട്ടംതിരിയുകയും നരകയാതന അനുഭവിക്കുകയുമായിരുന്നു. പട്ടിണിയും പരിവട്ടവുമായിക്കഴിഞ്ഞ ഇവരെ സഹായിക്കാനോ ആശ്വസിപ്പിക്കാനോ സാന്ത്വനപ്പെടുത്താനോ ആരും മുമ്പോട്ട്‌വന്നില്ല. ജീവിതം തള്ളി നീക്കാന്‍ വളരെ ക്ലേശിച്ച ഇവര്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു. അക്ഷരാഭ്യാസം നല്‍കാനാളില്ല. തികച്ചും അനാഥമായ അവസ്ഥയിലായിരുന്നു മലബാറിലെ മാപ്പിളമാര്‍. 1934 ലെ അല്‍ അമീന്‍ വിശേഷാല്‍ പ്രതിയില്‍ കെ.എം സീതി സാഹിബ് മുസ്‌ലിംകളുടെ അന്നത്തെ സാമ്പത്തിക നിലയെക്കുറിച്ചെഴുതിയ ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അതിങ്ങനെ: ‘മുസ്‌ലിം അവിടെയും ഇവിടെയും ചില ജീവിതങ്ങളെയും കച്ചവടക്കാരെയും കണ്ടിട്ട് ആ സമുദായം സമ്പല്‍സമൃദ്ധമായ ഒന്നാണെന്നു അന്യരും നാം തന്നെയും പലപ്പോഴും ധരിച്ച് പോകാറുണ്ട്. ഈ ധാരണ ശരിയല്ലെന്ന് സമുദായത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് ഗാഡമായി ചിന്തിച്ചിട്ടുള്ളവര്‍ക്കറിയാന്‍ കഴിയും. തങ്ങളുടെ വരുമാനംകൊണ്ട് നിത്യ നൈമിഷികങ്ങളായ ചിലവുകള്‍ കഴിക്കാനശക്തരായ ആളുകളുടെ എണ്ണം മറ്റ് പല സമുദായങ്ങളെയുമപേക്ഷിച്ച് മുസ്‌ലിം സമുദായത്തിലെത്രയോ അധികമാണെന്ന് സൂക്ഷ്മാവലോകനം കൊണ്ട് മനസ്സിലാകും. നിത്യ ജീവിതത്തിന് പ്രായേണ പരാശ്രയം വേണ്ടി വരുന്ന വ്യക്തികളേറെയുള്ള ഒരു സമുദായത്തെ സമ്പത്തുള്ള സമുദായമായി പരിഗണിക്കുന്നതെങ്ങനെയാണ്? അമിത പലിശക്ക് കടം വാങ്ങുക നിമിത്തം ബാങ്കുകള്‍ക്കും പണ വ്യാപാരികള്‍ക്കും അടിമപ്പെട്ട കുടുംബങ്ങള്‍ നിറഞ്ഞൊരു സമുദായം ശുഭിക്ഷതയനുഭവിക്കുന്നുവെന്ന് പറയാമോ?’.
ഇനിയെന്തെന്നാലോചിക്കാനും അന്വേഷിക്കാനും കാത്ത്‌നില്‍ക്കാതെ കൂലിപ്പണിയിലഭയം തേടി കാലം കഴിക്കുകയായിരുന്നു സമുദായ മക്കള്‍. സ്ത്രീകളും കുട്ടികളുമെല്ലാം കവിളൊട്ടി മെലിഞ്ഞുണങ്ങിയ പട്ടിണിക്കോലങ്ങള്‍. ദയാദാക്ഷിണ്യം കാത്ത്കഴിയുന്ന ഇവര്‍ക്കിടയിലേക്കാണ് സ്‌നേഹത്തിന്റെ പൂക്കളുമായി, സാന്ത്വനത്തിന്റെ കൈലേസുമായി മുസ്‌ലിംലീഗ് എന്ന ആശയവുമായി സീതിസാഹിബും കൂട്ടരും കടന്ന്‌വന്നത്. അക്കാലങ്ങളില്‍ ദ്വയാംഗത്വം നിലനിന്നിരുന്നതിനാല്‍ (കോണ്‍ഗ്രസിലും മുസ്‌ലിംലീഗിലും ഒരേസമയം അംഗങ്ങളാകാമെന്ന വ്യവസ്ഥ) മുസ്‌ലിംലീഗിന് മലബാറില്‍ സ്വന്തമായി കമ്മിറ്റികളുണ്ടായിരുന്നില്ല. എന്നാല്‍ മുസ്‌ലിംലീഗുകാരും അനുഭാവികളും രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കാളുപരി സാമുദായിക, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു. വിദ്യാഭ്യാസം സ്വായത്തമാക്കാന്‍ യതീംഖാനകള്‍ നിര്‍മ്മിച്ചു. മത വിദ്യാഭ്യാസത്തിനായി ഓത്തുപള്ളികളിലേക്കും പള്ളിക്കൂടങ്ങളിലേക്കും ഇവരെ പറഞ്ഞയച്ചു. നല്ല ഉടുപ്പുകളണിയിച്ചു. പക്ഷെ വീട്ടിലെ ദാരിദ്ര്യമകറ്റാന്‍ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. അവര്‍ വീണ്ടും പണിശാലകളിലേക്ക് പോയി. ഇക്കാരണത്താലാവരുടെ വിദ്യാഭ്യാസത്തിന് തിരശ്ശീല വീണു. അങ്ങനെയാണവര്‍ പിന്നാക്കത്തിലേക്ക് പോയത്. ഈ ശോചനീയാവസ്ഥ കണ്ട്‌നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരായിരുന്നു മുതിര്‍ന്നവര്‍. കൂലിപ്പണിയെടുത്തില്ലെങ്കില്‍ പട്ടിണി കിടന്ന് പൊറുതി മുട്ടേണ്ടി വരും. അന്നത്തെ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹ്യാന്തരീക്ഷമാണിതിലൂടെ പ്രത്യക്ഷമാകുന്നത്.
വളരെ പരിതാപകരമായ ഈയവസ്ഥ സീതി സാഹിബിനെ വേദനിപ്പിച്ചു. മനംനൊന്ത അദ്ദേഹം എന്തിനാണിവിടെ നമ്മള്‍ സമ്മേളിച്ചിരിക്കുന്നതെന്നന്വേഷിച്ചു. സുഹൃത്തുക്കളോട് പ്രതിവിധിയെക്കുറിച്ചാരാഞ്ഞു. അവസാനം അചഞ്ചലമായൊരു തീരുമാനത്തിലെത്തിച്ചേര്‍ന്നു. നരക യാതനയനുഭവിക്കുന്നവരുടെ നിത്യ ദുരിതങ്ങള്‍ക്കറുതി വരുത്താന്‍ സമൂഹത്തിലെ പ്രമാണിമാരായ സമുദായ സ്‌നേഹികളെ സമീപിക്കുകയെന്നതായിരുന്നു അത്. കണ്ണീര്‍ക്കയത്തില്‍ മുങ്ങിത്താഴുന്നവരെ കൈപിടിച്ച് കരക്ക്കയറ്റുക തന്നെ. ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. എല്ലാ നിലയിലും അധ:പ്പതിച്ച ഈ പാവങ്ങള്‍ക്ക് ആദ്യം രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കി സംഘടിപ്പിക്കാന്‍ പ്രതിജ്ഞയെടുത്തു. ഇതിലൂടെ മാത്രമേ മോചനം ലഭ്യമാകൂവെന്ന് അവരെ പറഞ്ഞുബോധ്യപ്പെടുത്തി. പിന്നെ അവര്‍ക്കാവശ്യം അക്ഷരാഭ്യാസമാണ്. അതിന് ശേഷമവരെ സ്വയം പര്യപ്തരാക്കിയെടുക്കണം. ഇതിന് പാകത്തില്‍ ആ ദുര്‍ബല വിഭാഗങ്ങളെ പാകപ്പെടുത്തിയെടുക്കാന്‍ അവര്‍ നന്നേ പാട്‌പെട്ടു. അതിനെ തുടര്‍ന്നാണ് സാമുദായിക ജിഹ്വയായ ചന്ദ്രിക ഉദയം ചെയ്തത്. ഒപ്പം രാഷ്ട്രീയ കക്ഷിയായി മുസ്‌ലിംലീഗും.