കെ.സി വേണുഗോപാല്‍

2004 ലെ ക്രിസ്മസ് പിറ്റേന്നു രാവിലെ ആലപ്പുഴ നിന്നു തിരുവനന്തപുരത്തേക്കു യാത്ര പുറപ്പെട്ടതായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ ആശയെ ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടര്‍ന്നു ഡോക്ടറെ കാണിക്കാനായിരുന്നു ആലപ്പുഴയില്‍ നിശ്ചയിച്ചിരുന്ന പരിപാടികളൊക്കെ മാറ്റിവച്ചുള്ള യാത്ര. അമ്പലപ്പുഴ എത്താറായപ്പോള്‍ ഔദ്യോഗികകാറിലെ വയര്‍ലെസ്സിലൂടെ ആ സന്ദേശം എത്തി. ആലപ്പുഴയിലുള്‍പ്പെടെ സംസ്ഥാനത്തെ മിക്ക തീര പ്രദേശങ്ങളിലും അസാധാരണമാംവിധം കടല്‍ കയറുന്നു. തൊട്ടുപിന്നാലെ ആ വിവരവും എത്തി. അന്ധകാര നാഴിയില്‍ മന്ത്രി കെ. ആര്‍ ഗൗരിയമ്മ തിരയില്‍പ്പെട്ടിരിക്കുന്നു. നിമിഷങ്ങള്‍ക്കകം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫോണ്‍ വിളിവന്നു. ‘സുനാമി എന്ന അപൂര്‍വ പ്രതിഭാസമാണ് കടലില്‍കാണുന്നത്. ആയിരക്കണക്കിനാളുകള്‍ കൂറ്റന്‍ തിരമാലകളില്‍പ്പെട്ടു അപകടത്തിലാണ്. അഴീക്കലിലും ഹരിപ്പാട് ആറാട്ടുപുഴയിലും സ്ഥിതി അതീവ ഗുരുതരം. വേണു ഉടന്‍ ആറാട്ടു പുഴയിലെത്തണം…’ യാത്ര മാറ്റിവച്ചു ആറാട്ടുപുഴയിലേക്കുകുതിച്ചു. യുദ്ധക്കളം പോലെ ആറാട്ടുപുഴ. ആര്‍ത്തലച്ചെത്തിയ കൂറ്റന്‍ തിരമാലകള്‍ ആ തീര ഗ്രാമമാകെ നക്കിത്തുടച്ചിരിക്കുന്നു. എങ്ങും നിലവിളികള്‍ മാത്രം. തിരമാലകള്‍ തച്ചുതകര്‍ത്ത വീടുകളുടെ അവശിഷ്ടങ്ങള്‍ യുദ്ധ ഭൂമിയെ അനുസ്മരിപ്പിച്ചു. എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും പകച്ചുപോയ നിമിഷങ്ങള്‍. ദുരന്തം നക്കിത്തുടച്ച ആയിരം തെങ്ങില്‍ ഒട്ടും വൈകാതെഉമ്മന്‍ചാണ്ടി എത്തി. അടിയന്തരമായി കണ്‍ട്രോള്‍ റൂം തുറക്കാനും സഹായങ്ങളെത്തിക്കാനും മുഖ്യമന്ത്രിയുടെനിര്‍ദേശം. മണിക്കൂറുകള്‍ക്കകം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ദുരന്തബാധിതരെ ആഹാരവും വസ്ത്രവുമുള്‍പ്പെടെ നല്‍കി ക്യാമ്പുകളില്‍ സുരക്ഷിതരാക്കി.
ഏതു പ്രതിസന്ധിയെയും തരണംചെയ്യാന്‍ പാടവവമുള്ള ഉമ്മന്‍ചാണ്ടിയിലെ ‘ക്രൈസിസ് മാനേജര്‍’ ഉണര്‍ന്നു. അത്തരമൊരു ദുരന്തത്തെ നേരിട്ടുള്ള മുന്‍ പരിചയമില്ല കേരളത്തിന്. നിയമങ്ങളുമില്ല, കീഴ്‌വഴക്കങ്ങളുമില്ല. ഉമ്മന്‍ചാണ്ടി ദിവസങ്ങളോളം ദുരന്തമുഖത്തുതന്നെ നിന്നു. കൊല്ലം ജില്ലയിലെ ആലപ്പാടു മുതല്‍ അഴീക്കല്‍ വരെ ഏതാണ്ടു ഏഴെട്ടു കിലോമീറ്ററോളം ഉമ്മന്‍ചാണ്ടി നടന്നു ഓരോരുത്തരെയും ആശ്വസിപ്പിച്ചു. ഇടയ്ക്ക് ചെരിപ്പ് പൊട്ടിപ്പോയപ്പോഴും കാല്‍നടയാത്ര നിര്‍ത്തിയില്ല. വില്ലേജ് ഓഫിസര്‍മാര്‍ മുതല്‍ ചീഫ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചു അദ്ദേഹം രാപ്പകല്‍ കൂടെനിന്നു. കടലിന്റെ ഭീകരമുഖം കണ്ടു പകച്ചുപോയ തീരദേശ ജനതക്കു ഒരു ബുദ്ധിമുട്ടുമുണ്ടാകരുതെന്ന് അദ്ദേഹത്തിന് അത്രയേറെ നിര്‍ബന്ധമായിരുന്നു. പരമാവധി കേന്ദ്ര സഹായം നേടിയെടുക്കാനും പുനധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയമ തടസ്സങ്ങള്‍ മറികടക്കാനും അദ്ദേഹം കാട്ടിയ ജാഗ്രതയും കൂര്‍മ്മതയും തീരദേശ ചരിത്രത്തിന്റെ ഭാഗം കൂടിയാണിന്ന്. രണ്ടു തവണ മന്ത്രിസഭായോഗങ്ങള്‍ ചേര്‍ന്ന ദിവസങ്ങളത്രെയോ ഉണ്ടായി. എത്രവലിയ പ്രശ്‌നമായാലും അതിനൊരു പ്രയോഗിക പരിഹാരം അദ്ദേഹത്തിനു മുന്നില്‍ തെളിയും. ഒന്നല്ലെങ്കില്‍ മറ്റൊരുവഴി, അല്ലെങ്കില്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും അതിനായി തേടും. നിയമ തടസ്സങ്ങളുണ്ടെങ്കില്‍ അത് മറികടക്കാന്‍ നിയമത്തെ പൊളിച്ചെഴുതും. അതാണ് ഉമ്മന്‍ചാണ്ടിയുടെ മൗലികമായ രീതി. ഔപചാരികതയുടെ അളവുകോലുകള്‍ക്കപ്പുറത്ത് മനുഷ്യത്വം തുളുമ്പുന്ന അദ്ദേഹത്തിന്റെ വൈകാരിക മനസ്സും കണ്ടിട്ടുണ്ട്. ‘ഉമ്മന്‍ചാണ്ടീ..’ എന്ന ഒരെട്ടു വയസ്സുകാരിയുടെ നീട്ടിയുള്ള വിളിയില്‍ പിറന്നതൊരു വീടാണ്. മൂന്നു വര്‍ഷം മുമ്പ് നടക്കാവ് ടി.ടി.ഐയുടെ ഉദ്ഘാടനത്തിനു പോയപ്പോഴാണ് 74 വയസുള്ള ഉമ്മന്‍ചാണ്ടിയെമൂന്നാം ക്ലാസുകാരി ശിവാനിയെന്ന മിടുക്കി പേരു ചൊല്ലി വിളിച്ചുപിടിച്ചുനിര്‍ത്തിയത്. നിഷ്‌കളങ്ക മുഖത്തോടെആ കുരുന്നിനോട് ഉമ്മന്‍ചാണ്ടി കാര്യം തിരക്കി. അവളുടെ സഹപാഠി അമല്‍ കൃഷ്ണക്കു വീടില്ല. അവനെ സഹായിക്കണമെന്നാണു ശിവാനിയുടെ ഡിമാന്‍ഡ്. ‘ഇല്ല’ എന്നൊരു വാക്കു നിഘണ്ടുവിലില്ലാത്ത ഉമ്മന്‍ചാണ്ടി അമലിനൊരു വീട് വെച്ചുകൊടുത്തു. മലയാളിക്ക് അതൊരു രൂഢമൂലമായ വിശ്വാസമാണ്. ഉമ്മന്‍ചാണ്ടിയെ വിളിച്ചാല്‍ഏതു അസാധ്യകാര്യവും നടക്കുമെന്ന വിശ്വാസം. ഏതൊരാള്‍ക്കും ഏതു പാതിരാത്രിക്കും എന്ത് സഹായവും ചോദിച്ചു ധൈര്യമായി വിളിക്കാവുന്ന നേതാവ്. ആ വിശ്വാസത്തിന് അമ്പതാണ്ട് തികയുന്നു. പുതുപ്പള്ളിക്കാരുടെ സ്വന്തം ഉമ്മന്‍ചാണ്ടി അങ്ങനെയൊക്കെയാണല്ലോ കേരളത്തിന്റെ പൊതുസ്വത്തായത്. വിശ്രമമില്ലാതെ രാപ്പകല്‍ അധ്വാനിക്കുന്ന ഉമ്മന്‍ചാണ്ടിക്കു ആള്‍ക്കൂട്ടങ്ങളില്ലെങ്കില്‍ഊര്‍ജമില്ല എന്ന ചൊല്ലില്‍ അതിശയോക്തിയില്ല.
കെ.എസ്.യുവിന്റെ നീലക്കൊടിയും പിടിച്ചു എ.കെആന്റണിയുടെ പിന്‍ഗാമിയായി ഈ പ്രസ്ഥാനത്തിലേക്കുവന്ന ഉമ്മന്‍ചാണ്ടി കേരളത്തില്‍ കോണ്‍ഗ്രസിന്റെ ശക്തിസ്രോതസ്സായി മാറിയതിനുപിന്നില്‍ പതിറ്റാണ്ടുകളുടെത്യാഗനിര്‍ഭരമായ കഠിനാധ്വാനവും ആത്മസമര്‍പ്പണവുമുണ്ട്. താന്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ അദ്ദേഹം മറ്റുള്ളവരെ കേള്‍ക്കാന്‍ തയാറാകുന്നുവെന്നതാണു ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ മെറിറ്റ്. ഇടപെടലുകളിലെ ആത്മാര്‍ഥത, ഉത്തരവാദിത്തങ്ങളോടും സ്ഥാനങ്ങളോടും എക്കാലവും പുലര്‍ത്തിയ അങ്ങേയറ്റത്തെ നീതി.. രാഷ്്ട്രീയത്തിനതീതമായി ഉമ്മന്‍ചാണ്ടിക്കു ജനകീയതനേടിക്കൊടുത്തതു ഈ ഗുണങ്ങള്‍ കൊണ്ടുതന്നെയാണ്. ഔപചാരികതയുടെ മതിലുകളില്ലാതെ ജനങ്ങള്‍ക്ക് അദ്ദേഹവുമായി നേരിട്ടു സംവദിക്കാം. മുഖവുരയില്ലാതെ, മുന്‍പരിചയമില്ലാതെ ആര്‍ക്കും അദ്ദേഹത്തെ എപ്പോഴും കാണാം. ആവലാതികളോ ആവശ്യങ്ങളോ എന്തും പറയാം. കുടുംബാംഗത്തോടെന്നപോലെ ന്യായമായ എന്താവശ്യത്തിനും അദ്ദേഹം കൂടെനില്‍ക്കും. ആ സത്യസന്ധതയാണ് ജനങ്ങള്‍ ഇഷ്ടപ്പെടുന്നതും. പുതുപ്പള്ളിക്കാര്‍ക്ക് അവരുടെ കുഞ്ഞൂഞ്ഞ് ഓരോ വീട്ടിലെയും അംഗമാണെന്നതുപോലെ തലമുറകളായി ആ വിശ്വാസവും സാഹോദര്യവുംകേരളമാകെ വിശുദ്ധിയോടെ കാക്കാന്‍ ഉമ്മന്‍ചാണ്ടിക്കുകഴിഞ്ഞു.
നിയമസഭാംഗമെന്ന നിലയിലും പൊതുപ്രവര്‍ത്തനകനെന്ന നിലയിലും ജനകീയ സാമൂഹിക വിഷയങ്ങള്‍ ഏറ്റെടുത്തു ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചതിന്റെ പിന്‍ബലമാണു അരനൂറ്റാണ്ടു കാലത്തെ തുടര്‍വിജയങ്ങളുടെ അടിത്തറ. ഭരണാധികാരി എന്ന നിലയില്‍ നാടിന്റെ പുരോഗതിയും ജനങ്ങളുടെ ക്ഷേമവും മുന്‍നിര്‍ത്തി അദ്ദേഹംആവിഷ്‌കരിച്ച പദ്ധതികളും പരിപാടികളും സമാനതകളില്ലാത്തതാണ്. ഗിന്നസ്ബുക്കില്‍ ഇടംപിടിച്ച ജനസമ്പര്‍ക്ക പരിപാടിയിലൂടെ പത്തു ലക്ഷത്തോളം പരാതികള്‍ക്കാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം നേരിട്ടു പരിഹാരമുണ്ടാക്കിയത്. കേരളം അന്നുവരെ കാണാത്തപരാതി പരിഹാര രീതിക്കു മുഖ്യമന്ത്രിക്കു കൂട്ടായി ജനതയും ഭരണ യന്ത്രവും ഉറക്കമൊഴിച്ച് ഒപ്പം നിന്നു. കണ്ണൂര്‍ വിമാനത്താവളവും കൊച്ചി മെട്രോയും സ്മാര്‍ട്ട്‌സിറ്റിയും നിര്‍മ്മാണം തുടരുന്ന വിഴിഞ്ഞം തുറമുഖവുമടക്കം നിരവധി വികസന പദ്ധതികള്‍. കാരുണ്യയും സൗജന്യ കാന്‍സര്‍ചികിത്സയും പുതിയ മെഡിക്കല്‍ കോളജുകളുമടക്കം ആരോഗ്യ മേഖലയില്‍ കുതിച്ചുചാട്ടമുണ്ടായ ഭരണകാലം. തൊഴില്‍ മന്ത്രി എന്ന നിലയില്‍, അഭ്യസ്ത വിദ്യരായ യുവതീ യുവാക്കള്‍ക്ക് തൊഴിലില്ലായ്മാവേതനം നല്‍കാനെടുത്ത തീരുമാനവും ചരിത്രത്തിന്റെ ഭാഗമാണ്. അടിസ്ഥാന സൗകര്യവികസന രംഗത്തും വിദ്യാഭ്യാസ മേഖലയിലും വിപ്ലവകരമായ നേട്ടങ്ങള്‍ മാത്രമല്ല, ക്ഷേമ പെന്‍ഷനുകള്‍, കാര്‍ഷിക, കുടിവെള്ള പദ്ധതികള്‍ അങ്ങനെ വികസന- ക്ഷേമ പദ്ധതികളിലൂടെ അതിവേഗം ബഹുദൂരമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍കേരളത്തെ മുന്നോട്ടുകൊണ്ടുപോയത്. പക്ഷെ നിലപാടുകള്‍ക്കുവേണ്ടി അധികാരം വലിച്ചെറിയാനും പലപ്പോഴുംഅദ്ദേഹം മടിച്ചില്ല. കേരളത്തിലെ ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ നെടുംതൂണാണ് ഉമ്മന്‍ചാണ്ടി. ഘടകകക്ഷികളെ ആരെയും പിണക്കാതെ പ്രശ്‌നപരിഹാരമുണ്ടാക്കുന്നതിലുള്ള ആ സാമര്‍ഥ്യം മുന്നണി കണ്‍വീനറായിരിക്കുമ്പോഴും അല്ലാതെയും എത്രയോ തവണ കണ്ടതാണ്. കേരളജനതനെഞ്ചേറ്റിയ, ജനകീയനായനേതാവ്എന്നനിലയില്‍മാനുഷികമൂല്യങ്ങള്‍ക്ക്മറ്റെന്തിനേക്കാളുംവിലകല്‍പിക്കുന്ന ഉമ്മന്‍ചാണ്ടിഒരുപ്രതീകമാണ്. നിയമസഭാംഗത്വത്തിന്റെ അന്‍പതാംവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍, ചരിത്ര നേട്ടത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും ജനസേവനത്തിന്റെ പാതകളില്‍ കൂടുതല്‍ കരുത്തോടെ ഇനിയും ഏറെ മുന്നോട്ടുപോകാനുള്ള ഊര്‍ജ്ജവും ആയുരാരോഗ്യസൗഖ്യങ്ങളും അദ്ദേഹത്തിനുണ്ടാകട്ടെ എന്ന്ആശംസിക്കുന്നു.