Connect with us

Video Stories

മീനവിയല്‍ എന്തായോ എന്തോ

Published

on

ശാരി പിവി

പാര്‍ട്ടി ചാനലില്‍ ഒന്നു വീതം മൂന്നു നേരം മീനവിയല്‍ തോരനുണ്ടാക്കി നാട്ടാരെ വെളുക്കനെ ചിരിക്കാന്‍ പഠിപ്പിക്കുന്ന പാര്‍ട്ടിക്കാരിയായ പ്രിന്‍സിപ്പലിനു വേണ്ടി വിദ്യാര്‍ത്ഥി സമൂഹത്തെ ഒറ്റിക്കൊടുത്തു യൂദാസിനെ നാണിപ്പിച്ച് ശിഖണ്ഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാരവാഹികള്‍ ചാനലുകള്‍ തോറും പാര്‍ട്ടിയാപ്പീസീന്ന് അച്ചാരം വാങ്ങിയ വകയില്‍ ന്യായീകരണ തൊഴിലുമായി നടക്കുന്നതാണ് നാട്ടിലിപ്പോ കാണുന്ന പ്രധാന കാഴ്ച. പേര് ലോ കോളജാണെങ്കിലും തിരുവനന്തപുരത്തെ ലോ കോളജില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്നതൊക്കെ നിയമ വിരുദ്ധ കാര്യങ്ങളാണ്.

പ്രിന്‍സിപ്പലിന്റെ ബിരുദം മുതല്‍ നിയമനം വരെ പാപ്പരാസികള്‍ മുതല്‍ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ വരെ സംശയത്തിന്റെ മുനയിലാക്കിയിട്ടുമുണ്ട്. (ഓരോ ദിവസവും ഓരോരോ കഥകള്‍ മെനയുകയാണെന്നാണ് ചുവന്ന് നരച്ച പാര്‍ട്ടിയുടെ (കു)ബുദ്ധി ജീവികള്‍ പറയുന്നത്). പ്രിന്‍സിപ്പലിനും കോളജിലെ കുത്തഴിഞ്ഞ നയങ്ങള്‍ക്കുമെതിരെ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി സമര രംഗത്തു വരികയും ചെയ്തു. എന്നാല്‍ സമരത്തിന്റെ ആദ്യ നാളുകളില്‍ എന്തിനും ഏതിനും സമരം ചെയ്തു പണ്ട് സ്‌ട്രൈക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന് അപര നാമം സമ്പാദിച്ച എസ്.എഫ്.ഐ മാത്രം പങ്കു ചേര്‍ന്നില്ല.

എല്ലാവരും ഒത്തൊരുമിച്ച് സമരം നയിച്ച് ഏതാണ്ട് കോളജ് സ്തംഭിച്ചതോടെ ഭരണ കക്ഷിയുടെ വിദ്യയില്ലാ സംഘടനക്കിടയില്‍ ചെറിയൊരു മുറുമുറുപ്പ്. ശ്ശെടാ നമ്മളില്ലാതെയും സമരം വിജയിച്ചല്ലോ എന്ന കുണ്ഠിതം വേറെയും. പിന്നൊന്നും ആലോചിച്ചില്ല. പന്തം കൊളുത്തിപ്പടയുമായി സമര മുഖത്തേക്ക്. പതിവു പോലെ പ്രിന്‍സിപ്പലിനെ രാജിവെപ്പിച്ചിട്ടല്ലാതെ സമരം നിര്‍ത്തില്ലെന്നും അക്കളി തീക്കളി പിന്നെ ഏതാണ്ടൊക്കെ കളിയെന്നു മുദ്രവാക്യവും. ഒടുവില്‍ യൂണിവേഴ്‌സിറ്റിയുടെ വക പരിശോധന. കണ്ടെത്തലാവട്ടെ സര്‍വത്ര കുഴപ്പവും. ഭരണ കക്ഷിയുടെ വേണ്ടപ്പെട്ട നേതാക്കളും കൊച്ചുമക്കളും പിന്നെ മന്ത്രിമാരുടെ സ്റ്റാഫും സ്റ്റാന്റിങ് കൗണ്‍സലും അങ്ങനങ്ങനെ എല്ലായിടത്തും പിടിപാടുള്ള ലോകോളജ് മാനേജ്‌മെന്റിനെ പിണക്കാനും വയ്യ.

ചുടു ചോര മാന്താന്‍ പിള്ളാരെ റോഡിലിറക്കുകയും ചെയ്തു. എന്നാ പിന്നെ എന്താ ഒരു വഴി. യുറേക്കാ…. പാര്‍ട്ടി ആപ്പീസില്‍ ചര്‍ച്ച വിളിക്കാം. ഒരു വെടിക്ക് രണ്ട് പക്ഷി. ഭരണ കക്ഷിയല്ലേ, അതിപ്പോ ഓരോ കീഴ് വഴക്കങ്ങളാവുമ്പോ അങ്ങനെയല്ലേ പറ്റൂ. പാര്‍ട്ടി ആപ്പീസീന്ന് അങ്ങനെ നിര്‍ദേശവും പോയി. പാര്‍ട്ടിയുടെ പിള്ളാരെ മാത്രം ചര്‍ച്ചക്കു വിളിക്കുക. എന്നിട്ട് നുമ്മ പറഞ്ഞു തരുന്നതൊക്കെ അംഗീകരിച്ചുവെന്നു പറയുക. അതോടെ എല്ലാം ക്രോംപ്രമൈസ് ആവും. മുകളില്‍ നിന്നും ഉത്തരവെത്തി. പിള്ളാര്‍ സഖാക്കള്‍ ഒരു വാറോലയുമായി കോളജിനുള്ളില്‍ പോകുന്നു. അല്‍പ സമയം കഴിഞ്ഞ് തിരിച്ചു വരുന്നു.

മുന്‍കൂട്ടി വിവരം അറിയിച്ചതിനനുസരിച്ച് സമര സഖാക്കള്‍ക്കായി പ്രമുഖ പാപ്പരാസികള്‍ നേരത്തെ തയാറാക്കിയ ചോദ്യങ്ങളുമായി നിരന്നു നില്‍ക്കുന്നു. പിന്നെ വെളുക്കനെ ചിരിയുമായി എല്ലാം കോംപ്രമൈസാക്കിയെന്ന പ്രഖ്യാപനവും. ഏതാണ്ടിതു കൊണ്ടൊക്കെ തീരുമാനമാകുമെന്ന പഴയ പാര്‍ട്ടി സ്റ്റഡി ക്ലാസിലെ ബുദ്ധിയും ഉപയോഗിച്ച് ചാനലിനു മുന്നില്‍ കുത്തിയിരുന്നവരെ നിരാശരാക്കി ബാക്കി വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവുമായി മുന്നോട്ടു തന്നെ. സ്വന്തം പാളയത്തില്‍ നിന്നും സി.പി.ഐയുടെ പിള്ളാര്‍ സംഘടന തന്നെ വല്യേട്ടന്‍മാരുടെ വര്‍ഗ വഞ്ചനയെ കുറിച്ച് തുറന്ന് പറഞ്ഞതോടെ ഇപ്പം ന്യായീകരണ ഡിക്ഷ്ണറി തിരഞ്ഞു നടക്കുകയാണ്. എസ്.എഫ്.ഐക്കാര്‍.

കാര്യങ്ങള്‍ ഏതാണ്ടൊക്കെ കൈവിട്ടു പോകുമെന്ന തിരിച്ചറിവു കൊണ്ടോ അതോ യു.ഡി.എഫ് കാലത്ത് വിതരണം ചെയ്ത സ്‌കൂള്‍ പാഠപുസ്തകത്തിന്റെ പിതൃത്വം ഏറ്റെടുത്ത പോലെ ഇതും നമ്മുടേത് എന്നു പറയാനോ ആവോ മന്ത്രിസഭയിലെ ഏറ്റവും മോശം മന്ത്രിയാരെന്ന മത്സരത്തില്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനത്തിന് യൊതാരു വെല്ലുവിളിയും ഇല്ലാതെ നിലനിര്‍ത്താന്‍ പറ്റുന്ന വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചാ പ്രഹസനവുമായെത്തി. മാനേജ്‌മെന്റിന്റെ നോട്ടീസ് വായിച്ചു കേള്‍പ്പിക്കുന്നു. പഴയ അത്തള പിത്തള തവളാച്ചി പാടി പിള്ളാരെ ഒതുക്കാനൊക്കില്ലെന്നറിഞ്ഞതോടെ പേരിലെ വ്യാജ പ്രൊഫസറുമായി മന്ത്രി വന്നതു പോലെ മടങ്ങി.

ഇനി ഇറങ്ങിപ്പോക്കിന് വല്ല കോഴ്‌സും ആരംഭിക്കുമോ ആവോ?
വ്യാജ ബിരുദം, വ്യാജ അറ്റന്റന്‍സ്, വ്യാജ ഇന്റേണല്‍ മാര്‍ക്ക് തുടങ്ങിയവ ചര്‍ച്ച ചെയ്യാനെത്തിയ മന്ത്രി തന്നെ ഇത്തരത്തിലൊരു വ്യാജവുമായാണ് നടക്കുന്നത്. എയ്ഡഡ് കോളജ് അധ്യാപകര്‍ പ്രൊഫസര്‍ ആകില്ലെങ്കിലും വ്യാജ പ്രൊഫസര്‍ പദവി അലങ്കാരവുമായാണ് ടിയാന്‍ കൊണ്ടു നടക്കുന്നത്. കേരളത്തിലെ നിരവധി സര്‍വ്വകലാശാലകളുടെ പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി തന്നെ ഇങ്ങനെ യുജിസി നിയമങ്ങള്‍ ലംഘിച്ച് ഇല്ലാത്ത പദവികള്‍ ഉണ്ടെന്നവകാശപ്പെടുമ്പോള്‍ ഇതൊക്കെ എന്ത്.

സ്വന്തം കാര്യത്തില്‍ നടപടിയെടുക്കാത്ത അദ്ദേഹം ലോ അക്കാദമി വിഷയത്തില്‍ എന്തെങ്കിലും നടപടിയെടുക്കാത്തതില്‍ പിന്നെ എന്തൂട്ട് അത്ഭുതം. പദവി ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്ന് നാള്‍ക്കു നാള്‍ തെളിയിച്ചു കൊണ്ടിരിക്കുകയുമാണ്. സാധാരണ പിള്ളാര്‍ ഇറങ്ങിപ്പോകും. ഇവിടെ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ വാക്കുകളില്‍ പറഞ്ഞാല്‍ പത്ത് മിനിറ്റ് ക്ഷമ കാണിച്ചിരുന്നേല്‍ തീര്‍ക്കാവുന്ന സമരമാണ് സഖാവ് പൊളിച്ചടക്കിയത്. ദലിത് പീഡനമടക്കം പരാതി നല്‍കിയിട്ടും ഒരു കേസു പോലുമെടുക്കാത്ത ഇരട്ടച്ചങ്കന്‍മാരുടെ ഭരണത്തില്‍ ഇതൊക്കെയല്ലേ നടക്കൂവെന്നാശ്വസിക്കാം.

ബംഗാളില്‍ ബുദ്ധദേവ് ആയിരുന്നെങ്കില്‍ കേരളത്തില്‍ ചുവപ്പ് മായ്ക്കുന്ന കാര്‍മികത്വം പിണറായിക്കായിരിക്കുമെന്ന് നാള്‍ക്കു നാള്‍ ടിയാനും തെളിയിച്ചിരിക്കുകയാണ്. നിയമത്തെ വെല്ലുവിളിക്കുന്ന ലോ അക്കാദമിയുടെ ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യമുന്നയിച്ച നടരാജ പിള്ളയെ ഏതോ ഒരു പിള്ളയാക്കിയ വിദ്വാന്‍. പക്ഷേ മുഖ്യന്‍ അറിയാത്തതായൊന്നുണ്ട് (അറിയാത്തതു പോലെ അഭിനയിച്ചതും ആവാം) ലോ അക്കാദമിയുടെ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഏതോ ഒരു പിള്ളയുടെ കുടുംബമല്ല ആവശ്യപ്പെട്ടത്.

മുഖ്യന് ഏതോ പിള്ളയായ പി എസ് നടരാജ പിള്ള യഥാര്‍ഥത്തില്‍ ആരാണ്? രണ്ടുവട്ടം മന്ത്രി, എം പി, എംഎല്‍എ, സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യത്തെ സെക്രട്ടറി, സ്വാതന്ത്ര്യ സമര സേനാനി ദിവാന്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് സര്‍ സിപി 1943ല്‍ ഭൂമി കണ്ടുകെട്ടിയിട്ടും പോരാട്ടം നയിച്ചയാള്‍. മാതാപിതാക്കള്‍ക്കൊപ്പം പിള്ള കഴിഞ്ഞിരുന്ന സ്ഥലത്തെ 11.49 ഏക്കര്‍ ഭൂമിയാണ് ലോ അക്കാദമി സംഘം സ്വന്തമാക്കിയത്. മുഖ്യനെക്കാള്‍ പതിന്‍മടങ്ങ് കേരളത്തിന് സംഭാവന ചെയ്തിട്ടുള്ള നടരാജ് പിള്ളയെ അറിയാത്ത ടിയാന്റെ ചരിത്രബോധം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളു.

എല്ലാം അറിഞ്ഞിട്ടും അപമാനിക്കാന്‍ വേണ്ടി തന്നെയാണ് നിങ്ങള്‍ പറഞ്ഞതെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെയെങ്കില്‍ നടരാജപിള്ളയും അദ്ദേഹത്തിന്റെ പിതാവ് മനോമണി പ്രഫ. സുന്ദരംപിള്ളയും കയറികിടക്കാന്‍ സ്വന്തമായി ഇടമില്ലാതെ കുടിലില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ മകന്‍ സുന്ദരവും ആരാണെന്ന് കൂടി മനസ്സിലാക്കുന്നത് ഒരു പക്ഷേ നന്നായിരിക്കും. എന്തായാലും ലോ അക്കാദമിക്ക് ഭൂമി നല്‍കിയതിനെപ്പറ്റി അന്വേഷിക്കില്ലെന്ന് ടിയാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

തന്നാലാവുന്നതെങ്കിലും ചെയ്യണമല്ലോ. പക്ഷേ വിടില്ല ഞാനെന്ന മട്ടില്‍ ഭരണം പരിഷ്‌കരിക്കാന്‍ ഇറങ്ങിത്തിരിച്ചയാള്‍ പിന്നാലെയുണ്ട്. സര്‍ക്കാര്‍ ഭൂമി ആര് കയ്യടക്കിയാലും തിരിച്ചെടുക്കണമെന്നാണ് പരിഷ്‌കാരിയുടെ ആവശ്യം. ക്ലാസ് നടത്താന്‍ സമ്മതിക്കില്ലെന്ന് രണ്ട് മുരളീധരന്‍മാരും കോളജിലെ പിള്ളാരും. എല്ലാം ചേര്‍ത്ത് പുതിയൊരു വിഭവം കോളജില്‍ നിന്നു ഉടന്‍ പ്രതീക്ഷിക്കാമെന്നര്‍ത്ഥം.

ലാസ്റ്റ് ലീഫ്: തമിഴ്‌നാട്ടില്‍ ശശികല മുഖ്യമന്ത്രി പദത്തിലേക്ക്. രാജ്ഞിക്കു പകരം തോഴി ജനാധിപത്യം വിശാലമാകുന്ന ഓരോ വഴികള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending