പി. ഇസ്മായില്‍, വയനാട്

ഇറാഖിലെ ഒരു ശ്മശാനം പ്രമുഖനായ സൂഫിവര്യന്‍ ഒരിക്കല്‍ സന്ദര്‍ശിച്ചു. അവിടുത്തെ കല്ലറകളില്‍ ഒരോരുത്തരും ജീവിച്ച വര്‍ഷവും മാസവും മണിക്കൂറുകളുമെല്ലാം കൃത്യമായി അടയാളപെടുത്തിയത് സൂഫിയുടെ ശ്രദ്ധയില്‍പ്പെട്ടു. ചിലതില്‍ 2 വര്‍ഷം, 12മാസം എന്നിങ്ങനെയും മറ്റു ചിലത് 50 ദിവസം ഒമ്പത് മണിക്കൂര്‍ എന്നിങ്ങനെയും എഴുതിയ കണക്കുകള്‍ സൂഫിവര്യനെ അത്ഭുത പെടുത്തി. ഇത്രവേഗം ഈ നാട്ടിലെ ആളുകള്‍ മരിക്കാന്‍ ഇവിടം വല്ല ദുരന്തവും ഉണ്ടായോ എന്നയാള്‍ നാട്ടുകാരോട് ചോദിച്ചു. ഒരാള്‍ സമൂഹത്തിന് വേണ്ടി എത്ര സമയം ചിലവഴിച്ചുവെന്ന് മരണാനന്തരം ഞങ്ങള്‍ പരിശോധിക്കും.

അത് കല്ലറയില്‍ എഴുതി വെക്കും. ഇവിടെ സമയം കുറിച്ച് വച്ചവരെല്ലാം അവരവര്‍ക്ക് വേണ്ടിയാണ് ജീവിച്ചത് എന്നായിരുന്ന നാട്ടുകാര്‍ നല്‍കിയ മറുപടി. സമൂഹത്തിന് വേണ്ടി ജീവിച്ച് മരിച്ചവരുടെ കണക്കെടുപ്പില്‍ അരനൂറ്റാണ്ടിന്റെ പൈതൃകം രേഖപെടുത്താന്‍ കഴിയുന്ന അത്യപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരിക്കും ഇ. അഹമ്മദ് എന്ന കാര്യത്തില്‍ തര്‍ക്കത്തിന് ഇടയില്ല. ജീവിതമെന്ന മഹാ നാടകത്തില്‍ തനിക്കായി നീക്കി വെച്ച റോളുകള്‍ മനോഹരമാക്കി കൊണ്ടാണ് അരങ്ങില്‍ നിന്നും അദേഹം വിടവാങ്ങിയിട്ടുളളത്.

കര്‍മ്മ മണ്ഢലത്തില്‍ ജ്വലിച്ച് നില്‍ക്കേ കാലയവനികക്കുളളിലേക്ക് മണ്‍മറയുന്നവരെ കാലചക്രത്തിന് പോലും മായ്ക്കാനോ മറക്കുവാനോ കഴിയില്ല. അത്തരം മഹാരഥന്‍മാരെ കുറിച്ചാണ് ലോകം എക്കാലവും ഓര്‍ക്കാറുളളതും ഏറ്റുപറയാറുളളതും. നാഥൂറാം വിനായക് ഗോഡ്‌സേയുടെ വെടിയുണ്ടകളാല്‍ പരലോകം പൂകിയ അഹിംസയുടെ പ്രവാചകന്‍ മഹാത്മാഗാന്ധി. ലണ്ടനിലെ വട്ടമേശാസമ്മേളനത്തില്‍ പങ്കെടുത്ത് സ്വതന്ത്ര ഇന്ത്യക്കായി സിംഹ ഗര്‍ജനം നടത്തി ചോരചിന്തി മരിച്ച മൗലാനാ മുഹമ്മദലി ജൗഹര്‍.

താഷ്‌കന്റ് കരാറില്‍ ഒപ്പുവെച്ച് പിറ്റേ ദിവസം വിദേശമണ്ണില്‍ വെച്ച് ഹൃദയം പൊട്ടിമരിച്ച മുന്‍ പ്രധാന മന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രി. അംഗരക്ഷകരാല്‍ വെടിയേറ്റു മരിച്ച ഉരുക്കു വനിതയും പ്രധാന മന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധി. രാജ്യത്തിന്റെ പ്രതീക്ഷ മുഴുവനും ഒരു നിമിഷത്തിനുളളില്‍ തീനാളമായി തീര്‍ന്ന മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധി. മക്കയുടെ മണലാരണ്യത്തില്‍ ജന്നത്തുല്‍ മുഅല്ലയില്‍ അന്ത്യ വിശ്രമം കൊളളാന്‍ ഭാഗ്യം സിദ്ധിച്ച ബാഫഖി തങ്ങള്‍. ഹൈദരാബാദില്‍ വെച്ച് ഔദ്യോഗിക കൃത്യത്തിനിടയില്‍ മരണപ്പെട്ട മലയാള നാടിന്റെ അക്ഷര സുഗന്ധം മുന്‍ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയ.

വിജ്ഞാനത്തിന്റെ താക്കോല്‍കൂട്ടം കൈമാറുന്നതിനിടയില്‍ വേര്‍പിരിഞ്ഞ സ്വപ്‌നങ്ങളുടെ രാജകുമാരന്‍ എ.പി.ജെ. അബ്ദുല്‍ കലാം. അങ്ങിനെ മരിച്ചിട്ടും മരിക്കാത്ത ഓര്‍മകളുമായി ജീവിക്കുന്ന മഹാ മനീഷികളുടെ കൂട്ടത്തില്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലിമെന്റില്‍ വെച്ച് ഹൃദയതാളം നിലച്ച മുസ്ലീം ലീഗിന്റെ വിജ്ഞാനകോശം അഹമ്മദിന്റെയും നാമം എഴുതപെട്ടു കഴിഞ്ഞു.കാല്‍നൂറ്റാണ്ടു കാലം പാര്‍ലിമെന്റില്‍ അംഗമാവുകയും അതില്‍ പത്ത് വര്‍്ഷത്തോളം മന്ത്രി പദവി അലങ്കരിക്കുകയും ചെയ്ത ഇ. അഹമ്മദിനോടും കുടുംബത്തോടും മരണസമയം ഇന്ദ്ര പ്രസ്ഥത്തിലെ ഭരണകൂടം കടുത്ത അനീതിയാണ് കാട്ടിയിട്ടുളളത്.

പാര്‍ലിമെന്റിലും രാജ്യസഭയിലും ഈ കാട്ടുനീതിക്കെതിരായി മതേതര കക്ഷികള്‍ കടുത്ത പ്രതിഷേധത്തിലാണ്. രാം മനോഹര്‍ ലോഹ്യ ആശുപത്രി അധികൃതര്‍ നടത്തിയ വൈദ്യ ലംഘനം. ജനപ്രതിധികളെയും കുടുംബാംഗങ്ങളെയും നേരിടാനായി ഗുണ്ടാപടയെ എഴുന്നളളിപ്പിച്ച സംഭവം. പിതാവിനെ കാണാന്‍ ഡോക്ടര്‍മാര്‍ കൂടിയായ മക്കള്‍ക്കു പോലും അവസരം നിഷേധിച്ച നടപടികള്‍. പാര്‍ലമെന്റിലെ ഒരംഗം മരിച്ചാല്‍ അനുശോചനം രേഖപെടുത്തി സഭ പിരിയുന്ന കീഴ്‌വഴക്കം കീഴ്‌മേല്‍ മറിച്ച് ബജറ്റ് അവതരിപ്പിച്ച നടപടി ഉള്‍്‌പെടെയുളള കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയിട്ടുളളത്.

പാര്‍ലിമെന്റ് അംഗങ്ങള്‍ മരിച്ചപ്പോള്‍ ബജറ്റ് അവതരണം നടന്നിട്ടുണ്ടെന്ന ഭരണകൂടത്തിന്റെ വാദങ്ങള്‍ തീര്‍ത്തും നിരര്‍ത്ഥകമാണ്. ഇന്ദിര ഗാന്ധി പ്രധാന മന്ത്രിയായിരിക്കുമ്പോള്‍ പൊതുബജറ്റ് അവതരിപ്പിക്കുന്ന ദിവസം കേന്ദ്ര മന്ത്രിയായിരുന്ന എം.ബി.റാണ മരിച്ചിട്ടുണ്ടെന്നും ബജറ്റ് അവതരണം മാറ്റിവെച്ചിട്ടില്ലെന്നുമുളള പ്രചരണം തീര്‍ത്തും അവാസ്തവമാണ്. റാണ മരിച്ചതും ബജറ്റ് അവതരിപ്പിച്ച ദിവസവും തമ്മില്‍ അജഗജാന്തരം കണ്ടെത്താന്‍ കഴിയും. 1974 ആഗസ്റ്റ് 31നാണ് റാണ മരിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ന്യായം.

എന്നാല്‍ ആ വര്‍ഷം പൊതുബജറ്റ് അവതരിപ്പിച്ചത് ഫെബ്രുവരി 28നാണെന്ന് പാര്‍ലിമെന്റ് രേഖകള്‍ സംസാരിക്കുന്നു. ഇവ്വിധം നെഹ്‌റു പ്രധാന മന്ത്രിയായിരിക്കുമ്പോള്‍ പാര്‍ലമെന്റില്‍ അംഗമായിരുന്ന ജഝാര്‍ പാല്‍ സോറന്‍ മരിച്ചിട്ടും റെയില്‍വേ ബജറ്റ് മാറ്റി വെച്ചിട്ടില്ലെന്ന കാര്യവും കളളമാണ്. 1954 ഏപ്രീല്‍ 19നാണ് ജഝാര്‍ പാല്‍ സോറന്‍ മരിച്ചിട്ടുളളത്. റെയില്‍വേ മന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി ബജറ്റ് അവതരിപ്പിച്ചത് ഫെബ്രുവരി 19 നുമായിരുന്നു.

നരേന്ദ്ര മോദിയും സംഘ് പരിവാര്‍ ശക്തികളും അനാദരവ് കാട്ടിയ അഹമ്മദ് ആരാണെന്നും എന്താണെന്നുമറിയാന്‍ ഡല്‍ഹിയിലെ ഭരണകര്‍ത്താക്കള്‍ ആരും തന്നെ പാണക്കാട്ടേക്ക് വണ്ടി കയറേണ്ട ആവശ്യമില്ല. മുന്‍ പ്രധാന മന്ത്രിയും ബി.ജെ.പി നേതാവുമായ വാജിപെയ്ക്ക് അഹമ്മദിനെ കുറിച്ച് പറയാന്‍ സംസാരശേഷിയും ഓര്‍മ്മശക്തിയും ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഏതെങ്കിലുമൊരാള്‍ ചിന്തിച്ചാല്‍ അവരെ കുറ്റപെടുത്താന്‍ കഴിയില്ല.

ആ ചിന്ത ശരിവെക്കും വിധം തക്കതായ കാരണങ്ങള്‍ ഒട്ടനവധി ഉണ്ട്. വാജിപേയ് സര്‍ക്കറിനോടുളള കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും ഭാരതത്തിന്റെ പേരും പെരുമയും ലോകത്തിന്റെ അഷ്ടദിക്കുകളിലും എത്തിക്കുന്നതിനായി ഏറ്റവും കൂടുതല്‍ ആകാശ യാത്രകള്‍ നടത്തിയത് അഹമ്മദായിരുന്നു. വി.കെ.കൃഷ്ണമേനോന് ശേഷം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയില്‍ സംസാരിക്കാന്‍ കഴിഞ്ഞ ഏക ഇന്ത്യകാരനാണദ്ദേഹം. അമേരിക്കയില്‍ നടന്ന ലോക മതസൗഹാര്‍ദ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മതങ്ങളുടെ തറവാടായ ഇന്ത്യയില്‍ നിന്നും രാജ്യത്തിന്റെ ദീപശിഖ ഏന്തിയതും മറ്റാരുമായിരുന്നില്ല.

ഹേമന്ദ് കര്‍ക്കറെ ഉള്‍പടെയുളള ഏറ്റുമുട്ടല്‍ വിദഗ്ധന്‍ വരെ കൊല ചെയ്യപെടും വിധം ത്രീവവാദികളുടെ അക്രമത്തില്‍ രാജ്യം വിറങ്ങലിച്ച നിമിഷത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ പാകിസ്ഥാനെ നിലംപരിശാക്കും വിധം വാക്കുകളെ വെടിയുണ്ടകളാക്കി മാറ്റിയ വാഗ്‌ധോരണിയുടെ ഉടമയാണദ്ദേഹം. ചരിത്ര പുരുഷന്‍ യാസര്‍ അറഫാത്തിന് പിന്തുണ നല്‍കാന്‍ ഇസ്രയേലിന്റെ ബുള്ളറ്റുകളെയും ബയണെറ്റുകളെയും വകവെക്കാതെ ഫലസ്തീന്റെ മണ്ണില്‍ എത്തിച്ചേര്‍ന്ന ഭാരതത്തിന്റെ ധീരപുത്രനാണ് അദേഹം.

കലാപ ഭൂമിയില്‍ സ്‌നേഹത്തിന്റെ നൂലിഴകള്‍ കോര്‍ത്തിണക്കുന്ന നിറസാന്നിധ്യവും പ്രവാസികളുടെ മനോവേദനയില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന നയതന്ത്രശാലിയുമായിരുന്നു. അഹമ്മദ് നിലയുറപ്പിച്ച പ്രസ്ഥാനത്തിന്റെ മഹത്വവും കയ്യിലേന്തിയ പതാകയുടെ പൈതൃകവും ജയിച്ച വന്ന നാടിന്റെ പെരുമയും അനാദരവ് കാട്ടിയവര്‍ അറിയേണ്ടതുണ്ട്. കഅ്ബാലയം സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയാണ് ഇന്ത്യക്കെതിരായി യുദ്ധം പ്രഖ്യാപിക്കുന്നതെങ്കിലും രാജ്യത്തിനായി ആദ്യം മരിച്ച് വീഴുക ഞങ്ങളായിരിക്കും.

ദ്വിഗന്തം മുഴുക്കുമാറുച്ചത്തില്‍ ചരിത്ര പ്രഖ്യാപനം നടത്തിയ സി.എച്ച്. മുഹമ്മദ് കോയ കയ്യിലേന്തിയ പച്ച പതാകയുടെ പാത വഹാകനായിരുന്നു അദേഹം ഇന്ത്യാ-ചൈനാ യുദ്ധവേളയില്‍ സ്വന്തം മകന്‍ മിയാന്‍ഖാനെ പട്ടാളത്തിലെടുക്കാന്‍ പ്രധാന മന്ത്രിയായിരുന്ന നെഹ്‌റുവിന് കത്തെഴുതിയ ഖാഇദൈമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ കോണിപടവിലൂടെയാണദ്ദേഹം പാര്‍ലിമെന്റില്‍ ഇരിപ്പിടം ഉറപ്പിച്ചിട്ടുളളത്.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്‍മാരായ ബ്രീട്ടീഷുകാരുടെ നിറതോക്കുകള്‍ മുന്നില്‍ നെഞ്ചു വിരിച്ച് കൊടുത്ത മാപ്പിളമാരുടെ നാട്ടില്‍ നിന്നുമാണദ്ദേഹം ചെങ്കോട്ടയില്‍ എത്തിയത്. രാഷ്ട്രം തപാല്‍ സ്റ്റാമ്പിറക്കി ആദരം നല്‍കിയിട്ടുളള ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കിയ മുസ്‌ലിംലീഗ് പ്രസ്ഥ്‌നത്തിന്റെ അമരസ്ഥാനം വഹിച്ച മുന്നണി പോരാളി കൂടിയാണദ്ദേഹം.അരനൂറ്റാണ്ടിലേറെ കാലം ഞങ്ങള്‍ പ്രതിപക്ഷത്തിരുന്നവരാണ്.

പത്ത് വര്‍ഷത്തോളം രാജ്യത്തിന്റെ ഭരണം കയ്യാളാനും എന്റെ പ്രസ്ഥാനത്തിന് സാധ്യമായിട്ടുണ്ട്്. രാജ്യത്തിന്റെ സര്‍വതോന്മുഖമായ നന്മക്കായ് പ്രധാനമന്ത്രിയെ ഞങ്ങള്‍ പിന്തുണക്കും. ഫാസിസ്റ്റ് അജണ്ട പുറത്തെടുത്താല്‍ പല്ലും നഖവും ഉപയോഗിച്ച് ശക്തിയുക്തം എതിര്‍ക്കും. പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോഡിയുടെ അനുമോദിച്ചുകൊണ്ട് അഹമ്മദ്് നടത്തിയ പ്രസംഗത്തിലെ വരികളാണിത്. വ്യക്തിയല്ല, രാഷ്ട്രമാണ് വലുതെന്ന് പ്രഖ്യാപിക്കുകയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്ത രാജ്യസ്‌നേഹിയായ ആ മനുഷ്യനോട് കാട്ടിയ അനാദരവില്‍ കേന്ദ്രം മാപ്പു പറയേണ്ടതുണ്ട്.

സമഗ്രമായ അനേഷ്വണം നടത്തി കുറ്റക്കാരുടെ പേരില്‍ നടപടി കൈ കൊള്ളേണ്ടതും ആവശ്യമാണ്. അഹമ്മദിന് വേണ്ടി രോഷം കൊളളുന്നവര്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രസ്ഥാനവും മുസ്‌ലിംലീഗും മാത്രമല്ല. ആ പോരാട്ടത്തിന്റെ മുന്‍നിരയില്‍ സീതാറാം യെച്ചൂരിയും സി.പി.എമ്മും ഉള്‍പടെയുളള ഇടതുപക്ഷ പ്രസ്ഥാനങ്ങളും സോഷ്യലിസ്റ്റ് പാര്‍ട്ടികളുമുണ്ട്. മനുഷ്യവകാശ ധ്വംസനത്തില്‍ കക്ഷിരാഷ്ട്രീയം മറന്നുളള പോരാട്ടാമാണിപ്പോള്‍ നടക്കുന്നത്. ഫാസിസ്റ്റു ഭരണത്തില്‍ ഇത്തരം പോരാട്ടങ്ങളാണ് തുടരേണ്ടത്. ഫാസിസ്റ്റുകള്‍ മനുഷ്യ ജന്മങ്ങള്‍കെതിരായി മാത്രം നിലകൊളളുന്നവരല്ല. അവര്‍ മരണത്തെയും വേട്ടയാടുന്നവരാണ്.