കെ. മൊയ്തീന്‍കോയ

കൂട്ടക്കുരുതിയിലൂടെ വംശീയ ഉന്മൂലനത്തിന് നേതൃത്വം നല്‍കുന്ന ബശാറുല്‍ അസദിന്റെ രാക്ഷസീയത ലോകത്തെ നടുക്കി. അധികാരം നിലനിര്‍ത്താന്‍ സ്വന്തം ജനതയെ കൊന്നൊടുക്കിയ ഏകാധിപതികളുടെ പട്ടികയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്കും മുസ്സോളിനിക്കും ഒപ്പമാകും ചരിത്രത്തില്‍ അസദിന്റെയും സ്ഥാനം. അറബ് ദേശീയ വികാരം ഇളക്കിവിട്ട് ഓട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ത്ത പാശ്ചാത്യ ശക്തികള്‍ വംശീയ വിഭജന തന്ത്രത്തിലൂടെ സമ്പന്നമായ മധ്യ പൗരസ്ത്യ ദേശത്തെ സംഘര്‍ഷ ഭൂമികയാക്കി മാറ്റിയതും ചരിത്രത്തില്‍ മറ്റൊരു ദുരന്തമായി ചേര്‍ക്കപ്പെടും.

ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളേക്കാള്‍ ഭീകരമാണ് ബശാറിന്റെ തടവറകള്‍. വെള്ളവും ഭക്ഷണവും നല്‍കാതെ മര്‍ദ്ദിച്ചൊതുക്കിയാണ് പീഡനം. മാരകമായി മുറിവേല്‍പ്പിച്ചും ആസിഡ് ഒഴിച്ചും വൈദ്യുതാഘാതമേല്‍പ്പിച്ചും കൊന്നൊടുക്കിയതിന്റെ നേര്‍ചിത്രങ്ങള്‍ പുറത്തുവന്നു. മൃതദേഹങ്ങള്‍ക്ക് കൂട്ട കുഴിമാടങ്ങള്‍.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സി.ഐ.എയുടെ ഭീകരമായ തടങ്കല്‍ പാളയങ്ങളുടേയും മുന്‍ സോവിയറ്റ് യൂണിയന്‍ ഭീകര ഏജന്‍സിയായ കെ.ജി.ബിയുടെ കുപ്രസിദ്ധ ജയിലറകളുടെയും പട്ടികയിലാണ് അസദിന്റെ സയ്ദ്‌നായ ജയിലും. ഇറാഖില്‍ അമേരിക്കന്‍ അധിനിവേശ കാലത്തുണ്ടായിരുന്ന അബു ഗുറൈബ് ജയിലിനേക്കാള്‍ ഭീകരം. ക്യൂബയിലെ സി.ഐ. എ തടവറയായ ഗ്വാണ്ടിനാമോക്ക് സമാനമായ ഭയാനകതയാണത്രെ. പൈശാചിക പീഡനമുറകള്‍ക്ക് ഒടുവില്‍ തൂക്കിലേറ്റി കഴുത്ത് പൊട്ടിച്ച് കൊല്ലപ്പെട്ടവര്‍ 13,000 സുന്നി വിശ്വാസികള്‍. ഇതേ കാലയളവില്‍ മൊത്തം കൊല്ലപ്പെട്ടതാകട്ടെ 17,723 പേര്‍.

2011-ലെ ‘അറബ് വസന്തം’ എന്നറിയപ്പെട്ട ജനാധിപത്യ വിപ്ലവത്തെ തുടര്‍ന്ന് അസദിന്റെ നാട്ടില്‍ കൊല്ലപ്പെട്ടവര്‍ 4.70 ലക്ഷം കവിഞ്ഞു. അതിലേറെ ലക്ഷങ്ങള്‍ നാടും വീടും ഉപേക്ഷിച്ച് വിവിധ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി. ഓട്ടത്തില്‍ കരകാണാ കടലില്‍ മുങ്ങി താണവര്‍ ആയിരങ്ങളാണ്. കുപ്രസിദ്ധ ജയിലില്‍ മാത്രം പീഡനത്തിനിരയായി സൈനികരാല്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം അഞ്ഞൂറിലെത്തും.

ഐക്യരാഷ്ട്ര സഭ 2014 ഏപ്രില്‍ വരെ ശേഖരിച്ച വിവരപ്രകാരം 10,000 കുട്ടികള്‍ സിറിയയില്‍ ഈ കാലയളവില്‍ മരിച്ചു. സിറിയന്‍ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ കണക്കനുസരിച്ച് ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കപ്പെടുകയോ ചെയ്തവര്‍ ജനസംഖ്യയുടെ 11.5 ശതമാനം വരുമെന്ന് കാണുമ്പോള്‍ ഭരണകൂട ഭീകരതയുടെ ചിത്രം നമുക്ക് മുന്നില്‍ തെളിയുന്നു. ഹ്യുമന്‍ റൈറ്റ്‌സിന്റെ കണക്കില്‍ 15,948 കുട്ടികളും 10,540 സ്ത്രീകളും മരിച്ചു.
ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും നിരപരാധികളായ സിവിലിയന്‍മാര്‍. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പടയാളികള്‍ 27,000ത്തോളം അമേരിക്കയുടെയും റഷ്യയുടെയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.

അതേസമയം, പ്രതിപക്ഷ സഖ്യസേനയുടെയോ അസദ് സൈന്യത്തിന്റെയോ കണക്ക് ലഭ്യമല്ലത്രെ. ഐ.എസിനെ തുരത്താന്‍ എന്ന പേരില്‍ സിറിയയില്‍ സൈനികമായി ഇടപെട്ട റഷ്യ പ്രധാനമായും ലക്ഷ്യം വെച്ചത് അസദ് വിരുദ്ധ പ്രതിപക്ഷ സേനയെയാണ്. റഷ്യന്‍ വിമാനങ്ങള്‍ തീമഴ വര്‍ഷിച്ച പാതയിലൂടെയാണ് അസദ് സൈന്യം മുന്നേറിയത്. അതേവരെ തോല്‍വി ഏറ്റുവാങ്ങിയ അസദിന് സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലപ്പോ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതും റഷ്യന്‍ പിന്തുണയാലാണ്.

റഷ്യയും തുര്‍ക്കിയും ഇറാനും മുന്‍കൈ എടുത്ത് സിറിയയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ആശ്വാസകരമാണ്. ഈ മാസാവസാനം ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ച നടക്കാനിരിക്കുകയാണ്.

കഴിഞ്ഞ മാസം ഖസാക്കിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ ഇരുവിഭാഗത്തേയും മേശക്ക് ചുറ്റും ഇരുത്തിയത് റഷ്യയും തുര്‍ക്കിയുമാണ്. ചര്‍ച്ചയില്‍ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെങ്കിലും അമേരിക്കയും ഐക്യരാഷ്ട്ര സഭയും കൂടി പങ്കാളികളാകുന്നതോടെ സമാധാന പ്രക്രിയക്ക് ആക്കം കൂടും. 2012ല്‍ അന്നത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ നടത്തിയ സമാധാന നീക്കങ്ങള്‍ വിജയിക്കാതെ പോയത് അസദിന്റെ ദുര്‍വാശി കാരണം. കോഫി അന്നന്‍ അന്ന് മുന്നോട്ട് വെച്ച ആറിന നിര്‍ദ്ദേശത്തിന്മേല്‍ ആണ് ഇപ്പോഴത്തെ ചര്‍ച്ച.

മൂന്ന് പതിറ്റാണ്ട് മുമ്പ് സിറിയയെ അടക്കി വാണ സേച്ഛാധിപതി ഹാഫിസുല്‍ അസദിന്റെ മകന്‍ ബശാറുല്‍ അസദ് 2000 മുതല്‍ മര്‍ദ്ദക വീരന്‍ എന്ന നിലയിലും കുപ്രസിദ്ധനാണ്. 1970 നവമ്പര്‍ 13ന് ഹാഫിസ് അധികാരം കയ്യടക്കിയത് മുതല്‍ അമ്പത് വര്‍ഷത്തോളമായി അസദുമാര്‍ ഭരിക്കുന്നു. ജനസംഖ്യയില്‍ ചെറു ന്യൂനപക്ഷമായ നുസൈരി (അലവികള്‍ എന്നും അറിയപ്പെടുന്നു) വിഭാഗക്കാരനാണ് അസദ്. ജനസംഖ്യയില്‍ 75 ശതമാനം മുസ്‌ലിംകള്‍.

മുസ്‌ലിംകളില്‍ 80 ശതമാനവും സുന്നികളും 13 ശതമാനം നുസൈരികളും. ശേഷിക്കുന്നവര്‍ ദുറുസികളുമാണ്. (നുസൈരികള്‍ ഹസ്രത്ത് അലി ദൈവമാണെന്ന് വിശ്വസിക്കുന്നു. ദുറുസികള്‍ ഇസ്മാഈലികളുടെ ശാഖയുമാണ്). അതേസമയം സിറിയന്‍ സൈന്യത്തിന്റെ പകുതിയും ഈ രണ്ട് വിഭാഗക്കാരുടെ നിയന്ത്രണത്തിലാണ്. ഒരു വിഭാഗത്തെ അസദിന്റെ സഹോദരന്‍ കേണല്‍ റഫ്അത്ത് അസദും മറ്റൊരു ഘടകം അദ്ദേഹത്തിന്റെ ഭാര്യാസഹോദരനും പാരച്യൂട്ട് സൈന്യത്തിന് പിതൃ സഹോദരനുമാണ് നേതൃത്വം. ഭരണകക്ഷിയായ ബഅസ് പാര്‍ട്ടിയുടെ നേതൃത്വവും ശിയാ വിഭാഗക്കാര്‍ക്ക് കൂടിയായ നുസൈരികള്‍ക്കും ദുറുസികള്‍ പാര്‍ട്ടി സ്ഥാപകന്‍ മൈക്കല്‍ അഫ്‌ലഖ് എന്ന ക്രിസ്ത്യന്‍ നേതാവിനുമാണ്.

ഓട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ച്ചയിലേക്കു നയിച്ച അറബ് ദേശീയ വാദത്തിന്റെ പ്രധാന കേന്ദ്രം സിറിയയായിരുന്നു. അറബികളും തുര്‍ക്കികളും തമ്മിലുള്ള ബന്ധം ശിഥിലമാക്കുന്നതില്‍ ദേശീയവാദികള്‍ സ്വാധീനിച്ചു. ഇവര്‍ക്ക് പിന്നില്‍ പാശ്ചാത്യ ഗുഢാലോചന നടന്നു. സമാന പങ്ക് യുവ തുര്‍ക്കികളും വഹിച്ചു. അറബികളുടെ രഹസ്യ സംഘടനകളുടെ കേന്ദ്രമായി അന്ന് സിറിയ മാറി. ഒന്നാം ലോക യുദ്ധവേള ശരിക്കും ഉപയോഗപ്പെടുത്തി. 1919-ല്‍ പാശ്ചാത്യ സഖ്യസേന സിറിയയില്‍ പ്രവേശിച്ചപ്പോള്‍ അറബ് നേതാക്കള്‍ യോഗം ചേര്‍ന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സഖ്യസേന അത് അംഗീകരിച്ചില്ല. പാശ്ചാത്യ വഞ്ചന പുറത്തുവന്നു.

അപ്പോഴാണ് അറബ് നേതാക്കള്‍ക്ക് തിരിച്ചറിവുണ്ടാകുന്നത്. അവസാനം സിറിയ ഫ്രഞ്ച് കോളനിയായി. സ്വാതന്ത്ര്യം ലഭിക്കുന്നതാകട്ടെ 1944 ജനുവരി ഒന്നിന്. ഇപ്പോഴകട്ടെ, എണ്ണ സമ്പന്നമായ അറബ് രാഷ്ട്രങ്ങള്‍ ഓരോന്നായി പാശ്ചാത്യ അധിനിവേശത്തിലായി. ഇറാഖും ലിബിയയും സിറിയയിലുമൊക്കെ ശിഥിലമായി. എണ്ണ സമ്പത്ത് പാശ്ചാത്യന്‍ ഊറ്റി എടുക്കുന്നു. ഈജിപ്തും തുനീഷ്യയുമൊക്കെ പാശ്ചാത്യ ഭരണത്തിന് കീഴിലാണ്.

മധ്യപൗരസ്ത്യ ദേശത്തെ ശിഥിലമാക്കാന്‍ പാശ്ചാത്യ ശക്തികള്‍ ആയുധമാക്കുന്നത് സുന്നി, ശിയ വംശീയ വികാരത്തെയാണ്. സുന്നി വിഭാഗത്തില്‍പെട്ട സദ്ദാം ഹുസൈന്‍ ശിയാ ഭൂരിപക്ഷം ഭരിച്ചപ്പോള്‍ ഉണ്ടാകാത്ത വികാരം ഇറാഖില്‍ അലയടിച്ചു. ചെറു ന്യൂനപക്ഷമായ ശിയാ വിഭാഗക്കാരന്‍ ഹാഫിസുല്‍ അസദ് ഭരിച്ച ഘട്ടത്തില്‍ മഹാഭൂരിപക്ഷം വരുന്ന സുന്നികള്‍ക്ക് ഇല്ലാതിരുന്ന വികാരം ഇപ്പോള്‍ ആളികത്തിച്ചതും അദൃശ്യ ശക്തികളുടെ കരങ്ങളാല്‍ തന്നെ. ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന പഴയ ബ്രിട്ടീഷ് തന്ത്രം പൊതു അജണ്ടയാക്കി പാശ്ചാത്യശക്തികള്‍ ഏറ്റെടുത്തതാണ് മധ്യപൗരസ്ത്യ ദേശത്തെ സര്‍വപ്രശ്‌നങ്ങള്‍ക്കും കാരണം.