പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
ശുഭാപ്തി വിശ്വാസത്തിന്റെ കൊടുമുടിയിലെത്തിയവര്‍ പോലും അശുഭകരമെന്ന് വിധിക്കുന്ന രാഷ്ട്രീയ സ്ഥിതിഗതികളിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോയികൊണ്ടിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വെടിയേല്‍ക്കുകയും മുസ്‌ലിം ന്യൂനപക്ഷങ്ങളും ദലിത് അധ:സ്ഥിത വിഭാഗങ്ങളും ആള്‍ക്കൂട്ട വിചാരണക്ക് വിധേയമാവുകയും ചെയ്യുന്നത് ഒട്ടും ആശ്വാസത്തിന് വക നല്‍കുന്നതല്ല. പ്രതിരോധത്തിനും പ്രതികരണത്തിനും വരെ പുതിയ അടവുനയങ്ങള്‍ രൂപപ്പെടുത്താന്‍ പൊതുസമൂഹം നിര്‍ബന്ധിതമാവുന്ന ഈ സാഹചര്യത്തില്‍, മത സാമൂഹിക രംഗങ്ങളില്‍ വിവിധ മത വിഭാഗങ്ങളെ കൂടി ചേര്‍ത്തുവെച്ച് മലബാറിന്റെ മണ്ണില്‍ സൗഹാര്‍ദത്തിന്റെ വിളനിലം തീര്‍ത്ത ഖുതുബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ജീവിത ചരിത്രം പുനര്‍വായന നടത്തേണ്ടതുണ്ട്. മത ജാതി വൈജാത്യങ്ങള്‍ക്കതീതമായി മലബാറിലെ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് മമ്പുറം തങ്ങള്‍. മുസ്‌ലിം, മതപ്രബോധകന്‍, ആത്മീയ നായകന്‍, ബഹുജന നേതാവ്, അധഃസ്ഥിത വര്‍ഗ വിമോചകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ പ്രചാരകന്‍, സ്വാതന്ത്ര്യ സമര സേനാനി, വീരദേശാഭിമാനി തുടങ്ങി ഭിന്ന മാനങ്ങളുള്ള വ്യക്തിത്വമായിരുന്നു തങ്ങളുടേത്.
വര്‍ത്തമാന സാഹചര്യത്തില്‍ രാജ്യത്ത് ഹിന്ദുത്വ ഫാസിസം ജനങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാവുകയും കോര്‍പറേറ്റ് മുതലാളിത്വത്തിന് വിടുവേല ചെയ്ത് വീണ്ടുമൊരു സാമ്രാജ്യത്വ അധിനിവേശത്തിന് കളമൊരുക്കുകയും ചെയ്യുമ്പോള്‍ മമ്പുറം തങ്ങളുടെ തമസ്‌കൃതമായ ചില ജീവിത ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണ്. കൊളോണിയല്‍ അധിനിവേശവും വരേണ്യ വര്‍ഗ പീഡനങ്ങളും ദുര്‍ബലമാക്കിയ ഒരു പൊതു സമൂഹത്തിനു ധിഷണാപരമായ നേതൃത്വം നല്‍കി എന്നതുമതി അദ്ദേഹത്തിന്റെ ജീവിതം കാലിക പ്രസക്തമായിത്തീരാന്‍. ഒരു ഭാഗത്ത് ചരിത്രകാരന്മാരുടെ തമസ്‌കരണവും മറുഭാഗത്ത് മതകീയതയെ മുന്നില്‍ നിര്‍ത്തി മാത്രമുള്ള ചരിത്ര വായനകളുമായതാണ് കേരളീയ പൊതു സമൂഹത്തിന് അദ്ദേഹത്തെ യഥായോഗ്യം പരിചയപ്പെടാനാകാതെ പോയത്. എന്നാല്‍, ആ നേതൃത്വത്തിന്റെ തണല്‍ പറ്റിയവരിലൂടെ വളര്‍ന്ന് ഒരു തലമുറ മമ്പുറം തങ്ങളുടെ മരണത്തിന്റെ 179-ാം ആണ്ട് തികയുന്ന ഈ വേളയിലും ആ ഓര്‍മകളിലൂടെ ജീവിക്കുന്നുവെന്നത് കാലം ആ മഹാപുരുഷനായി കാത്തുവെച്ച സവിശേഷതയാണ്.
ആരായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങള്‍? മലബാറിലെ മുസ്‌ലിം ജന സാമാന്യത്തിനിടയിലും ഒപ്പം മുസ്‌ലിമിതര അധഃസ്ഥിത-അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയിലും ഇന്നും അനല്‍പമായ സ്വാധീന വലയം കാത്ത് സൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധ്യമായതെങ്ങനെ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ചരിത്രപരമാണെങ്കിലും സമീപകാല രാഷ്ട്രീയ സാമൂഹിക സ്ഥിതിഗതികളുമായി തട്ടിച്ചു നോക്കുമ്പോഴേ അതിന്റെ യഥാര്‍ഥ പ്രസക്തി വ്യക്തമാവുകയുള്ളൂ. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്, യമനിലെ തരീം പട്ടണത്തില്‍ നിന്ന് പതിനേഴാം വയസ്സില്‍, മമ്പുറം തങ്ങള്‍ കേരളത്തിലെത്തുന്നത്. സാമുദായിക സ്പര്‍ധയും മതവൈരവും തീര്‍ക്കുന്നതിന് അങ്ങേയറ്റം ശ്രമങ്ങള്‍ നടന്നിരുന്ന അക്കാലത്ത് എല്ലാ ജാതി മതസ്ഥരേയും വിശ്വാസത്തിലെടുക്കാന്‍ സാധിച്ചു എന്നിടത്തായിരുന്നു മമ്പുറം തങ്ങളുടെ വിജയം.
മതാതീതമായ സമഭാവനയും അടിച്ചമര്‍ത്തപ്പെടുകയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നവരോടുള്ള ഐക്യദാര്‍ഢ്യ മനോഭാവവും അദ്ദേഹത്തിന് മതകീയമായിത്തന്നെ ലഭിച്ചതായിരുന്നു. അന്നു നിലനിന്നിരുന്ന സങ്കീര്‍ണമായ സാമൂഹിക ശ്രേണിയില്‍ ഉച്ച നീചത്വങ്ങള്‍ക്കും തൊട്ടുകൂടായ്മകള്‍ക്കും ഇരയായി ജീവിച്ചിരുന്ന വലിയൊരു കൂട്ടം ദലിത് അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് വളരെ വേഗമാണ് അദ്ദേഹം അത്താണിയായി മാറിയത്. മമ്പുറത്തെ തങ്ങളുപ്പാപ്പ സര്‍വ വ്യാധികള്‍ക്കും ആധികള്‍ക്കും പരിഹാരമാണെന്ന ബോധം തലമുറകളോളം കൈമാറ്റംചെയ്യപ്പെടാന്‍ മാത്രം ശക്തമായിരുന്നു അവര്‍ തമ്മിലുള്ള ബന്ധം.
ബ്രിട്ടീഷ് അധികാരികളുടെ ഒത്താശയോടെ മലബാറിലെ സാമുദായിക ഐക്യത്തിന് തുരങ്കം വെക്കാനും കടുത്ത ചൂഷണങ്ങള്‍ക്ക് കുടിയാന്മാരെ വിധേയരാക്കാനും ജന്മിമാരും സഹായികളും ശ്രമമാരംഭിക്കുന്നതോടെയാണ് മലബാറില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. വൈദേശികാധിപത്യത്തിനും ജന്മിത്വ പീഡനങ്ങള്‍ക്കുമെതിരായി രൂപം കൊണ്ട ഈ ചെറുത്തുനില്‍പ്പുകള്‍ക്ക് വലിയൊരളവോളം പ്രചോദനം മമ്പുറം തങ്ങളായിരുന്നു. വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കാനും ജാതി മത പീഡനങ്ങള്‍ക്ക് ഇരയാക്കാനുമുള്ള വരേണ്യ വര്‍ഗ നീക്കങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള ചെറുത്തുനില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കാന്‍ മമ്പുറം തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
സാമ്രാജ്യത്വ അധിനിവേശവും ഉപരി വര്‍ഗ മേധാവിത്വവും മലബാറിലെ മുസ്‌ലിംകള്‍ക്കും ദലിത് അധഃസ്ഥിത വിഭാഗങ്ങള്‍ക്കും അസ്തിത്വപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്ന അക്കാലത്തെ ഇന്നുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ ശ്രദ്ധിച്ചിരിക്കേണ്ട സമാനതകള്‍ ഒരുപാടുണ്ട് എന്നതാണ് ഏറെ ഭീതിദായകം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സ്ഥാനത്ത് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത് സമാനമായ വ്യാവസായിക താല്‍പര്യങ്ങളുള്ള കോര്‍പറേറ്റ് സാമ്രാജ്യത്വമാണ്. അവരുടെ താല്‍പര്യങ്ങളുടെ സംരക്ഷകരും ഹിതങ്ങളുടെ രക്ഷാധികാരികളുമായി ഭരണകൂടം മാറിയിരിക്കുന്നു. അധികാര സംരക്ഷണത്തിനായി ബഹുസ്വര സമൂഹത്തില്‍ വിഭാഗീയതയുടെ വിത്ത് വിതക്കല്‍ അവരൊരു കുറുക്കു വഴിയായി സ്വീകരിച്ചിരിക്കുന്നു. മതവിദ്വേഷം തലക്ക് പിടിച്ച പൊതുജനങ്ങള്‍ മറ്റെല്ലാം മറക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ദലിത് മുസ്‌ലിം ന്യൂനപക്ഷങ്ങളെ ശത്രു സ്ഥാനത്ത് പ്രതിഷ്ഠിച്ച് ഭൂരിപക്ഷങ്ങളെ വരുതിയിലാക്കാന്‍ ഹീനശ്രമങ്ങള്‍ നടത്തുന്നു. ആശയങ്ങളെ ആയുധമുപയോഗിച്ച് സംഹരിക്കുന്നു. നീതിന്യായ സംവിധാനങ്ങളില്‍ അവിശ്വാസം ജനിപ്പിക്കുന്നു. ദേശീയതക്ക് കപടമായ പ്രകടനാത്മകത കല്‍പിച്ച് നല്‍കി പൊതുജനങ്ങളില്‍ വികാരം ഉത്പാദിപ്പിക്കുന്നു.
സമീപ കാലത്തായി നമ്മുടെ കണ്‍മുമ്പില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതാണ് മുകളില്‍ കുറിച്ചതോരോന്നും. ഒന്നിലേറെ ഉദാഹരണങ്ങള്‍ ഓരോന്നിനും നിരത്താനുണ്ട് എന്നിരിക്കെ ഇനിയും അവിശ്വാസം ഭാവിക്കുന്നതില്‍ അര്‍ഥമില്ല. പ്രതിരോധത്തിനിറങ്ങും മുമ്പേ നമുക്കാവശ്യം ചില തിരിച്ചറിവുകളാണ്. കേവലാര്‍ഥത്തിലുള്ള പ്രതിഷേധപ്രകടനങ്ങളിലൂടെ അതിനെ നീക്കം ചെയ്യുക സാധ്യമല്ല. ഇവിടെയാണ് മമ്പുറം തങ്ങളുടെ ജീവിതവും പ്രതിരോധവും വഴിവിളക്കുകളാവേണ്ടത്. ബഹുമത വിശ്വാസികള്‍ നൂറ്റാണ്ടുകളായി സഹസഞ്ചാരം നടത്തുകയും കുടുംബ ജീവിതം നയിക്കുകയും ചെയ്ത നമ്മുടെ രാജ്യത്ത് മമ്പുറം തങ്ങളുടെ സഹിഷ്ണുതയും സമഭാവനയും കൈമുതലാക്കിയ പുതിയ നേതൃത്വം വളര്‍ന്നുവരണം. ദിനേന ഭീകരരൂപം ആര്‍ജ്ജിച്ച് കൊണ്ടിരിക്കുന്ന ഫാസിസത്തിനെതിരെ രാജ്യത്തുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യയ ശാസ്ത്രങ്ങളും വൈരം മറന്ന് ഒന്നിക്കണം. വിഭാഗീയതയുടെ ആസുര ചിന്തകള്‍ ഗ്രസിച്ച സമൂഹത്തെ സമവായത്തിന്റെ പാതയിലേക്ക് തിരികെ കൊണ്ടുവരാന്‍ ആവശ്യം കൃത്യമായ ആസൂത്രണങ്ങളോടെയുള്ള പ്രവര്‍ത്തനങ്ങളാണ്. സംഘ്പരിവാര്‍ വര്‍ഗീയ വാദികള്‍ ആഗ്രഹിക്കുന്നത് പോലെ തീവ്രനിലപാടുകളിലേക്ക് ഇരകള്‍ ചേക്കേറുന്നത് സാമൂഹിക ശിഥിലീകരണത്തിനും ഫാസിസത്തിന്റെ വളര്‍ച്ചക്കും കാരണമാവുമെന്ന്കൂടി ഓര്‍ക്കേണ്ടതുണ്ട്.
ഭിന്നമായ നിലപാടുകളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സംവേദനം സ്വതന്ത്രമായി നടക്കുന്ന ഇന്ത്യയാണ് ഇവിടെ പുലരേണ്ടത്. വിവിധ മതങ്ങളും ജാതികളും വര്‍ഗങ്ങളും ദേശങ്ങളും ആശയങ്ങളും ബലവത്തായ ഒരു ചങ്ങലയുടെ കണ്ണികള്‍ കണക്കെ സ്വന്തം അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ ചേര്‍ന്ന് നില്‍ക്കണം. അവക്കിടയില്‍ വിനിമയങ്ങളും സംവാദങ്ങളും വിമര്‍ശനങ്ങളുമുണ്ടാവണം. പക്ഷേ, ഓരോ കണ്ണിയും വിളക്കിച്ചേര്‍ത്ത് കൊണ്ട് ജനാധിപത്യവും തുല്യനീതിയും സമഭാവനയും മതേതരത്വവും വേണം. ഒപ്പം പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരയായി സാമൂഹികാധമത്വം അനുഭവിക്കുന്നവരെ കാണാനുള്ള കണ്ണുമുണ്ടാവണം, സഹായിക്കാനുള്ള ഹസ്തങ്ങളും. ചിന്തിക്കാനും ശബ്ദിക്കാനും വിലക്കുകളുള്ള ഇന്ത്യ പാരതന്ത്ര്യത്തില്‍ നിന്ന് ഏറെ അകലെയൊന്നുമല്ല. മാനവികതയുടെ മഹിതമായ തലങ്ങളെ സ്വാംശീകരിച്ച മമ്പുറം തങ്ങന്മാര്‍ ഇനിയും ജന്മം കൊള്ളട്ടെ എന്ന പ്രാര്‍ത്ഥനയോടെ.