കുറുക്കോളി മൊയ്തീന്‍

നൂറ്റി മുപ്പതു കോടി ജനങ്ങള്‍ അധിവസിക്കുന്ന, ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് അഭിമാനിക്കുന്ന ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും ഉയരം (182 മീറ്റര്‍) കൂടിയ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. സര്‍ദാര്‍ സരോവര്‍ ഡാമിന്റെ സമീപത്ത് കെവാദിയ ഗ്രാമത്തില്‍ 20,000 ഏക്കര്‍ കൃഷി ഭൂമിയാണ് ഇതിനായി ഉപയോഗിച്ചത്. 2014ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രതിമ കാര്യം ഉണ്ടായിരുന്നില്ല. ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കുമെല്ലാമായി വലിയ വാഗ്ദാനങ്ങള്‍ നല്‍കി. വിദേശ ബാങ്കുകളിലെ സമ്പന്നരുടെ കള്ളപ്പണം രാജ്യത്തെ പാവങ്ങളുടെ എക്കൗണ്ടുകളലേക്ക് 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന് മോദി പ്രഖ്യപിച്ചിരുന്നതാണ്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ഉത്പാദന ചെലവിന്റെ 150 ശതമാനം വില നിശ്ചയിച്ചു സംഭരിക്കുമെന്നത് തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. അഞ്ചു വര്‍ഷം തികയാന്‍ ഇനി മാസങ്ങള്‍ മാത്രമേയുള്ളു. പ്രധാന വാഗ്ദാനങ്ങൊളൊന്നും നടപ്പിലാക്കാന്‍ മുതിര്‍ന്നിട്ടില്ല. ദാരിദ്ര്യം കനപ്പെടുകയും കുത്തകകള്‍ക്ക് സമ്പത്ത് കുന്നുകൂടുകയും ചെയ്തു എന്നതാണ് ബി.ജെ.പി ഭരണത്തിന്റെ സംഭാവന.
ഉത്പാദന മേഖല തളര്‍ന്നു, രൂപയുടെ മൂല്യം ഇടിഞ്ഞു, കാര്‍ഷിക മേഖല തകര്‍ന്നു, ലക്ഷകണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. അഴിമതി വ്യാപിച്ചു, സ്ത്രീ സുരക്ഷ നഷ്ടപ്പെട്ടു, വര്‍ഗീയത പരന്നു, സ്ത്രീ പീഡനങ്ങളും കൊലകളും പെരുകി, മഹത്തായ രാജ്യത്തിന്റെ എല്ലാ പാരമ്പര്യങ്ങളും വെട്ടിമാറ്റി ജനാധിപത്യം കശക്കിയെറിഞ്ഞ,് മതേതരത്വം കാറ്റില്‍പറത്തി മോദി മുന്നേറുകയാണ.് പ്രതിമ നിര്‍മാണത്തില്‍ പോലും മോദിയെ മതിച്ചത് സങ്കുചിത താല്‍പര്യങ്ങളാണ്. അല്ലാതെ പട്ടേലിനോടുള്ള ആദരവല്ല. കേന്ദ്ര സര്‍ക്കാരിന്റെ യഥാര്‍ത്ഥ നയം പ്രകടമാവുന്ന കൃത്യം തന്നെയായിരുന്നു പട്ടേലിന്റെ പ്രതിമ നിര്‍മ്മാണം.
പട്ടേലിന്റെ ആദര്‍ശങ്ങളും ആശയങ്ങളും എല്ലാവര്‍ക്കും സ്വീകാര്യമാവണമെന്നില്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവും വല്ലഭായി പട്ടേലും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. തന്റെ അഭിപ്രായങ്ങള്‍ ആരുടെ മേലിലും അടിച്ചേല്‍പ്പിക്കാന്‍ പട്ടേല്‍ മുതിര്‍ന്നിട്ടില്ല. പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പട്ടേലിന്റെ ആ നയങ്ങളെ അംഗീകരിക്കാനാവുമോ? ഗുജറാത്തിലെ പഴയ കലാപങ്ങളും രാജ്യത്ത് ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥയും രാജ്യത്തെ ബോധ്യപ്പെടുത്തുന്നത് പട്ടേലിന്റെ ആ നയങ്ങളുടെ കടക വിരുദ്ധനാണ് മോദി എന്നു തന്നയല്ലേ.
വല്ലാഭായി പട്ടേല്‍ അധികാരത്തിന് വേണ്ടി ആദര്‍ശം ബലിയര്‍പ്പിച്ച വ്യക്തിയായിരുന്നില്ല. രാജ്യത്തിന്റെ അധികാര കൈമാറ്റം യാഥാര്‍ത്ഥ്യമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റ് ആരായിരക്കണമെന്ന ചര്‍ച്ച നടന്നപ്പോള്‍ ഭൂരിപക്ഷഭിപ്രായം പട്ടേലിന് അനുകൂലമായിരുന്നു. 16 പ്രദേശ് കമ്മിറ്റികളില്‍ 15ഉം പട്ടേലിനെ പിന്തുണച്ചു. മഹാത്മാജിയെ വളരെ ആദരിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. മഹാത്മാജിയുടെ നിര്‍ദ്ദേശം മാനിച്ചു നെഹ്‌റുവിനെ പ്രസിഡന്റ് സ്ഥാനത്തേക്കു അവരോധിക്കുകയുണ്ടായി.1946ലെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ നെഹ്‌റുവിനെ ക്ഷണിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ്. അധികാര സ്ഥാനീയനാകാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചിറിഞ്ഞിട്ടും ഗാന്ധിജിയെ അനുസരിച്ച പട്ടേലിനെ പകര്‍ത്താന്‍ എല്‍.കെ അദ്വാനിയെ അരികിലാക്കി കസേരയില്‍ കയറിയ മോദിക്കാവുമോ.
നരേന്ദ്ര മോദിയുടെ കണ്ണു തുറപ്പിക്കാനായി കര്‍ഷക സമര പന്തലിനടുത്ത് ഡല്‍ഹിയില്‍ പാര്‍ലിമെന്റിനോരത്ത് ഹരിയാനയില്‍നിന്ന് വന്ന ഒരു കര്‍ഷകന്‍ മരക്കൊമ്പില്‍ തൂങ്ങി മരിക്കുകയുണ്ടായി, മോദി കണ്ണുതുറന്നില്ല, അനവധി കര്‍ഷകരെ ആട്ടിയോടിച്ചാണ് 20,000 ഏക്കര്‍ കൃഷി ഭൂമി ഉപയോഗപ്പെടുത്തി ജീവിത കാലം മുഴുവന്‍ കര്‍ഷക ക്ഷേമത്തിനായി യത്‌നിച്ച പട്ടേലിന്റെ പ്രതിമ സ്ഥാപിക്കാന്‍ മോദി മുതിര്‍ന്നത്. കര്‍ഷകര്‍ക്കൊപ്പം ശക്തമായി നിലകൊണ്ട വ്യക്തിയായിരുന്നു പട്ടേല്‍. 1928ല്‍ ഗുജറാത്തിലെ ബര്‍ദോളി താലൂക്കിലെ നികുതി വിരുദ്ധ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. 22 മുതല്‍ 60 ശതമാനം വരെയായി ഭൂ നികുതി വര്‍ധിപ്പിച്ചതിനെതിരെയായിരുന്നു ആ കര്‍ഷക സമരം. 80,000ത്തോളം വരുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു നടത്തിയ സമരത്തിനു മുമ്പില്‍ അധികാരികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. ആ സമരമാണ് വല്ലഭായി പട്ടേലിന് ‘സര്‍ദാര്‍’ സ്ഥാനം കൊടുത്തത്. ശക്തമായ പ്രളയവും വലിയ വരള്‍ച്ചയും രാജ്യം നേരിടുകയുണ്ടായി. കൃഷി മാത്രമല്ല ഭൂമി തന്നെ നഷ്ടപ്പെട്ടു. വരള്‍ച്ച കാരണം ജനങ്ങള്‍ പലായനം ചെയ്തു. ഇവയെല്ലാം നിര്‍വികാരനായി നോക്കിനിന്ന ഭരണത്തലവനാണ് നരേന്ദ്ര മോദി. മോദി സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ആദര്‍ശാശയങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല. പട്ടിണി രാജ്യങ്ങളില്‍പെട്ടുകിടക്കുന്ന ഇന്ത്യ പ്രതിമക്കായി തുലച്ചത് 2989 കോടി രൂപയും. കാണാന്‍ ആളുകളും സന്ദര്‍ശകരും വരുമാനവുമൊക്കെ ഉണ്ടായേക്കാം. എന്നാല്‍ അതിനു പിന്നിലെ പ്രധാനമന്ത്രിയുടെ സങ്കുചിത താല്‍പര്യം രാജ്യത്തെ ലോകത്തിന്റെ മുമ്പില്‍ ചെറുതാക്കി. ഐക്യത്തിന്റെ പ്രതിമ എന്നാണ് സര്‍ക്കാര്‍ ഉല്‍ഘോഷിക്കുന്നത്. സര്‍ക്കാര്‍ നയം ജനങ്ങളെ ഭിന്നിപ്പിക്കുന്നതും രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ചെറുതാക്കുക എന്ന താല്‍പര്യമാണ് പ്രധാന മന്ത്രിയെ മതിക്കുന്നത് എന്നതാണ് നാം ചെറുതായിപ്പോകുന്നതിന് കാരണം.