വിശാല്‍ ആര്‍

പ്രതീക്ഷിച്ചതുപോലെ വീണ്ടും അധികാരത്തിലെത്താന്‍ മാസങ്ങള്‍ക്ക്മുമ്പ് നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കിലും പിന്നീട് ആ സംസ്ഥാനത്തുനിന്ന് വന്ന വാര്‍ത്തകളെല്ലാം മതേതര ജനാധിപത്യ ഇന്ത്യക്ക് ഏറെ ആശ്വാസം പകരുന്നതായിരുന്നു. ഒടുവില്‍ ജെ.ഡി-എസ്സുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കേണ്ടിവന്ന കോണ്‍ഗ്രസിന്റെ നീക്കം ഒരു രാജ്യത്തിന്റെ ജാതകം മാറ്റിക്കുറിക്കുന്നതായിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും മുഖ്യമന്ത്രി പദം ജെ.ഡി-എസിന് നല്‍കി ബി.ജെ.പിയെ ഭരണത്തില്‍നിന്നകറ്റിയ മനസ്സ് മതേതര ഇന്ത്യക്ക് തെല്ലൊന്നുമല്ല പ്രതീക്ഷ നല്‍കിയത്. ബി.ജെപിക്കെതിരെ ഇന്ത്യ മുഴുവന്‍ ഇത്തരത്തില്‍ സഖ്യങ്ങള്‍ സ്ഥാപിക്കേണ്ടതിന്റെ പ്രസക്തിയും ഇതോടെ വ്യക്തമായി.
കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്നലെ പുറത്തുവന്നതോടെ ഏറ്റവും നേട്ടമുണ്ടാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ജെ.ഡി-എസിനൊപ്പം മത്സരിച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക് കുതിച്ചു. ഇതില്‍ ബെല്ലാരിയിലെ വിജയമാണ് ഗംഭീരം. ബി.ജെ.പിയുടെയും റെഡ്ഡി സഹോദരന്‍മാരുടെയും കോട്ടയാണ് ബെല്ലാരി. ഇവിടെ രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് വിജയിച്ചത്. അതേസമയം ഇത് പെട്ടെന്ന് നേടിയതല്ലെന്നാണ് സൂചന. ജയത്തിനായി കോണ്‍ഗ്രസ് നടത്തിയ ഒരുക്കങ്ങള്‍ വളരെ രഹസ്യമായിരുന്നു. അമിത ആത്മവിശ്വാസത്തില്‍ മുന്നോട്ടുപോയ ബി.ജെ.പിക്ക് കോണ്‍ഗ്രസിന്റെ നീക്കങ്ങളെ തിരിച്ചറിയാനായില്ല. സിദ്ധരാമയ്യയാണ് അണിയറയില്‍ എല്ലാം നീക്കങ്ങളും നടത്തിയതെന്നാണ് വ്യക്തമാകുന്നത്. ബെല്ലാരിയില്‍ നിന്നുള്ള നേതാവ് ബി ശ്രീരാമുലുവിന്റെ സഹോദരി ജെ ശാന്തയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന് ഇവിടെ ശക്തനായ സ്ഥാനാര്‍ത്ഥിയേ ഇല്ലെന്നായിരുന്നു കരുതിയത്. എന്നാല്‍ അവസാന നിമിഷം വി.എസ് ഉഗ്രപ്പയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. നാണംകെട്ട തോല്‍വിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്നായിരുന്നു പ്രവചനം. പക്ഷേ രണ്ടു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് റെഡ്ഡി സഹോദരന്‍മാരുടെ കോട്ടയില്‍ കോണ്‍ഗ്രസ് തേരോട്ടം നടത്തുകയായിരുന്നു.
പതിനാല് വര്‍ഷത്തിന് ശേഷമാണ് ബെല്ലാരിയില്‍ കോണ്‍ഗ്രസ് സീറ്റ് നേടുന്നത്. 1999ല്‍ സോണിയ ഗാന്ധിയാണ് ബെല്ലാരിയില്‍നിന്ന് ജയിച്ച അവസാന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 1999ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ബി.ജെ.പി നേതാവ് സുഷമ സ്വരാജിനും സ്ഥാനാര്‍ത്ഥിത്വം നല്‍കിയത് ബെല്ലാരിയായിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പില്‍ സോണിയാഗാന്ധി ജയിച്ചെങ്കിലും പിന്നീട് വന്ന ഇലക്ഷനില്‍ ജയം ബി.ജെ.പിക്കായിരുന്നു. അതിനുശേഷം ബെല്ലാരിയില്‍ ബി.ജെ.പി തോല്‍വി അറിഞ്ഞിട്ടില്ല.
1952 മുതല്‍ 2000 വരെയുള്ള കാലയളവില്‍ കോണ്‍ഗ്രസ് അടക്കി ഭരിച്ച ബെല്ലാരി ലോക്‌സഭാ മണ്ഡലത്തെ തങ്ങളുടെ പ്രമാണിത്തവും ബി ശ്രീരാമുലുവിനെപോലുള്ള നേതാക്കളെ ഉപയോഗിച്ചുള്ള തന്ത്രപരമായ നീക്കങ്ങളുംവഴി ബെല്ലാരി സഹോദരങ്ങള്‍ സ്വന്തമാക്കുകയായിരുന്നു. അമേത്തിയിലും ബെല്ലാരിയിലും ഒരുമിച്ചു മത്സരിച്ച സോണിയ ഈ മണ്ഡലം ഉപേക്ഷിക്കുകയും പിന്നീട് രണ്ടായിരാമാണ്ടില്‍ വീണ്ടും തെരഞ്ഞെടുപ്പുണ്ടാകുകയും ചെയ്തു. ഈ മത്സരത്തിലാണ് കോണ്‍ഗ്രസ് അവസാനമായി ജയിച്ചത്. 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബെല്ലാരി സഹോദരങ്ങളിലൊരാളായ ജി കരുണാകര റെഡ്ഢി ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് മണ്ഡലം ഷെഡ്യൂള്‍ഡ് ട്രൈബ് സംവരണത്തിലായപ്പോഴാണ് ശ്രീരാമുലുവിന് നറുക്കുവീണത്.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ എം.പി സ്ഥാനം ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്ത് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ശ്രീരാമുലുവിന് ധൈര്യം നല്‍കിയത് ബെല്ലാരിയിലുള്ള അമിത ആത്മവിശ്വാസം തന്നെയായിരുന്നെന്ന് കാണണം. തെരഞ്ഞെടുപ്പിനുശേഷമുണ്ടായ ജെ.ഡി-എസ്‌കോണ്‍ഗ്രസ് സഖ്യം ശ്രീരാമുലുവിനും അദ്ദേഹത്തിനുപിന്നിലെ ഉപജാപകരായ റെഡ്ഢി സഹോദരന്മാര്‍ക്കും അപ്രതീക്ഷിതമായിരുന്നു.
ബി.എസ് യെദ്യൂരപ്പ അടക്കമുള്ള ഉന്നത നേതാക്കള്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിരുന്നു ബെല്ലാരിയില്‍. എങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പൊതുജനങ്ങളുടെ മുമ്പിലുണ്ടായിരുന്ന മുഖങ്ങള്‍ ബെല്ലാരി സഹോദരങ്ങളുടെയും ശ്രീരാമുലുവിന്റേതുമായിരുന്നു. 2007 മുതല്‍ 2012 വരെയുള്ള യെദ്യൂരപ്പയുടെ ഭരണകാലയളവിലുടനീളം റെഡ്ഡിമാര്‍ ബെല്ലാരിയെ സാമ്രാജ്യമാക്കി നടത്തിയ മൈനിങ് അഴിമതികളോരോന്നായി പുറത്തുവരികയും ദേശീയ ശ്രദ്ധ തന്നെ നേടുകയും ചെയ്തു. യെദ്യൂരപ്പയുടെ പേര് ലോകായുക്ത റിപ്പോര്‍ട്ടില്‍ വരുന്നതിനും റെഡ്ഡിമാരുടെ ഈ കൈയും കണക്കുമില്ലാത്ത അഴിമതികള്‍ക്ക് സാധിച്ചു. 2013ലെ തെരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണമെന്തെന്ന് യെദ്യൂരപ്പയോട് ചോദിച്ചാല്‍ ഉത്തരം ഒന്നേയുണ്ടാകൂ. അത് ബെല്ലാരിയിലെ നിയമവിരുദ്ധ മൈനിങ് കുംഭകോണമാണ്. തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഉപയോഗിച്ച പ്രധാന പ്രചാരണായുധവും അതു തന്നെയായിരുന്നു. ശ്രീരാമുലു എന്ന ഒറ്റക്കാരണം മാത്രം മതി ബി.ജെ.പിക്ക് റെഡ്ഡി സഹോദരന്മാരെ തള്ളിക്കളയാന്‍ മടി തോന്നാന്‍. പതിനഞ്ചോളം മണ്ഡലങ്ങളില്‍ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ അനിഷേധ്യനാണ് ശ്രീരാമുലു. ഇതുതന്നെയാണ് കയ്പുറ്റതായിട്ടും യെദ്യൂരപ്പയും ബി.ജെ.പിയും റെഡ്ഢിമാരെ സഹിക്കാന്‍ തയ്യാറാകുന്നതും. റെഡ്ഡിമാരില്ലാതെ ശ്രീരാമുലു ഇല്ല എന്ന സ്ഥിതിയുമുണ്ട്. ഏത് സാഹചര്യത്തിലും താന്‍ ഗുരു എന്ന് വിശേഷിപ്പിക്കുന്ന ജനാര്‍ദ്ദന റെഡ്ഡിയെ തള്ളിപ്പറയാന്‍ ശ്രീരാമുലു തയ്യാറാകില്ല എന്നുറപ്പാണ്. ഇപ്പോള്‍ ബെല്ലാരി മണ്ഡലത്തില്‍ റെഡ്ഡിമാര്‍ക്കും ശ്രീരാമുലുവിനും സംഭവിച്ച വീഴ്ചയില്‍ ഏറ്റവുമധികം സന്തോഷിക്കുന്നയാള്‍ യെദ്യൂരപ്പയാണെന്നു പറയാം. ‘ബെല്ലാരിയിലെ ജനങ്ങള്‍ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് ദീപാവലി ദിവസത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു’ എന്നാണ് യെദ്യൂരപ്പ തെരഞ്ഞെടുപ്പു ഫലം വന്നയുടനെ ട്വീറ്റ് ചെയ്തത്.
ബെല്ലാരിയെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് സിദ്ധരാമയ്യ പറഞ്ഞു. അതേസമയം അപകടത്തില്‍ മരിച്ച സിദ്ധരാമയ്യയുടെ മകനെ ബന്ധപ്പെടുത്തിയുള്ള വിവാദം ബി.ജെ.പിക്ക് കൂടുതല്‍ ദോഷം ചെയ്തിരിക്കുകയാണ്. ദൈവ കോപത്തെ തുടര്‍ന്നാണ് സിദ്ധരാമയ്യയുടെ മകന്‍ മരിച്ചതെന്നായിരുന്നു റെഡ്ഡി സഹോദരന്‍മാര്‍ ആരോപിച്ചത്. തോല്‍വിയെതുടര്‍ന്ന് റെഡ്ഡി കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ പോലും പുറത്തേക്കിറങ്ങിയിട്ടില്ല. ഉഗ്രപ്പയെ വരത്തനായ സ്ഥാനാര്‍ത്ഥിയെന്നാണ് ബി.ജെ.പി വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇതൊന്നും കാര്യമാക്കാതെയാണ് പ്രചാരണം നടത്തിയത്. സിദ്ധരാമയ്യയുടെ നിര്‍ണായക ഇടപെടലുകളാണ് കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി നിര്‍ത്തിയത്. ദിനേഷ് ഗുണ്ടുറാവു, ഡി.കെ ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തന്ത്രങ്ങളൊരുക്കിയത്. റെഡ്ഡി സഹോദരന്‍മാരുടെ കോട്ടയില്‍ വിജയിച്ചാല്‍ സംസ്ഥാനം പിടിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. റെഡ്ഡി സഹോദരന്‍മാരുടെ സ്വാധീനം ആഴത്തിലുള്ള ബെല്ലാരിയില്‍ വോട്ടര്‍മാരെ പിടിക്കാന്‍ 80 നേതാക്കളെയാണ് കോണ്‍ഗ്രസ് ഒരുക്കിനിര്‍ത്തിയത്. ഇതില്‍ ചെറുതും വലുതുമായ നേതാക്കളുണ്ടായിരുന്നു. ഇവര്‍ ആദ്യം ചെയ്തത് ബെല്ലാരിയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കിടയില്‍ ഉണ്ടായിരുന്ന ഭിന്നിപ്പ് മാറ്റുകയാണ്. റെഡ്ഡി സഹോദരന്‍മാരെ മാത്രം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് പോരാട്ടം നടത്തിയത്. എന്നാല്‍ ഇത് തിരിച്ചറിയാന്‍ ബി.ജെ.പി വൈകി. തോല്‍വി സമ്മതിക്കുന്നുവെന്ന് ശ്രീരാമുലു പറഞ്ഞു. ബെല്ലാരിയിലെ തോല്‍വിക്ക് കാരണം ഡി.കെ ശിവകുമാറാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമമാണ് ജയം കൊണ്ടുവന്നതെന്നാണ് ശിവകുമാര്‍ പ്രതികരിച്ചത്. അതേസമയം ബെല്ലാരിയില്‍ ബി.ജെ.പിയുടെ ഭരണത്തിന് അസ്തമയമായി എന്നാണ് ഇതിലൂടെ മനസ്സിലാവുന്നത്. റെഡ്ഡി സഹോദരന്‍മാരുടെ കാട്ടുഭരണം ഇനി ആവശ്യമില്ലെന്ന സൂചനയും ജനങ്ങള്‍ നല്‍കുന്നു. ബി.ജെ.പിക്ക് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും വലിയ പ്രതീക്ഷ വേണ്ടെന്നാണ് ഫലം മനസ്സിലാക്കി തരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ലിംഗായത്ത് അടക്കമുള്ള വോട്ടര്‍മാരെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുമ്പ് തള്ളിയ ലിംഗായത്തുകള്‍ കൂട്ടത്തോടെ തിരിച്ചെത്തിയിരിക്കുകയാണ്. ബെല്ലാരിയും ജാമഖണ്ഡിയും ഉത്തര കര്‍ണാടകത്തിലെ ലിംഗായത്ത് സ്വാധീന മേഖലകളാണ്. ഇവിടെ ബി.ജെ.പിക്ക് രണ്ട് സീറ്റും നഷ്ടമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റും കോണ്‍ഗ്രസ് ജെ.ഡി-എസ് സഖ്യം തൂത്തുവാരാനാണ് സാധ്യത.
യെദ്യൂരപ്പയുടെ മണ്ഡലമായ ഷിമോഗയില്‍ മാത്രമാണ് ബി.ജെ.പി ആശ്വാസ ജയം നേടിയത്. ഇവിടെ യെദ്യൂരപ്പയുടെ മകന്‍ ബിവൈ രാഘവേന്ദ്ര 60000 വോട്ടുകള്‍ക്കാണ് ജയിച്ചത്. അതും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ജയിച്ചത്. 2014ല്‍ ഷിമോഗയില്‍ നിന്ന് 3.5 ലക്ഷം വോട്ടിനാണ് ജയിച്ചിരുന്നത്. മകന്റെ തിളക്കംകുറഞ്ഞ ജയത്തില്‍ യെദ്യൂരപ്പ ആശങ്കയിലാണ്. അതേസമയം ജയം കോണ്‍ഗ്രസ്-ജെ.ഡി(എസ്) സഖ്യത്തെ ശക്തമായി നിലനിര്‍ത്തുമെന്നാണ് സൂചന. ഇത് ബി.ജെ.പിക്ക് വലിയ തലവേദനയാകും. കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ശക്തമായ പിന്തുണയോടെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നുണ്ട്. ജെ.ഡി-എസുമായി സഖ്യമുണ്ടാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഡി.കെ ശിവകുമാര്‍. കോണ്‍ഗ്രസ് ജെ.ഡി-എസ് സഖ്യത്തിന് കൂടുതല്‍ ശക്തിപകരുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ വിജയം. അതേസമയം, വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിനും ജെ.ഡി-എസിനും ആത്മവിശ്വാസം വര്‍ധിച്ചു. കര്‍ണ്ണാടകയില്‍ മാത്രമല്ല, രാജ്യത്തൊട്ടാകെ ബി.ജെ.പിക്ക് എതിരായ വികാരമുണ്ടെന്ന തോന്നല്‍ ഉളവാക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.