ദിലീപിന്റെ പുറത്തിറങ്ങുന്ന ചിത്രമായ ‘രാമലീല’യെ അനുകൂലിച്ച് നടനും സംവിധായകനുമായ ആഷിഖ് അബു രംഗത്ത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ചിത്രത്തിനെതിരെ വന്‍വിമര്‍ശനങ്ങള്‍ നടക്കുന്നതിനിടെയാണ് ആഷിഖ് അബു പരോക്ഷ പിന്തുണയുമായെത്തിയിരിക്കുന്നത്. കുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ ആക്രമിക്കുന്ന രീതി ഒട്ടും തന്നെ പരിഷ്‌കൃതമല്ലെന്ന് ആഷിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇത്തരത്തിലുള്ള അതിവൈകാരിക പ്രകടനങ്ങള്‍ വിപരീതഫലമുണ്ടാക്കും എന്നലാതെ ഒരുതരത്തിലും സത്യം പുറത്തുവരുന്നതിന് ഹേതുവാകില്ലെന്നുമാണ് പോസ്റ്റ്. എന്നാല്‍ ഇതിനെതിരേയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അവള്‍ക്കൊപ്പം എന്നെഴുതിയ പ്ലക്കാര്‍ഡുമായി ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായെത്തിയവരില്‍ മുന്‍പന്തിയില്‍ നടി റിമ കല്ലിങ്കലും അണിനിരന്നിരുന്നു. നടിക്കുള്ള പിന്തുണക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള പരാമര്‍ശമാണ് ഇതെന്നാണ് പൊതുവില്‍ ഉയരുന്ന ആക്ഷേപം. അതേസമയം, ചിത്രം 28ന് റിലീസ് ചെയ്യും. ദിലീപിന്റെ ആദ്യഭാര്യയായ നടി മഞ്ജുവാര്യറുടെ ഉദാഹരണം സുജാതയും അന്നേ ദിവസമാണ് റിലീസിനെത്തുന്നത്. വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഏറെ തന്ത്രപരമായാണ് ദിലീപ് അനുകൂലികള്‍ മുന്നോട്ട്‌പോകുന്നത്. നേര്‍ക്കുനേര്‍ എത്തുന്ന രണ്ടു ചിത്രങ്ങളേയും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതെന്ന് വേണം കരുതാന്‍.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ ആക്രമിക്കുന്ന രീതി ഒട്ടും തന്നെ പരിഷ്‌കൃതമല്ല. ഈ അതിവൈകാരിക പ്രകടനങ്ങള്‍ വിപരീതഫലമുണ്ടാകും എന്നലാതെ ഒരുതരത്തിലും സത്യം പുറത്തുവരുന്നതിന് ഹേതുവാകില്ല.