ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ടിനെ തീരുമാനിച്ചു. എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തീരുമാനം വന്നതിന് പിന്നാലെ അശോക് ഗെലോട്ട് രാജസ്ഥാനിലേക്ക് തിരിച്ചു. ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട് നാലുമണിക്ക് ജയ്പൂരില്‍ വെച്ച് നടത്തുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചത്. രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലും ഡല്‍ഹിയിലെത്തിയിരുന്നു. തുടര്‍ന്ന് ഇരുനേതാക്കളുമായി രാഹുല്‍ ഗാന്ധി ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി. പിന്നാലെ ഒരുമിച്ച് യോഗം വിളിച്ചാണ് രാഹുല്‍ നിലപാട് അറിയിച്ചത്.

67 കാരനായി അശോക് ഗെലോട്ട് നേരത്തെ രണ്ട് തവണ രാജസ്ഥാനില്‍ മുഖ്യമന്ത്രിയായിരുന്നു. ഏറെ ജനപ്രീതിയുള്ള നേതാവ് കൂടിയാണ് ഗെലോട്ട്.