ന്യൂഡല്‍ഹി: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന അസം, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റമാണ് കാണുന്നത്.

അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. രാജസ്ഥാനില്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവച്ചുകൊണ്ടാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ബിജെപിയേക്കാള്‍ ഇരട്ടി സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപിയുടെ സീറ്റിംഗ് സീറ്റുകളിലും കോണ്‍ഗ്രസിന് ലീഡ്.

ഛത്തീസ്ഗഢിലും മധ്യപ്രദേശിലും അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്.
തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിതമുന്നേറ്റമാണ് കാണാന്‍ കഴിയുന്നത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തുലാസിലാക്കിയാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. മിസോറാമിലും ശ്ക്തമായ പോരാട്ടമാണ് നടക്കുന്നത്.

വോട്ടെണ്ണല്‍ പൂര്‍ത്തിയാവാന്‍ ഇനിയും മണിക്കൂറുകള്‍ എടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ശേഷിക്കെ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണ്ണായകമാണ് ഫലം. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

അഞ്ച് സംസ്ഥാനങ്ങളില്‍ മധ്യപ്രദേശും ഛത്തീസ്ഗഡും രാജസ്ഥാനും ബി.ജെ.പിയുടെ കയ്യിലിരിക്കുന്ന സംസ്ഥാനങ്ങളാണ്. മൂന്നിടത്തും കോണ്‍ഗ്രസും ബി.ജെ.പിയുമാണ് നേരിട്ട് മത്സരിക്കുന്നത്. മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്‌സിറ്റ്‌പോളുടെ പ്രവചനം. ഈ മൂന്ന് സംസ്ഥാനങ്ങളുടെയും ലോക്‌സഭയിലെ അംഗബലം 67 ആണ്. അതിനാല്‍, മോദിക്കും രാഹുലിനും ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയാണ്. പ്രവചനങ്ങള്‍ എത്ര കണ്ട് യാഥാര്‍ത്ഥ്യമാകുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 230 സീറ്റുള്ള മധ്യപ്രദേശാണ് നിര്‍ണ്ണായകവും ശ്രദ്ധാകേന്ദ്രവും. 15 വര്‍ഷത്തെ തുടര്‍ ഭരണം നിലനിര്‍ത്തുമെന്നാണ് മുഖ്യമന്ത്രി ശിവരാജ് ചൌഹാന്റെ പ്രതീക്ഷ.
ഫലം വരും മുന്‍പേ തെലങ്കാനയില്‍ ടിആര്‍എസിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി നിലപാടും വ്യക്തമാക്കി. അസദുദ്ദീന്‍ ഒവൈസിയുമായുള്ള ബന്ധം വിച്ഛേദിച്ചാല്‍ ടി.ആര്‍.എസിന് പിന്തുണ നല്‍കുമെന്നാണ് ബി.ജെ.പി അറിയിച്ചത്. ഛത്തീസ്ഗഡില്‍ തൂക്കുസഭയായിരിക്കുമെന്ന പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ അജിത് ജോഗി മായാവതി സഖ്യം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുമന്ന സുചനയുമുണ്ട്. വോട്ടീംഗ് മെഷീന്‍ അട്ടിമറികളുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ചയ്ക്കിടയായിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലും വോട്ടണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.അതിനിടെ മധ്യപ്രദേശിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് വെബ്കാസ്റ്റിങ് ഉണ്ടാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍. നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കെയാണ് ഇക്കാര്യമറിയിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വൈഫൈ ഉപയോഗിക്കില്ലെന്നും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുമെന്നും ഓഫിസര്‍ അറിയിച്ചു. സ്വകാര്യ കമ്പനികളെ ഉപയോഗിച്ച് വെബ്കാസ്റ്റിങ് നടത്താന്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.