അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോള്‍ മൂന്നിടത്തും ഭരണമുള്ള ബിജെപി കിതയ്ക്കുകയാണ്. ദളിത് കൊലപാതകങ്ങള്‍, ഗോസംരക്ഷകരുടെ ആക്രമണങ്ങള്‍, കൂട്ടകൊലപാതകങ്ങള്‍, നോട്ടുനിരോധനം, കര്‍ഷക ആത്മഹത്യ, ജിഎസ്ടി, റഫാല്‍ എന്നിങ്ങനെ നീളുന്നു ബിജെപി ഭരണമുന്നണിക്കെതിരെയുള്ള ആരോപണങ്ങള്‍. ഇതുവരെ പുറത്തു വന്ന സര്‍വെ ഫലങ്ങളും ബിജെപിക്ക് മാധുര്യമുള്ളതല്ല.

അഭിപ്രായ സര്‍വേകളുടെ അടിസ്ഥാനത്തില്‍ 56 സീറ്റുകള്‍ക്കെതിരെ 142 സീറ്റുകളുമായി രാജസ്ഥാനില്‍ കോണ്‍ഗ്രസ് വമ്പന്‍ ജയം നേടുമെന്നാണ് വിലയിരുത്തല്‍. 15 വര്‍ഷത്തിന് ശേഷം ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസ് ഭരണം പിടിച്ചടക്കിയാല്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

കര്‍ഷക ആത്മഹത്യയും ബിജെപിയിലെ അസ്വാരസ്യവും വിജയത്തിലേക്കുള്ള പാത തുറക്കുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ യുവാക്കളുടെ സാന്നിധ്യവും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പാര്‍ട്ടികള്‍ അരയും കച്ചയും മുറുക്കി രംഗത്തെത്തി കഴിഞ്ഞു. ദേശീയ വിഷയങ്ങള്‍ പ്രചാരണത്തിന് കൊഴുപ്പേകുമെങ്കിലും രാജസ്ഥാനിലെ കര്‍ഷക പ്രശ്‌നങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രചാരണ ആയുധം.

രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്

വിളകള്‍ക്ക് മികച്ച വില ലഭിക്കാതായതും കര്‍ഷക വിരുദ്ധ നയം സ്വീകരിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക മേഖലയുടെ നട്ടെല്ല് തകര്‍ത്തതായും രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു. സംസ്ഥാനത്ത് 150 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. എന്നാല്‍, കാര്‍ഷിക മേഖലയ്ക്ക് വേണ്ട പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരും സമരത്തിലാണ് എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും ഗൗരവമായി കാണുന്നില്ലത്രേ. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടബാധ്യത ഒഴിവാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം.

കാര്‍ഷിക മേഖലയെ തളര്‍ച്ചയില്‍ നിന്നും മുക്തമാക്കാന്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ലോണ്‍ ലഭ്യമാക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപി ദേശീയ നേതൃത്വവും ഭരണനേതൃത്വവും തമ്മിലുള്ള അസ്വാരസ്യം സംസ്ഥാനത്ത് പരസ്യമാണ്. . ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വളരെ അപൂര്‍വ്വമായേ ഇരുവരും വേദി പങ്കിടാറുള്ളൂ. രാജസ്ഥാനിലെ രാജ്‌സമന്ദിലെ ചര്‍ഭുജാനാഥില്‍ ഒരു കര്‍ഷക യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഏറ്റവുമൊടുവില്‍ ഇരുവരും വേദി പങ്കിട്ടത്. ബിജെപി ദേശീയ അധ്യക്ഷന്‍ പ്രസംഗത്തില്‍ ഏറെയും പരാമര്‍ശിക്കുന്നത് പശ്ചിമ ബംഗാളും ദേശീയ രാഷ്ട്രീയവുമാണ്. ഒരിക്കല്‍പ്പോലും രാജസ്ഥാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നാണ് ആരോപണം.

ദളിത് വോട്ടുകളിലാണ് ഇരുമുന്നണികളുടെയും കണ്ണ്. 2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യയില്‍ 18 ശതമാനം ദളിത് വോട്ടുകളാണ്. ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി പ്രവര്‍ത്തകര്‍ അവരുടെ വീടുകളില്‍ സന്ദര്‍ശനം ആരംഭിച്ചു കഴിഞ്ഞു. 2,000 ബൂത്ത് അംഗങ്ങളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. അംബേദ്കര്‍ സ്മാരക നിര്‍മാണം ബിജെപിയുടെ വികസന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ദളിതുകളെ സംരക്ഷിക്കുന്നില്ലെന്ന ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്.
34 മണ്ഡലങ്ങള്‍ ദളിത് സംവരണമാണ്. മുന്‍ തെരഞ്ഞെടുപ്പില്‍ 32 സീറ്റുകളിലും വിജയിക്കാന്‍ ബിജെപിക്കു കഴിഞ്ഞു. 2014ല്‍ സംവരണ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിജയം നേടി. എന്നാല്‍, സംസ്ഥാനത്ത് നടന്ന ദളിത് ആക്രമണങ്ങളും മറ്റും ഈ വിഭാഗം ബിജെപിയില്‍ നിന്നും അകലാന്‍ ഇടയായി. ഏപ്രില്‍ രണ്ടിന് ദളിത് നടത്തിയ ബന്ദില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.

രാജസ്ഥാനില കര്‍ഷക ആത്മഹത്യ, റഫാല്‍ ഇടപാട്, നോട്ട് നിരോധനം എന്നിങ്ങനെ നീളുന്നു കോണ്‍ഗ്രസിന്റെ പ്രചാരണ ആയുധങ്ങള്‍. നോട്ട് നിരോധനത്താല്‍ ദുരിതം പേറിയ സംസ്ഥാനമാണ് രാജസ്ഥാന്‍ എന്നതും പ്രചാരണത്തിന്റെ ശക്തിക്ക് ആക്കം കൂട്ടുന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അശോക് ഘെലോട്ട് എന്നിവരാണ് കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക.