Connect with us

Health

ക്ഷയരോഗ വിമുക്ത ഇന്ത്യക്കായുള്ള കോര്‍പ്പറേറ്റ് ടിബി പ്രതിജ്ഞയില്‍ ഒപ്പുവച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍

ക്ഷയാരോഗ നിര്‍മാര്‍ജനത്തിനായി എക്കാലവും മാതൃകാപരമായ ഇടപെടലാണ് ആസ്റ്റര്‍ നടത്തിയിട്ടുള്ളത് എന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

Published

on

2025 ഓടെ രാജ്യത്ത് ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നാഷണല്‍ ടിബി എലിമിനേഷന്‍ പ്രോഗ്രാമിന് പിന്തുണയുമായി മുന്‍ നിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ്. പദ്ധതിയിലേക്ക് സംഭാവന നല്‍കുന്നതുമായി ബന്ധപ്പെട്ട കോര്‍പ്പറേറ്റ് ടിബി പ്രതിജ്ഞയില്‍ ആസ്റ്റര്‍ ഗ്രൂപ്പ് ഒപ്പുവച്ചു. 2030 ലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് അഞ്ചു വര്‍ഷം മുമ്പ്, ക്ഷയരോഗം ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കപ്പെടണം എന്നാണ് ടിബി എലിമിനേഷന്‍ പ്രോഗ്രാമിലൂടെ പ്രധാനമന്ത്രി വിഭാവനം ചെയ്തിരിക്കുന്നത്.

ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആവശ്യമായ ചില സുപ്രധാന പദ്ധതികളുടെ പ്രഖ്യാപനവും, പ്രതിജ്ഞയില്‍ ഒപ്പുവച്ച ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ നടത്തി. കേരളത്തില്‍ പരിമിതമായ വൈദ്യസഹായം ലഭിക്കുന്ന മേഖലകളില്‍ രണ്ട് വര്‍ഷത്തെ കമ്മ്യൂണിറ്റി സ്‌ക്രീനിംഗ് പ്രോഗ്രാം നടത്തും. വയനാട്, ഇടുക്കി ജില്ലകളിലാണ് ഇതിന് തുടക്കം കുറിക്കുക. ആദിവാസി വിഭാഗത്തിലെ ജനങ്ങള്‍ക്ക് പ്രത്യേക മുന്‍ഗണന നല്‍കും. ഡിആര്‍-ടിബി രോഗികള്‍ക്ക് ഗുണമേന്മയുള്ള ആരോഗ്യപരിചരണം നല്‍കുന്നതിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സെന്ററില്‍ ഡിആര്‍-ടിബി ക്ലിനിക്കുകള്‍ ആരംഭിക്കുകയും ചെയ്യും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ ദൃശ്യ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ആനുകാലിക കമ്മ്യൂണിറ്റി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. അതോടൊപ്പം ദക്ഷിണേന്ത്യയിലുടനീളമുള്ള ആസ്റ്റര്‍ ഫാര്‍മസികള്‍ വഴി ടിബി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും.

ക്ഷയാരോഗ നിര്‍മാര്‍ജനത്തിനായി എക്കാലവും മാതൃകാപരമായ ഇടപെടലാണ് ആസ്റ്റര്‍ നടത്തിയിട്ടുള്ളത് എന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ലോകത്ത് പത്ത് ദശലക്ഷത്തില്‍ അധികം ആളുകളെ ബാധിക്കുകയും, വര്‍ഷത്തില്‍ ഒന്നര ദശലക്ഷത്തിലേറെ പേര്‍ മരണപ്പെടാന്‍ കാരണമാവുകയും ചെയ്യുന്ന മഹാമാരിയാണ് ടിബി. സമയബന്ധിതവും ഫലപ്രദവുമായ ചികിത്സയിലൂടെ ഇന്ന് രോഗമുക്തി സാധ്യമാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് ഇതിനെ കുറിച്ച് വേണ്ട അവബോധം ഇല്ലാത്തതും, മരുന്നുകളുടെ ലഭ്യതക്കുറവുമാണ് രോഗവ്യാപനം പൂര്‍ണമായി തടയുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ടിബി സ്റ്റെപ്സ് സെന്റര്‍ ഫോര്‍ ട്യൂബര്‍കുലോസിസ് മാനേജ്മെന്റ് എന്ന ഏകജാലക സംവിധാനത്തിലൂടെ ക്ഷയരോഗ ചികിത്സയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ സ്വകാര്യ ആശുപത്രികളിലൂടെ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച കോര്‍പ്പറേറ്റ് ടിബി പ്രതിജ്ഞയുമായി കൈകോര്‍ക്കുന്നതിലൂടെ, നിലവിലുള്ള ആസ്റ്റര്‍ സ്റ്റെപ്സ് സെന്ററുകളെ മാതൃകാ പഠന കേന്ദ്രങ്ങളാക്കി വികസിപ്പിക്കാനും, ഇന്ത്യയിലെ ക്ഷയരോഗ പരിചരണത്തിന്റെ നിലവാരം ഉയര്‍ത്താന്‍, കോര്‍പ്പറേറ്റ് ആശുപത്രികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘സ്റ്റെപ്സ് ഉച്ചക്കോടികള്‍’ സംഘടിപ്പിക്കാന്‍ ആസ്റ്റര്‍ പദ്ധതിയിടുന്നതായും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

2017 മുതല്‍ ക്ഷയരോഗ പരിപാലന രംഗത്ത് സജീവമായി ഇടപെടുന്ന സ്ഥാപനമാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഓഫ് ടിബി കെയറിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് രോഗികളെ പരിപാലിക്കുന്നതിനായി ടിബി മാനേജ്മെന്റ് സിസ്റ്റം (ആസ്റ്റര്‍ സ്റ്റെപ്‌സ് സെന്റര്‍) നടപ്പിലാക്കിയിരുന്നു. ടിബിയുമായി ബന്ധപ്പെട്ട മുഴുവന്‍ പൊതുജനാരോഗ്യ സൗകര്യങ്ങളും സ്വകാര്യ ആശുപത്രികളിലൂടെ എല്ലാവര്‍ക്കും ലഭ്യമാക്കുന്ന ഏകജാലക സംവിധാനമാണിത്.കോര്‍പ്പറേറ്റ് ടിബി പ്രതിജ്ഞയുമായി കൈകോര്‍ക്കുന്നതിലൂടെ, നിലവിലുള്ള ആസ്റ്റര്‍ സ്റ്റെപ്സ് സെന്ററുകളെ പഠന കേന്ദ്രങ്ങളായി വികസിപ്പിക്കാനും, ഇന്ത്യയിലെ ക്ഷയരോഗ പരിചരണത്തിന്റെ നിലവാരം ഉയര്‍ത്താന്‍ കോര്‍പ്പറേറ്റ് ആശുപത്രികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘സ്റ്റെപ്സ് സമ്മിറ്റുകള്‍’ നടത്താനും ആസ്റ്റര്‍ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്.

മനുഷ്യരാശിയെ നൂറ്റാണ്ടുകളായി അലട്ടുന്ന പകര്‍ച്ചവ്യാധിയെ ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കാനുളള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിലൂടെ, രാജ്യത്തോടുള്ള ആസ്റ്ററിന്റെ പ്രതിബദ്ധത വീണ്ടും ഊട്ടി ഉറപ്പിക്കുകയാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആന്‍ഡ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. അനുപ് ആര്‍ വാര്യര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ടിബി റിപ്പോര്‍ട്ട് അനുസരിച്ച്, 2020-ല്‍ ലോകത്ത് 9.9 ദശലക്ഷം ആളുകളാണ് ക്ഷയരോഗബാധിതരായത്. ആകെ രോഗികളുടെ 26 ശതമാനം പേരും ഇന്ത്യയിലാണ്. 2019-ല്‍ ആഗോളതലത്തില്‍ 1.4 ദശലക്ഷം മനുഷ്യരാണ് ടിബി മൂലം മരിച്ചത്. അതില്‍ 31 ശതമാനം മരണവും സംഭവിച്ചത് ഇന്ത്യയിലും.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റും സംയുക്തമായാണ് 2019-ല്‍ കോര്‍പ്പറേറ്റ് ടിബി പ്രതിജ്ഞ പദ്ധതി അവതരിപ്പിച്ചത്. ദി ഇന്റര്‍നാഷണല്‍ യൂണിയന്‍ എഗെയിന്‍സ്റ്റ് ടൂബര്‍കുലോസിസ് ആന്‍ഡ് ലങ് ഡിസീസസ് ആണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇന്ത്യയുടെ പിന്തുണയുള്ള iDEFEAT TB പ്രോജക്റ്റ് ആണിത്.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, ഇന്‍ഫെക്ഷ്യസ് ഡിസീസസ് & ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. അനുപ് ആര്‍ വാര്യര്‍, ആസ്റ്റര്‍ മിംസ് കോഴിക്കോട് പള്‍മണോളജി വിഭാഗം മേധാവി ഡോ. മധു കല്ലത്ത്, ആസ്റ്റര്‍ മിംസ് സിഒഒ ലുക്മാന്‍ പൊന്മാടത്ത്, കോഴിക്കോട് ഡിഎംഒ ഡോ. ഉമ്മര്‍ ഫറോക്ക്, ജില്ലാ ടിബി ഓഫീസര്‍ ഡോ. അനുരാധ ടി സി, സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്‌സ് സീനിയര്‍ അഡൈ്വസര്‍ അരവിന്ദ് കുമാര്‍, ഡോ. രാകേഷ് പി എസ്, യുഎസ്എഐഡി, ഇന്ത്യ, BH സെന്‍ട്രല്‍ ടിബി ഡിവിഷന്‍, ടിബി യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വൃക്കരോഗം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്

ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്.

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ കര്‍ഷകരില്‍ വൃക്കരോഗം ആശങ്കാജനകമായി വര്‍ധിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. പ്രശസ്ത മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്. മദ്രാസ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പഠനം 2023 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയത്. 125 ഗ്രാമങ്ങളിലെ 3350 കര്‍ഷക തൊഴിലാളികളുടെ വൃക്കകളുടെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ 17 ശതമാനം പേര്‍ക്ക് വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ആരോഗ്യപരിപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷം മൂന്ന് മാസത്തിന് ശേഷമുള്ള പുനര്‍പരിശോധനയില്‍ ഈ നിരക്ക് 5.31 ശതമാനമായി കുറഞ്ഞു. ഗണ്യമായ കാര്യം രോഗം കണ്ടെത്തിയവരില്‍ പകുതിയലധികം പേര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നില്ല എന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നതാണ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന അവയവമാറ്റ കമ്മിഷന്റെ സെക്രട്ടറി ഡോ.എന്‍. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. അത്യുഷ്ണമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഇഷ്ടിച്ചൂള തൊഴിലാളികള്‍, കീടനാശിനി തളിക്കുന്നവര്‍, ഉപ്പുനിര്‍മ്മാണ മേഖലയിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ അപകടം കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിവസേന കഠിന ചൂടില്‍ ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. (ഡീഹൈഡ്രേഷന്‍) വൃക്കകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകത്തതിനാല്‍ കര്‍ഷകര്‍ക്ക് അപകടം തിരിച്ചറിയാന്‍ വൈകുന്നു. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ മതിയായ വെള്ളം കുടിക്കുകയും, ചെറിയ അസ്വസ്ഥതകള്‍ കാണിച്ചാല്‍ ഉടന്‍ തന്നെ രക്ത പരിശോധന, യൂറിയ, ക്രിയാറ്റിന്‍, മൂത്ര പരിശോധന എന്നിവ നടത്തുകയും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേഷിക്കുന്നു. ചൂടും നിര്‍ജലീകരണവും ചേര്‍ന്നതാണ് കര്‍ഷകര്‍ക്കിടയിലെ വൃക്കരോഗ വര്‍ധനവിന് പ്രധാന കാരണമെന്ന് പഠനം വ്യകതമാക്കുന്നു.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.

Published

on

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Health

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം

രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

Published

on

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്‌ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്‌ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.

ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന്‍ ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്‌സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

Continue Reading

Trending