ഡല്‍ഹി: നിശ്ചിത സൗജന്യ ഇടപാടുകള്‍ക്ക് ശേഷം ഓരോ തവണയും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന സര്‍വീസ് ചാര്‍ജ് ഉയരും. ബാലന്‍സ് തിരയുന്നതിന് അടക്കമുള്ള ചാര്‍ജ് കൂട്ടാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. നിലവില്‍ സ്വന്തം ബാങ്കുകളുടെ എടിഎം മാസത്തില്‍ അഞ്ച് തവണ സൗജന്യമായി ഉപയോഗിക്കാം. മറ്റ് ബാങ്കുകളുടേത് മൂന്നും.

നിലവില്‍ ഓരോ മാസമുള്ള സൗജന്യ ഇടപാടുകള്‍ക്ക് ശേഷം ഓരോ തവണ പണം പിന്‍വലിക്കുന്നതിന് 20 രൂപയാണ് സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്. ഇത് 21 രൂപയായാണ് വര്‍ധിപ്പിച്ചത്. ജിഎസ്ടി അടക്കം ഇത് 24.78 രൂപയാകും. ഉയര്‍ന്ന ഇന്റര്‍ചെയ്ഞ്ച് ചാര്‍ജുകളും എടിഎം പ്രവര്‍ത്തന ചെലവും കണക്കിലെടുത്താണ് വര്‍ധന. അടുത്തവര്‍ഷം മുതല്‍ ഇത് നിലവില്‍ വരും.

ഏത് എടിഎമ്മില്‍ നിന്നും അക്കൗണ്ടുടമകള്‍ക്ക് പണം സ്വീകരിക്കാം. ഒപ്പം ബാലന്‍സ് തിരയുന്നതടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങളും നടത്താം. ഇങ്ങനെ സ്വന്തം ബാങ്കിന്റെ എ ടി എമ്മിലൂടെ അല്ലാതെ ഒരാള്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ അക്കൗണ്ടുടമയുടെ ബാങ്ക് എടിഎം ഉടമയായ ബാങ്കുകള്‍ക്ക് ചാര്‍ജ് നല്‍കണം. ഇതാണ് ഇന്റര്‍ചേയ്ഞ്ച് ഫീസ്.