തിരുവനന്തപുരം: സഹപ്രവര്‍ത്തകയായിരുന്ന മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര ടോക് ഷോയുടെ മുന്‍ പ്രൊഡ്യൂസറെ സി-ഡിറ്റില്‍ നിന്ന് പുറത്താക്കി.

നാം മുന്നോട്ട് എന്ന പരിപാടിയുടെ മുന്‍ പ്രൊഡ്യൂസര്‍ സ്പനേഷിനെതിരെയാണ് നടപടി. കഴിഞ്ഞ സെപ്തംബറിലാണ് സംഭവമുണ്ടായത്.

പീഡനശ്രമം പുറത്തുപറഞ്ഞാല്‍ ജോലി നഷ്ടപ്പെടുത്തുമെന്ന് കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി പറഞ്ഞു. അതിനാലാണ് ആദ്യം പരാതി നല്‍കാതിരുന്നത്.

ഭീഷണി തുടര്‍ന്നതിനാല്‍ ജനുവരിയില്‍ സി-ഡിറ്റ് ഡയറക്ടര്‍ മുമ്പാകെ യുവതി പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഇതുവരെയും നടപടിയുണ്ടായിട്ടില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. സംഭവം വാര്‍ത്തയായതോടെയാണ് സ്പനേഷിനെതിരെ നടപടിയെടുക്കാന്‍ സി-ഡിറ്റ് അധികൃതര്‍ തയാറായത്.