ഗസ്സ: ഫലസ്തീനികളെ കൂട്ടക്കുരുതി ചെയ്ത് വീണ്ടും ഇസ്രാഈല്‍ സൈന്യം. ഭൂ ദിനത്തില്‍ ഗസ്സ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തിയ നിരായുധരായ ഫലസ്തീനികള്‍ക്കു നേരെയാണ് ഇസ്രാഈല്‍ സൈന്യം അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി വെടിവെപ്പ് നടത്തിയത്. പത്ത് ഫലസ്തീനികള്‍ ഇസ്രാഈല്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടു. ആയിരത്തിലധികം ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ജബലിയ, ഉത്തര ഗസ്സ മുനമ്പ്, റഫ എന്നിവിടങ്ങളിലാണ് ഈസ്രാഈല്‍ സൈനിക നടപടിയുണ്ടായത്. അതേസമയം ഇസ്രാഈലില്‍ സൈന്യത്തിന്റെ ഭീഷണി അവഗണിച്ച് ഭൂ ദിനത്തില്‍ ആയിരക്കണക്കിന് ഫലസ്തീനികള്‍ ഗസ്സ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തി.
ഭൂ ദിനത്തിന്റെ 42-ാം വാര്‍ഷികാചരണ ഭാഗമായാണ് ഫലസ്തീന്‍ ജനത ഗസ്സ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. അഭയാര്‍ത്ഥികളായി കഴിയുന്ന പലസ്തീനികള്‍ക്ക് അധിനിവേശത്തിലൂടെ ഇസ്രാഈല്‍ കൈവശപ്പെടുത്തിയ ഭൂമിയിലേക്ക് പോകാന്‍ അവകാശമുണ്ടെന്ന് ആഹ്വാനം ചെയ്ത് 1976 മാര്‍ച്ച് 30ന് നടന്ന പ്രതിഷേധത്തില്‍ ആറ് ഫലസ്തീനികളെ ഇസ്രാഈല്‍ വെടിവെച്ചു കൊന്നിരുന്നു. ഈ ദിവസത്തിന്റെ ഓര്‍മ പുതുക്കിയാണ് എല്ലാ വര്‍ഷവും ഇതേ ദിനത്തില്‍ ഭൂ ദിനം ആചരിക്കുന്നത്. ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ എന്ന പേരിലാണ് ഇത്തവണ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഗാസ അതിര്‍ത്തിയില്‍ നിരവധി പ്രതീകാത്മക ടെന്റുകള്‍ ഉയര്‍ത്തിയിരുന്നു.
വെടിവെക്കാനുള്ള ഉത്തരവുമായി നൂറോളം സൈനികരെ ഗസ്സ അതിര്‍ത്തിയില്‍ വിന്യസിച്ചതായി ഇസ്രാഈല്‍ സൈനിക മേധാവി ഗാദി ഐദന്‍കോട്ട് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഈ ഭീഷണി അവഗണിച്ചാണ് ഫലസ്തീന്‍ ജനത അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഇസ്രാഈല്‍ സൈന്യം സ്ഥാപിച്ച മുള്ളുവേലികള്‍ക്ക് 700 മീറ്റര്‍ അകലെ വെച്ചുതന്നെ പ്രതിഷേധക്കാരെ സൈന്യം നേരിടുകയായിരുന്നു.
കിഴക്കന്‍ ജബലിയയിലുണ്ടായ വെടിവെപ്പില്‍ മുഹമ്മദ് നജ്ജാര്‍ (25) ആണ് കൊല്ലപ്പെട്ടത്. ഗസ്സ മുനമ്പിലെ റഫയിലുണ്ടായ വെടിവെപ്പില്‍ മുഹമ്മദ് മഅ്മൂര്‍ (38), മുഹമ്മദ് അബു ഒമര്‍ (22) എന്നിവരും കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. അഹമ്മദ് ഉദേഹ് (19), ജിഹാദ് ഫ്രനേഹ് (33), മുഹമ്മദ് ഷാദി റഹ്മി (33) എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. ഇവര്‍ക്കു പുറമെ പ്രതിഷേധ മാര്‍ച്ച് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഖാന്‍ യൂനിസില്‍ ഇസ്രാഈല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലും ഒരു ഫലസ്തീനി കൊല്ലപ്പെട്ടു. കൃഷിടിയത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഒമര്‍ സമൂര്‍ ആണ് കൊല്ലപ്പെട്ടത്. ഇസ്രാഈല്‍ സൈന്യം നടത്തിയ ടിയര്‍ ഗ്യാസ് പ്രയോഗത്തിലും വെടിവെപ്പിലും സ്‌ഫോടക വസ്തു പ്രയോഗത്തിലുമായി 550ലധികം പേര്‍ക്ക് പരിക്കേറ്റതായി റെഡ് ക്രസന്റ് വ്യക്തമാക്കി.
നിരായുധരായ ജനതക്കു നേരെ സൈനിക നടപടിയുണ്ടാകുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഫലസ്തീനികളുടെ നിയമ സഹായ വേദിയായ അദലാഹ് വ്യക്തമാക്കി. ഉത്തരവാദികളെ കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്നും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സംഘം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.