മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനവും മഴയെത്തിയപ്പോള്‍ പാകിസ്താന്‍ ഭേദപ്പെട്ട നിലയില്‍. മഴയെ തുടര്‍ന്ന് നേരത്തെ സ്റ്റംപെടുക്കുമ്പോള്‍ അസ്ഹര്‍ അലിയുടെ (139) സെഞ്ച്വറി മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 310 എന്ന നിലയിലാണ് സന്ദര്‍ശകര്‍. അസ്ഹര്‍ അലിയും മുഹമ്മദ് ആമിറു(28)മാണ് ക്രീസില്‍.
ഒന്നാം ദിനം നാലിന് 142 എന്ന നിലയിലായിരുന്ന പാകിസ്താന് ഇന്നലെ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം പുലര്‍ത്താനായി. കളി തുടങ്ങുമ്പോള്‍ ക്രീസിലുണ്ടായിരുന്ന അസ്ഹര്‍ അലിയും അസദ് ഷഫീഖും (50) അഞ്ചാം വിക്കറ്റില്‍ 115 റണ്‍സ് ചേര്‍ത്തു. അര്‍ധസെഞ്ച്വറി തികച്ചയുടനെ അസദ് ഷഫീഖിനെ ജാക്ക്‌സണ്‍ ബേര്‍ഡിന്റെ പന്തില്‍ സ്മിത്ത് ക്യാച്ചെടുത്തു പുറത്താക്കി. സര്‍ഫറാസ് അഹ്്മദിന് (10) ശോഭിക്കാനായില്ലെങ്കിലും മുഹമ്മദ് ആമിര്‍ അസ്ഹര്‍ അലിക്ക് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 42 റണ്‍സ് ചേര്‍ത്തു കഴിഞ്ഞു.ആദ്യ ദിനം 50.5 ഓവര്‍ പന്തെറിഞ്ഞെങ്കില്‍ ഇന്നലെ 50.3 ഓവറാണ് ആകെ പന്തെറിഞ്ഞത്. 218 പന്തില്‍ നിന്ന് അസ്ഹര്‍ അലി സെഞ്ച്വറി തികച്ചപ്പോള്‍ 119 പന്തില്‍ നിന്നായിരുന്നു ഷഫീഖിന്റെ അര്‍ധ സെഞ്ച്വറി. എട്ടാമനായിറങ്ങിയ മുഹമ്മദ് ആമിര്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനാണ് ശ്രമിച്ചത്. 23 പന്ത് നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടി.
മെല്‍ബണിലെ കാലാവസ്ഥയില്‍ ഇന്നും മഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് പൂര്‍ണമായി കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മത്സരം സമനിലയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.