സിഡ്‌നി: പാകിസ്താനെതിരായ നാലാം ഏകദിനത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയക്ക് 86 റണ്‍സിന്റെ വിജയം. ഡേവിഡ് വാര്‍നറിന്റെ സെഞ്ച്വറിയുടെ (130) പിന്‍ബലത്തില്‍ ഓസീസ് മുന്നോട്ടു വെച്ച 354 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 43.5 ഓവറില്‍ 267 റണ്‍സിന് പുറത്തായി. പരിക്കില്‍ നിന്നും മുക്തനായി തിരിച്ചെത്തിയ ക്യാപ്റ്റന്‍ അസ്ഹര്‍ അലി (07) ഒരിക്കല്‍ കൂടി പരാജയപ്പെട്ടു.

ഉമര്‍ അക്മലും (11) വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ് വാനും (10) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ ഓപണര്‍ ഷര്‍ജീല്‍ ഖാന്‍ (74), ബാബര്‍ അസം (31), മുഹമ്മദ് ഹഫീസ് (40), ഷുഹൈബ് മാലിക് (47) എന്നിവര്‍ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചെങ്കിലും ഓസീസിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ ഇതു മതിയായിരുന്നില്ല. ഓസീസിനു വേണ്ടി ഹാസല്‍ വുഡ്, സാംപ എന്നിവര്‍ മൂന്ന് വിക്കറ്റും ടിം ഹെഡ് രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസീസിനെ കൂറ്റന്‍ സ്‌കോറിലെത്താന്‍ പാക് ഫീല്‍ഡര്‍മാരാണ് ഏറെ സഹായിച്ചത്.

 

ഒന്നിനു പിറകെ ഒന്നായി എട്ടോളം ക്യാച്ചുകള്‍ നിലത്തിട്ട് ചോരുന്ന കൈകളുമായി സ്‌കൂള്‍ കുട്ടികളെ പോലും നാണിപ്പിക്കുന്ന ഫീല്‍ഡിങുമായി പാക് താരങ്ങള്‍ കളത്തില്‍ കളി മറന്നതോടെ 353 റണ്‍സാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചു കൂട്ടിയത്.  ഹസന്‍ അലി, ക്യാപ്റ്റന്‍ അസ്ഹര്‍ അലി, ഷര്‍ജീല്‍ ഖാന്‍ എന്നിവര്‍ ക്യാച്ച് വിടുന്നതിലും ഫീല്‍ഡിങ് പിഴവുകളിലൂടെ റണ്‍സ് വിട്ടു കൊടുക്കുന്നതിലും മത്സരിക്കുകയായിരുന്നു. 119 പന്തുകളില്‍ നിന്ന് 11 ബൗണ്ടറിയും രണ്ട് സിക്‌സ്‌റുകളുമടക്കം 130 റണ്‍സാണ് വാര്‍നര്‍ അടിച്ചു കൂട്ടിയത്.

 

കഴിഞ്ഞ 12 മാസത്തിനിടെ വാര്‍ണര്‍ നേടുന്ന എട്ടാം സെഞ്ച്വറിയാണിത്. ടെസ്റ്റിലും ഏകദിനത്തിലുമായി കളിച്ച കഴിഞ്ഞ പത്ത് ഇന്നിംഗ്‌സുകളില്‍ അഞ്ചിലും താരം ഇതിനോടകം സെഞ്ച്വറി നേടിക്കഴിഞ്ഞു. 44 പന്തില്‍ നിന്നും 78 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ് വെല്ലും, 36 പന്തില്‍ 51 റണ്‍സെടുത്ത ടിം ഹെഡും 49 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മിത്തും ആതിഥേയര്‍ക്കു വേണ്ടി മികവ് പ്രകടിപ്പിച്ചു. പാകിസ്താനു വേണ്ടി ഹസന്‍ അലി അഞ്ചു വിക്കറ്റ് വീഴ്ത്തി. വിജയത്തോടെ ഓസീസ് പരമ്പര സ്വന്തമാക്കി. അഞ്ചു മത്സര പരമ്പരയില്‍ ഓസീസ് 3-1ന് മുന്നിലാണ്. അവസാന മത്സരം 26ന് നടക്കും.