തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടന്ന നിലപാടിലുറച്ച് തിരുവിതാംകൂര്‍ രാജകുടുംബം. നിലവറ തുറക്കുന്നതിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് മുതിര്‍ന്ന രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പ്രതികരിച്ചു. മുമ്പ് നിരവധി തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന സുപ്രീംകോടതി വിലയിരുത്തല്‍ തെറ്റാണ്. ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് മുമ്പ് തുറന്നിട്ടുള്ളത്. ഈ ആന്റി ചേമ്പറിനെ ബി നിലവറയായി തെറ്റിദ്ധരിക്കുകയാണെന്ന് രാജകുടുംബം വാദിക്കുന്നു. നിലവറ തുറക്കുമ്പോള്‍ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ രാജകുടുംബം അതിന് ഉത്തരവാദികളായിരിക്കില്ലെന്ന് ഗൗരിലക്ഷ്മിഭായി പറഞ്ഞു.
ബി നിലവറ തുറക്കണമെന്നും നിലവറ തുറന്നാല്‍ ആറുടെയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീംകോടതി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ബി നിലവറ തുറക്കാന്‍ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.