Connect with us

kerala

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് കസ്റ്റംസില്‍ നിന്നും ദുരനുഭവം; സൈബര്‍ ആക്രമണം, പരാതി നല്‍കി പി കെ നവാസ്

Published

on

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. യുഎഇയിലെ കെഎംസിസി പരിപാടി കഴിഞ്ഞ് ഇന്ന് വൈകുന്നേരം കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നവാസിന് കസ്റ്റംസില്‍ നിന്ന് ദുരനുഭവമുണ്ടായത്.

റാസല്‍ഖൈമ – കാലിക്കറ്റ് എയര്‍അറേബ്യ ഫ്ളൈറ്റില്‍ നിന്നും പുറത്തിറങ്ങിയ നവാസ് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലെ കസ്റ്റംസിലേക്ക് പ്രവേശിച്ചയുടനെ പെട്ടെന്ന് രണ്ട് ആളുകള്‍ വന്ന് പേരും പാസ്സ്‌പോര്‍ട്ടും ചോദിച്ചെന്ന് പറയുന്നു. അവരുടെ കയ്യിലെഴുതിയ നമ്പറും നവാസിന്റെ പാസ്സ്‌പോര്‍ട്ട് നമ്പറും ഒത്ത് നോക്കി ചോദ്യങ്ങള്‍ ചോദിച്ചെന്നും വെയ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടന്നും നവാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

എവിടെ പോയതാണെന്നും എന്തിന് പോയതാണെന്നും ചോദിച്ച് നവാസിന്റെ കയ്യിലുണ്ടായിരുന്ന ഹാന്‍ഡ് ബാഗ് പരിശോധിച്ചെന്നും കുറിപ്പിലുണ്ട്. കാര്യമെന്താണെന്ന് ചോദിച്ചപ്പോള്‍ തര്‍ക്കമുണ്ടായെന്നും നവാസ് പറഞ്ഞു. തന്റെ ഡെസിഗ്‌നേഷന്‍ പറഞ്ഞപ്പോള്‍ പേരില്‍ ഒരു ഇന്‍ഫര്‍മേഷന്‍ വന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ മറുപടി. കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് കസ്റ്റംസില്‍ വരുന്ന ഇന്‍ഫൊര്‍മേഷനെ കുറിച്ച് മുന്‍ധാരണയുള്ള നവാസ് തന്റെ ബാഗ് പരിശോധിക്കാന്‍ സമ്മതം നല്‍കുകയായിരുന്നു.

കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ നവാസിന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അല്‍ റെസിന്റെ സന്ദേശം ലഭിച്ചു. ഇടത് പ്രൊഫൈലില്‍ നിന്ന് തന്റെ ഫോട്ടോയും മൂന്ന് സ്വര്‍ണ ഗോള്‍ഡ് ക്യാപ്‌സ്യൂളിന്റെ ഫോട്ടോയും വെച്ച് കടത്താരോപണത്തിന്റെ പോസ്റ്റ് വന്നിട്ടുണ്ടെന്നായിരുന്നു സന്ദേശം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ കഴിഞ്ഞ ശേഷം കമ്മ്യൂണിസ്റ്റ് സൈബര്‍ ആക്രമണം കൂടുതലാണെന്ന് പി കെ നവാസ് വ്യക്തമാക്കി. ഒരു വര്‍ഷം മുമ്പ് മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ പത്രസമ്മേളനം നടത്തിയതിന് ശേഷം തനിക്കെതിരെയുള്ള സകല കേസ് ഫയലും പോലീസ് തപ്പി നടക്കുകയാണെന്നും ഇപ്പോള്‍ കസ്റ്റംസും ഇറങ്ങിയിരിക്കുകയാണെന്നും നവാസ് പറഞ്ഞു. പിണറായി പോലീസ് ഭരിക്കുന്നത് ആര്‍എസ്എസ് ആയതുകൊണ്ട് കാര്യമില്ലെങ്കിലും സൈബര്‍ ആക്രമികള്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും പി കെ നവാസ് പറഞ്ഞു.

 

പി കെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

UAE യിലെ KMCC പരിപാടികള്‍ കഴിഞ്ഞ് ഇന്ന് വൈകുന്നേരമാണ് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ തിരിച്ചെത്തിയത്.
റാസല്‍ഖൈമ – കാലിക്കറ്റ് എയര്‍അറേബ്യ ഫ്ളൈറ്റില്‍ ആദ്യ റോ സീറ്റിയിലായിരുന്നു ഞാനിരുന്നത്. അത് കൊണ്ട് തന്നെ സ്വാഭാവികമായി ആദ്യം പുറത്ത് വന്നത് ഞാനായിരുന്നു.

കാലിക്കറ്റ് എയര്‍പ്പോര്‍ട്ടിലെ കസ്റ്റംസിലേക്ക് പ്രവേശിച്ചയുടനെ പെട്ടെന്ന് രണ്ടാളുകള്‍ വന്ന് പേര് ചോദിച്ചു; ഞാന്‍ പേര് പറഞ്ഞു. പാസ്സ്‌പോര്‍ട്ട് ചോദിച്ചു; പാസ്സ്‌പോര്‍ട്ട് കൊടുത്തു. പിന്നെ അവര്‍ കയ്യിലെഴുതിയ നമ്പറും എന്റെ പാസ്സ്‌പോര്‍ട്ട് നമ്പറും ഒത്ത് നോക്കി കുറച്ച് ചോദ്യങ്ങളായി, ഒന്ന് വെയ്റ്റ് ചെയ്യണമെന്നായി.
പിന്നീട് ചോദ്യ ശരങ്ങളായിരുന്നു,

എവിടെ പോയതാ..?? എന്തിന് പോയതാ..?? ഹാന്‍ഡ് ബാഗ് ഒന്ന് നോക്കട്ടെ..?? കാര്യമെന്താണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍; അവിടം തര്‍ക്കമായി. ഞാന്‍ ഡെസിഗ്‌നേഷന്‍ പറഞ്ഞപ്പോ, അവര്‍ക്ക് തിരിഞ്ഞ് കളിയായി.
പിന്നീട് അതില്‍ ഒരാള്‍ പറഞ്ഞു; നിങ്ങളുടെ പേരില്‍ ഒരു ഇന്‍ഫര്‍മേഷന്‍ വന്നിട്ടുണ്ട്.. ഒന്ന് ചെക്ക് ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ എന്നായി. കാലിക്കറ്റ് എയര്‍പ്പോര്‍ട്ട് കസ്റ്റംസില്‍ വരുന്ന ഇന്‍ഫൊര്‍മേഷനെ കുറിച്ച് മുന്‍ധാരണ ഉള്ളതിനാല്‍, ചെക്ക് ചെയ്യാന്‍ ഞാനും പറഞ്ഞു.

കസ്റ്റംസിന്റെ സകല പരിശോധനയും കഴിഞ്ഞ് ‘എന്താപ്പം ഇങ്ങനെ’ എന്നാലോചിച്ച് പുറത്തിറങ്ങിയപ്പോഴാണ് msf സംസ്ഥാന സെക്രട്ടറി അല്‍ റെസിന്റെ ഒരു മെസേജ്. ഇടത് പ്രൊഫൈലില്‍ നിന്ന് എന്റെ ഫോട്ടോയും മൂന്ന് സ്വര്‍ണ ഗോള്‍ഡ് ക്യാപ്‌സ്യൂളിന്റെ ഫോട്ടോയും വെച്ച് കടത്താരോപണത്തിന്റെ പോസ്റ്റ് വന്നിട്ടുണ്ടെന്ന്..!
ഇപ്പൊ കാര്യങ്ങള്‍ ഏകദേശം റെഡിയായി വരുന്നുണ്ട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ കഴിഞ്ഞ ശേഷം കമ്മ്യൂണിസ്റ്റ് സൈബര്‍ വെട്ട് കിളികളുടെ ശല്യം കുറച്ച് കൂടുതലാണ്.

വെട്ടുക്കിളി സഖാക്കളോടാണ്.. ഒരു വര്‍ഷം മുമ്പ് മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ പത്രസമ്മേളനം നടത്തിയതിന് ശേഷം എനിക്കെതിരെയുള്ള സകല കേസ് ഫയലും പോലീസ് ഏമാന്മാര്‍ തപ്പി നോക്കിയിട്ട് ഒന്നും കിട്ടാതെ വിട്ട കേസാ.. ഇപ്പൊ ദാ കസ്റ്റംസും..! പിണറായി പോലീസ് ഭരിക്കുന്നത് RSS ആയത് കൊണ്ട് കാര്യമായൊരു കാര്യമില്ലെന്നറിയാം, എന്നാലും സൈബര്‍ വെട്ടുകിളികള്‍ക്കെതിരെ ഒരു പരാതി കൊടുത്തിടുന്നുണ്ട്.

_പികെ നവാസ്_

 

 

kerala

എറണാകുളത്ത് വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

എറണാകുളം പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

Published

on

എറണാകുളം പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. വീട് കയറിയുള്ള ഭീഷണിയാണ് മരണത്തിന് കാരണമെന്ന് എഴുതി വച്ച ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. പണം പലിശക്ക് നല്‍കിയ മുന്‍ പോലീസ് ഉദ്യോഗസ്ഥന് എതിരെയാണ് ആരോപണം.

2022 ല്‍ കോട്ടുവള്ളി സ്വദേശിയായ മുന്‍ പൊലീസുക്കാരനില്‍ നിന്ന് പല തവണയായി 10 ലക്ഷം രൂപ വാങ്ങിയെന്നും മുതലും പലിശയും നല്‍കിയിട്ടും ഭീഷണി തുടര്‍ന്നിരുന്നു. വീട്ടുക്കാര്‍ പോലീസില്‍ പരാധി നല്‍കിയിട്ടും തുടര്‍ന്നും ഭീഷണി നടത്തിയെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
മരണത്തിന് കാരണക്കാരായവരുടെ പേരുകള്‍ കത്തില്‍ പരമാര്‍ശിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കടുത്ത സമ്മര്‍ദം നേരിട്ടിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ആരോപണ വിധേയനായ മുന്‍ പൊലീസുക്കാരന്റെ മൊഴികൂടി രേഖപ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 440 രൂപ കുറഞ്ഞു

ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണവില. റഷ്യയും ഉക്രെയ്നും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ സ്വര്‍ണ വില വീണ്ടും കുറയാന്‍ സാധ്യതയുണ്ട്.

ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 9235 രൂപയും പവന് 73,880 രൂപയുമായിരുന്നു ഇന്നലത്തെ വില. ആഗസ്റ്റ് എട്ടിന് റെക്കോഡ് വിലയായ 75,760 രൂപയില്‍ എത്തിയ ശേഷം 12 ദിവസമായി വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 7585 രൂപക്കാണ് വ്യാപാരം നടക്കുന്നത്.

Continue Reading

kerala

പാലക്കാട് യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി

പ്രതി മൂങ്കില്‍മട സ്വദേശി ആറുച്ചാമിയെ പൊലീസ് പിടികൂടി.

Published

on

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി. കരംപ്പൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. പ്രതി മൂങ്കില്‍മട സ്വദേശി ആറുച്ചാമിയെ പൊലീസ് പിടികൂടി.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ അര്‍ധരാത്രിയോടെയാണ് പിടികൂടിയത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് നിഗമനം.

Continue Reading

Trending